കുരങ്ങുകളുടെ ആക്രമണത്തില്‍ സൗദി വൃദ്ധന് പരിക്ക്; കുരങ്ങിനെ പിടിച്ചുകെട്ടി മക്കൾ

അല്‍ബാഹ - അല്‍ബാഹ പ്രവിശ്യയില്‍ പെട്ട അല്‍മഖ്‌വായിലെ അല്‍മുഖശഅ് ഗ്രാമത്തില്‍ ബബൂണ്‍ ഇനത്തില്‍ പെട്ട കുരങ്ങുകളുടെ ആക്രമണത്തില്‍ സൗദി വൃദ്ധന് പരിക്ക്.  ആട്ടിന്‍ പറ്റത്തിന് തീറ്റ കൊടുക്കാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ നേരത്താണ് വൃദ്ധനെ കുരങ്ങുകള്‍ ആക്രമിച്ചത്. ആടുകള്‍ക്ക് കൊടുക്കാനുള്ള ഒരു ചാക്ക് പഴയ ഉണക്ക റൊട്ടിയുമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ശൈനാന്‍ മുഹമ്മദ് അവദ് അല്‍ഈസയെ വീടിന്റെ ചുറ്റുമതിലില്‍ ഇരിക്കുകയായിരുന്ന വാരന്മാര്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.
കൈയില്‍ റൊട്ടി ചാക്ക് കണ്ടതാണ് വൃദ്ധനെ ആക്രമിക്കാന്‍ കാരണം. കൂട്ടത്തില്‍ ഒരു കുരങ്ങ് ഇദ്ദേഹത്തിന്റെ കൈയില്‍ മുറുകെ കടിച്ചു. കിണഞ്ഞുശ്രമിച്ചിട്ടും കുരങ്ങിനെ വേര്‍പ്പെടുത്താന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. മക്കള്‍ ഓടിയെത്തി മുട്ടന്‍ വടി ഉപയോഗിച്ച് അടിച്ചുതള്ളിയിട്ടാണ് കുരങ്ങിന്റെ വായില്‍നിന്ന് ശൈനാന്‍ അല്‍ഈസയുടെ കൈ വേര്‍പ്പെടുത്തിയത്. എല്ലാവരും ചേര്‍ന്ന് ഈ കുരങ്ങിനെ പിടികൂടി തൂണില്‍ കെട്ടിയിട്ടു.

വാർത്തകൾക്കും വിശകലനങ്ങൾക്കും മലയാളം ന്യൂസ് യുട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക

ശൈനാന്‍ അല്‍ഈസ അല്‍മഖ്‌വാ ആശുപത്രിയിലെത്തി ചികിത്സ തേടി. പ്രദേശവാസികളുടെ വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നേരെ വാനരന്മാര്‍ പതിവായി ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഈ പ്രശ്‌നത്തിന് അന്ത്യമുണ്ടാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇടപെടണം. ഇത് ആദ്യമായല്ല പ്രദേശവാസികളെ കുരങ്ങുകള്‍ ആക്രമിക്കുന്നതെന്നും ശൈനാന്‍ അല്‍ഈസ പറഞ്ഞു.

 

 

Latest News