ശീലമായിപ്പോയി സര്‍, മോഷ്ടിക്കാതിരിക്കാന്‍ പറ്റുന്നില്ല; ഒടുവില്‍ കള്ളനോട് കനിഞ്ഞ് കോടതി

ദുബായ്- ബൈക്കുകള്‍ മോഷ്ടിക്കുന്നത് ശീലമാക്കിയ പ്രതിക്ക് മാപ്പ് നല്‍കി ദുബായ് ക്രിമിനല്‍ കോടതി. ഡെലിവറി ബൈക്കുകളാണ് ഇയാള്‍ മോഷ്ടിക്കുക. താമസ സ്ഥലത്തിന് താഴെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കാണാനില്ലെന്ന പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രതിയെ പിടികൂടുകയും ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് ഇയാള്‍ നേരത്തെ ഇത്തരം കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണെന്ന് മനസ്സിലായത്.

ജയിലില്‍നിന്ന് ഇറങ്ങിയാലുടന്‍ വീണ്ടും ബൈക്ക് മോഷ്ടിക്കുകയാണ് ഇയാളുടെ പരിപാടി. എന്താണ് ഇങ്ങനെ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന ചോദ്യത്തിന് മോഷ്ടാവ് നല്‍കിയ മറുപടി കൗതുകകരമായിരുന്നു. തനിക്ക് ആഗ്രഹമുണ്ടായിട്ടല്ല മോഷ്ടിക്കുന്നതെന്നും അറിയാതെ മോഷ്ടിച്ചുപോകുന്നതാണെന്നും ഇയാള്‍ പറഞ്ഞു. ബൈക്ക് കണ്ടാല്‍പിന്നെ മോഷ്ടിക്കാതിരിക്കാനാവുന്നില്ല. ശീലം മാറ്റാനാവുന്നില്ലെന്നും കോടതിയോട് ഇയാള്‍ പറഞ്ഞു.

തുടര്‍ന്ന് അവസാനം മോഷ്ടിച്ച ബൈക്കിന്റെ വിലയായ 6700 ദിര്‍ഹം മാത്രം പിഴ ചുമത്തി ഇയാളെ കോടതി വിട്ടയക്കുകയായിരുന്നു.

 

Latest News