മോഡിജീ ഇന്ധന വിലയെ കുറിച്ച് സംസാരിക്കൂ- രാഹുല്‍ ഗാന്ധി

ഷാദ്‌നഗര്‍-രാജ്യത്തെ വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി എന്തുകൊണ്ട് സുപ്രധാന പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.  
ഗ്യാസ് സിലിണ്ടറിന്റെ വില ഇപ്പോള്‍ 1000 രൂപയാണ്. പെട്രോള്‍ വില 70 രൂപയാണെന്നാണ് മോഡി പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ പെട്രോള്‍ വില 100 രൂപ കടന്നിരിക്കുന്നു. ഡീസലിന് 56 രൂപയാണെന്ന് എന്ന് നരേന്ദ്ര മോഡി എല്ലാ പ്രസംഗങ്ങളിലും പരാമര്‍ശിക്കാറുണ്ട്. ഇപ്പോള്‍ അത് 100 രൂപയായി. എന്നാല്‍ നരേന്ദ്ര മോഡി അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല- രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ബിജെപിയും ടിആര്‍എസും ഒരുപോലെ  ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ യാത്രയില്‍ ജനങ്ങളുടെ ആശങ്കകളാണ് കേള്‍ക്കുന്നത്.  
ഗോവയിലും മറ്റ് സംസ്ഥാനങ്ങളിലും പണത്തിന്റെ ശക്തി ഉപയോഗിച്ചാണ് ബിജെപി സര്‍ക്കാരുകളെ അട്ടിമറിച്ചതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
ബി.ജെ.പിയും ടി.ആര്‍.എസും ഒരുപോലെയാണെന്നും തെരഞ്ഞെടുപ്പുകാലത്ത് നാടകം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ രണ്ടു പാര്‍ട്ടികളും നൂറുകണക്കിനു കോടികള്‍ ചെലവഴിക്കുന്നുണ്ടെന്നും  രാഹുല്‍ കുറ്റപ്പെടുത്തി.
തന്റെ മൂന്നോ നാലോ വ്യവസായി സുഹൃത്തുക്കള്‍ക്ക് എല്ലാ ബിസിനസും ലഭിക്കുന്നുണ്ടെന്ന് മോഡി ഉറപ്പാക്കുന്നു. കാശ്മീരില്‍ തന്റെ യാത്രയെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും സര്‍വ്വകലാശാലകളും സ്വകാര്യവല്‍ക്കരിക്കുകയാണെന്ന് തെലങ്കാന വിദ്യാര്‍ത്ഥികള്‍ തന്നെ അറിയിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് ഇവിടെ അധികാരത്തില്‍ വന്നാല്‍ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുമെന്നും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൂടുതല്‍ ഫണ്ട് എത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.

 

Latest News