ദുബായ്- ആയിരക്കണക്കിന് ഉപയോക്താക്കളുടെ ഇന്‍സ്റ്റാഗ്രാം പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. തങ്ങളുടെ അക്കൗണ്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെക്കുറിച്ച് സോഷ്യല്‍ മീഡിയ സൈറ്റായ ട്വിറ്ററിലൂടെ ഉപഭോക്താക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.
ആഗോളതലത്തില്‍ നൂറുകണക്കിന് ഉപയോക്താക്കള്‍ക്ക് തടസ്സം നേരിട്ടു. യു.എ.ഇയിലെ ചില ഉപയോക്താക്കള്‍ക്കും അവരുടെ അക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യുമ്പോള്‍ 'തടസ്സങ്ങള്‍' അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സേവനത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് ഇന്‍സ്റ്റാഗ്രാം സ്ഥിരീകരിച്ചു. 'നിങ്ങളില്‍ ചിലര്‍ക്ക് നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ അത് പരിശോധിക്കുകയും അസൗകര്യത്തില്‍ ക്ഷമ ചോദിക്കുകയും ചെയ്യുന്നു.-ട്വിറ്ററില്‍ അവര്‍ പറഞ്ഞു.
ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒക്ടോബര്‍ 31 ന് അക്കൗണ്ടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും തീരുമാനത്തോട് വിയോജിക്കാന്‍ 30 ദിവസത്തെ സമയമുണ്ടെന്നുമുള്ള സന്ദേശമാണ് ആളുകള്‍ക്ക് കിട്ടുന്നത്.
ഇന്ന് ഉച്ചയോടെയാണ് അലേര്‍ട്ടിന്റെ നിരവധി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 'തീരുമാനത്തോട്' വിയോജിക്കാനുള്ള ശ്രമം പക്ഷെ പരാജയപ്പെടുകയാണ്. സിസ്റ്റം സ്വയമേവ അഭ്യര്‍ത്ഥന നിരസിക്കുകയും അക്കൗണ്ട് ഉടനടി താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്യുന്നു.