Sorry, you need to enable JavaScript to visit this website.

നെഗറ്റീവ് പബ്ലിസിറ്റി ഗുണമായി,  ആഭാസത്തിന് മികച്ച തുടക്കം 

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി നവാഗതനായ ജുബിത്ത് നമ്രാഡത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആഭാസം. ഈ വര്‍ഷാദ്യം എ.ബി.വി.പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ആക്ഷേപ ഹാസ്യ രൂപത്തില്‍ അണിയിച്ചൊരുക്കിയ ആഭാസത്തില്‍ റിമ കല്ലിങ്കലാണ് സുരാജിന്റെ നായിക.  സ്‌പെയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കാത്തിരിപ്പിനൊടുവില്‍ വെള്ളിയാഴ്ചയാണ് ആഭാസം തിയ്യേറ്ററുകളിലെത്തിയന്നത്.ഒരു ബസും അതിലെ യാത്രക്കാരും യാത്രയ്ക്കിടെ അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളെയും ഹാസ്യവല്‍ക്കരിച്ചുകൊണ്ടാണ് ചിത്രം ഒരുക്കിയിരുന്നത്. 
സിനിമയില്‍ ഇന്ദ്രന്‍സ്,സുരാജ്, അലന്‍സിയര്‍ എന്നിവരുടെ മികച്ച പ്രകടനമാണെന്ന് പ്രേക്ഷകര്‍ വിലയിരുത്തി. വ്യത്യസ്ത പ്രമേയവും വേറിട്ടൊരു അവതരണവും കാണിക്കുന്ന സിനിമ അദ്യാവസാനം മടുപ്പിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.  
ആര്‍ഷ ഭാരത സംസ്‌കാരം എന്ന വാക്കിനെ ചുരുക്കിയാണ് ആഭാസം എന്ന സിനിമ. കേരളത്തിലെ സെന്‍സര്‍ ബോര്‍ഡില്‍നിന്നും  മുംബൈയിലെ റിവ്യൂ കമ്മിറ്റിയില്‍നിന്നും പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട ചിത്രമാണിത്. ഫിലിം ട്രിബ്യൂണലിന്റെ യു.എ. സര്‍ട്ടിഫിക്കറ്റുമായാണ് തിയേറ്ററുകളിലേക്ക് എത്തിയത്. 
നഗ്‌നതയോ വയലന്‍സോ അശ്ലീല സംഭാഷണമോ ഇല്ലാത്ത ചിത്രം എന്തിന്റ പേരിലാണ് സെന്‍സര്‍ ബോര്‍ഡ് വിലക്കിയതെന്നത് ദുരൂഹമാണ്. 
കേരള സെന്‍സര്‍ ബോര്‍ഡിന് മുന്‍പാകെ ചിത്രം സമര്‍പ്പിച്ചപ്പോള്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്നാണ് ആദ്യം പറഞ്ഞത്. ചിത്രത്തിലെ പല സംഭാഷണങ്ങളും ഒഴിവാക്കിയാല്‍ അനുമതി നല്‍കാമെന്നായിരുന്നു സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം. ആക്ഷേപഹാസ്യമെന്നതിനപ്പുറം ആരുടെയും വികാരവിചാരങ്ങളെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ സിനിമയിലില്ല എന്ന വ്യക്തമായ ബോധ്യമുള്ളതിനാല്‍ സെന്‍സറിങ് കമ്മിറ്റിക്കു  മുന്‍പില്‍ കീഴടങ്ങാതെ നിയമയുദ്ധത്തിനു തന്നെ ഒരുങ്ങി. കേരള സെന്‍സര്‍ ബോര്‍ഡിനെക്കാള്‍ വലിയ താക്കീതാണ് മുംബൈയിലെ റിവ്യൂ കമ്മിറ്റി നല്‍കിയത്. മൂന്നിടങ്ങളില്‍ ശബ്ദമൊഴിവാക്കാനാണ് കേരളത്തില്‍നിന്ന് പറഞ്ഞതെങ്കില്‍ ഇരുപതിടങ്ങളില്‍ ശബ്ദമൊഴിവാക്കിയാലേ എ സര്‍ട്ടിഫിക്കറ്റ് നല്‍കൂ എന്നതായിരുന്നു മുംബൈ റിവ്യൂ കമ്മിറ്റിയുടെ തീരുമാനം. നിയമപോരാട്ടത്തിനൊടുവില്‍ ഡല്‍ഹി ട്രിബ്യൂണലില്‍ നിന്ന് ഭിച്ച യു.എ. സര്‍ട്ടിഫിക്കറ്റുമായാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.  

 

Latest News