ന്യൂദല്‍ഹി- ബലാത്സംഗ കേസുകളില്‍ രണ്ട് വിരല്‍ പരിശോധന നിരോധിച്ച് സുപ്രീം കോടതി. അതിജീവിതമാരെ വീണ്ടും ഇരകളാക്കുന്നതാണ് രണ്ട് വിരല്‍ പരിശോധനയെന്നും കോടതി നിരീക്ഷിച്ചു.
ശാസ്ത്രീയ അടിത്തറയില്ലാത്ത പരിശോധനയാണിതെന്ന് വ്യക്തമാക്കിയ കോടതി മെഡിക്കല്‍ കോളേജുകളിലെ പാഠ്യപദ്ധതിയില്‍നിന്ന് ഇത് നീക്കണമെന്ന നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്,ഹിമ കോഹ് ലി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ബലാത്സംഗ കേസുകളില്‍ അതിജീവിതയുടെ ലൈംഗികാവയവത്തിനകത്ത് വിരല്‍ കയറ്റി മസിലുകളുടെ ബലം പരിശോധിച്ച് കന്യകാത്വം ഉറപ്പിക്കുന്നതാണ് രണ്ടുവിരല്‍ പരിശോധന. തികച്ചു അശാസ്ത്രീയമായ ഈ പരിശോധന ഇപ്പോഴും നടക്കുന്നത് ഖേദകരമാണെന്നും കോടതി നിരീക്ഷിച്ചു.
അതിജീവിത മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടോ എന്നത് ബലാത്സംഗം കേസില്‍ പ്രസക്തമല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. രണ്ട് വിരല്‍ പരിശോധന നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.






