നടന്‍ ഗൗതം കാര്‍ത്തിക്കുമായി പ്രണയത്തിലാണെന്ന് നടി മഞ്ജിമ മോഹന്‍

നടന്‍ ഗൗതം കാര്‍ത്തിക്കുമായി പ്രണയത്തിലാണെന്നും വിവാഹം കഴിക്കുമെന്നും  നടി മഞ്ജിമ മോഹന്‍. ഗോസിപ്പ് കോളങ്ങളിലൂടെ നേരത്തെ പ്രണയവാര്‍ത്ത പ്രചരിച്ചപ്പോള്‍ മഞ്ജിമ അത് നിഷേധിച്ചിരുന്നു. ഗൗതം മൗനം പാലിക്കുകയും ചെയ്തു. പക്ഷേ  ഇരുവരും ഒരുമിച്ചുതന്നെ ഈ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍ കാവല്‍ മാലാഖയായി വന്ന ആളാണ് ഗൗതമെന്നും ആ ബന്ധം തന്റെ കാഴ്ചപ്പാടുകളെല്ലാം മാറ്റിമറിച്ചെന്നും മഞ്ജിമ പറയുന്നു. മഞ്ജിമയുമായുള്ള പ്രണയം ഗൗതവും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

ബാലതാരമായി അഭിനയരംഗത്ത് സജീവമായി പിന്നീട് നായികയായും തിളങ്ങിയ മഞ്ജിമ മോഹന്‍ പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളാണ്. കളിയൂഞ്ഞാല്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് തുടക്കം. മയില്‍പ്പീലിക്കാവ്, സാഫല്യം, പ്രിയം തുടങ്ങിയ സിനിമകളിലെ മഞ്ജിമയുടെ പ്രകടനം ഏറെ ശ്രദ്ധനേടി. അതിനു ശേഷം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു മഞ്ജിമ.

പിന്നീട് 2015 ല്‍ നായികയായിട്ടായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. ജി. പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെ നിവിന്‍ പോളിയുടെ നായികയായി എത്തി. ഇപ്പോള്‍ തമിഴിലും തെലുങ്കിലും സജീവമാണ് മഞ്ജിമ.

നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം കാര്‍ത്തിക്. പഴയകാല നടന്‍ മുത്തുരാമന്റെ ചെറുമകന്‍ കൂടിയാണ്. മണിരത്‌നം ചിത്രം കടലിലൂടെയായിരുന്നു അരങ്ങേറ്റം. എ.ആര്‍. മുരുഗദോസ് നിര്‍മിക്കുന്ന ഓഗസ്റ്റ് 16 1947 ആണ് പുതിയ പ്രോജക്ട്.

 

Latest News