ചിത്രദുര്‍ഗ- കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ ഭഗത് സിങ്ങിന്റെ വധശിക്ഷയുടെ രംഗം റിഹേഴ്‌സല്‍ ചെയ്യുന്നതിനിടെ 12 വയസ്സുകാരന്‍ അബദ്ധത്തില്‍ തൂങ്ങിമരിച്ചു.
ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ സഞ്ജയ് ഗൗഡക്കാണ് ദാരുണാന്ത്യം. നാളെ നവംബര്‍ ഒന്നിന് കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് സ്‌കൂള്‍ പരിപാടിക്കായി റിഹേഴ്‌സല്‍ ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ മാതാപിതാക്കള്‍ ജോലിസ്ഥലത്തായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
റിഹേഴ്‌സലിനായി കുട്ടി ഒരു കയര്‍ എടുത്ത് മുറിയിലെ ഫാനില്‍ കെട്ടിയതായി പോലീസ് പറഞ്ഞു. കമ്പിളി തൊപ്പി കൊണ്ട് തല മറച്ച് കഴുത്തില്‍ കുരുക്ക് മുറുക്കി. കട്ടിലില്‍ നിന്ന് ചാടി മിനിറ്റുകള്‍ക്കുള്ളില്‍ മരിച്ചുവെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മാതാപിതാക്കള്‍ വീട്ടില്‍ മടങ്ങി എത്തിയതിനു ശേഷമാണ് മകനെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആണ്‍കുട്ടികള്‍ സ്‌കൂളില്‍ ഇതേ നാടകം പരിശീലിച്ചിരുന്നുവെങ്കിലും ഒരിക്കലും സ്റ്റൂള്‍ ഉപയോഗിച്ചിരുന്നില്ലെന്നും മറ്റൊരു കുട്ടിയുടെ രക്ഷിതാവായ സുന്ദര്‍ രാജ് പറഞ്ഞു, ഇദ്ദേഹത്തിന്റെ മകന്‍ ഇതേ സ്‌കൂളിലാണ് പഠിക്കുന്നത്.






