റിയാദ്- ധനകാര്യ സ്ഥാപനത്തിന്റെ പ്രതിനിധികളെന്ന പേരില്‍ ഉപഭോക്താക്കളെ മൊബൈലില്‍ വിളിച്ച് വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് ബാങ്കുകളിലെ പണം തട്ടുന്ന ഏഴംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഒരു സൗദി പൗരനും ആറു ഏഷ്യന്‍ വംശജരുമാണ് പിടിയിലായവര്‍. രണ്ടായിരത്തോളം വിരലടയാളങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെത്തി.
സൗദി പൗരന്‍ ടെലികോം മേഖലയില്‍ ബിസിനസ് നടത്തുന്നതിനായി വാണിജ്യ മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് എടുക്കും. പിടിയിലായ വിദേശികള്‍ ഇതുവഴി വ്യക്തികള്‍ അറിയാതെ അവരുടെ വിരലടയാളം ഉപയോഗിച്ച് മൊബൈല്‍ സിമ്മുകള്‍ എടുക്കുകയും ഈ സിമ്മുകള്‍ ഉപയോഗിച്ച് ബാങ്കുകളില്‍ നിന്നാണെന്ന പേരില്‍ ആളുകളെ വിളിച്ച് വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ച് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടുകയും ചെയ്യും. ഇവരുടെ കൈവശമുള്ള വിരലടയാളങ്ങള്‍ പേപ്പറുകളില്‍ പ്രിന്റ് ചെയ്തത് സൂക്ഷിച്ചിരിക്കുകയാണ്. അവശ്യസമയത്ത് ഇവ വിരലടയാള ഉപകരണത്തില്‍ റീഡ് ചെയ്ത് സിമ്മുകള്‍ എടുക്കും. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.






