ന്യൂദൽഹി - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടിയുടെ കൈപിടിച്ച ചിത്രം മോശം കമന്റോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ബി.ജെ.പി വനിതാ നേതാവ് പ്രീതി ഗാന്ധിക്ക് ചുട്ട മറുപടിയുമായി നടി പൂനം കൗർ. തെലങ്കാനയിലെ ഭാരത് ജോഡോ യാത്രയ്ക്കിടെയുള്ള ചിത്രം 'രാഹുൽ ഗാന്ധി തന്റെ മുത്തച്ഛന്റെ പാത പിന്തുടരുകയാണ്' എന്ന പരിഹാസത്തോടെയാണ് ഇവർ ട്വീറ്റിയത്. ഇത് ബി.ജെ.പി പ്രൊഫൈലുകൾ ഏറ്റുപിടിച്ചതോടെയാണ് നടി രംഗത്തെത്തിയത്.
ബി.ജെ.പി നേതാവിന്റെ ട്വീറ്റ് തീർത്തും അപകീർത്തികരമാണെന്ന് നടി പൂനം കൗർ പ്രതികരിച്ചു. താൻ നടക്കുന്നതിനിടയിൽ വീഴാൻ പോയപ്പോഴാണ് രാഹുൽ ഗാന്ധി തന്റെ കൈപിടിച്ചതെന്നും പ്രധാനമന്ത്രി നാരീശക്തിയെ കുറിച്ച് പറഞ്ഞത് ബി.ജെ.പി നേതാവ് ഓർക്കുന്നത് നന്നായിരിക്കുമെന്നും പൂനം ഓർമിപ്പിച്ചു. മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേശും ബി.ജെ.പി വനിതാ നേതാവിനെതിരെ രംഗത്തെത്തി. പ്രീതിയുടേത് വികൃതമായ മനസാണെന്നായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്. ശരിയാണ്, രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ മുത്തച്ഛന്റെ പാത പിന്തുടരുകയാണെന്നും രാജ്യത്തെ ഒന്നിപ്പിക്കുകയാണെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ഷിൻഡെ പ്രതികരിച്ചു. നിങ്ങൾക്ക് അടിയന്തരമായി ചികിത്സ വേണ്ടതുണ്ടെന്നും സുപ്രിയ ബി.ജെ.പി നേതാവിനോടായി പറഞ്ഞു. സ്ത്രീകളെ അടിച്ചമർത്തുന്ന പ്രത്യയ ശാസ്ത്രത്തിന്റെ ഇരയാണ് പ്രീതി ഗാന്ധിയെന്ന് കോൺഗ്രസ് നേതാവ് ജ്യോതി മണി എം.പി കുറിച്ചു. നിങ്ങളെപ്പോലുള്ളവരുടെ മനസിൽ ആഴത്തിൽ വേരൂന്നിയ വിദ്വേഷത്തിൽ നിന്ന് നാടിനെ രക്ഷിക്കാനാണ് രാഹുൽ ഗാന്ധി നടക്കുന്നതെന്നും ഞങ്ങളോടൊപ്പം അൽപ്പം നടന്നാൽ നിങ്ങൾക്ക് അൽപമെങ്കിലും ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ബി.ജെ.പി നേതാവിനെതിരെ ശിവസേനാ നേതാവ് പ്രിയങ്ക ചതുർവേദിയും രംഗത്തെത്തി. 'രാഷ്ട്രത്തെ ശക്തിപ്പെടുത്താനും മുന്നോട്ട് കൊണ്ടുപോകാനും സ്ത്രീകളും പുരുഷന്മാരുമായി തോളോട് തോൾ ചേർന്ന് നടക്കുന്നതിനെ കുറിച്ചാണോ നിങ്ങൾ ഉദ്ദേശിച്ചത്? അങ്ങനെയാണെങ്കിൽ പണ്ഡിറ്റ് നെഹ്‌റുവിന്റെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാത്രമല്ല അത് ബാബാസാഹബ് അംബേദ്കറുടെയും സ്വാതന്ത്ര്യസമര സേനാനികളുടെയും തുല്യ ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കാരത്തിനും എതിരാണത്. ദയവ് ചെയ്ത് അവിടെ പോയി ഇരിക്കൂവെന്ന് പ്രിയങ്ക ചതുർവേദി പ്രതികരിച്ചു.






