ചോക്കലേറ്റ് മോഷ്ടിക്കുന്ന വീഡിയോ ഷോപ്പിംഗ് മാളുകാര്‍ വൈറലാക്കി, കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കി

കൊല്‍ക്കത്ത- ഷോപ്പിങ് മാളില്‍നിന്ന് ചോക്കലേറ്റ് മോഷ്ടിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ കോളേജ് വിദ്യാര്‍ഥിനി ജീവനൊടുക്കി. മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആലിപുര്‍ദ്വാര്‍ ജില്ലയിലെ ജയ്ഗാവ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

സെപ്റ്റംബര്‍ 29ന് സഹോദരിയോടൊപ്പം പെണ്‍കുട്ടി സമീപത്തെ ഷോപ്പിങ് മാളില്‍ പോയിരുന്നു. അവിടെനിന്ന് ചോക്കലേറ്റ് മോഷ്ടിച്ച് പുറത്തിറങ്ങുന്നതിനിടെ പിടിയിലായി. തുടര്‍ന്ന് പെണ്‍കുട്ടി ചോക്കലേറ്റിന്റെ പണം നല്‍കുകയും കടയുടമകളോട് മാപ്പ് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ കടയിലെ ആളുകള്‍ സംഭവത്തിന്റെ മുഴുവന്‍ദൃശ്യങ്ങളും പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഈ ദൃശ്യങ്ങള്‍ വൈറലായെന്നും ഇതിലുള്ള നാണക്കേട് കാരണമാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

പെണ്‍കുട്ടി ജീവനൊടുക്കിയതിന് പിന്നാലെ പ്രദേശവാസികള്‍ ഷോപ്പിങ് മാളിനു പുറത്ത് പ്രതിഷേധിച്ചു. വീഡിയോ ചിത്രീകരിച്ച് ഓണ്‍ലൈനില്‍ പങ്കുവെച്ചവര്‍ക്കതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

 

Latest News