പെണ്‍കുട്ടിയെ ശല്യം ചെയ്ത 17 കാരനെ രണ്ടു കുട്ടികള്‍ കുത്തിക്കൊന്നു

ന്യൂദല്‍ഹി- ദേശീയ തലസ്ഥാനത്ത് 17കാരനെ രണ്ട് കുട്ടികള്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. സഹോദരിയെ ശല്യം ചെയ്തതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ദല്‍ഹിയിലെ പട്ടേല്‍നഗറില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു.
കംപ്യൂട്ടര്‍ ക്ലാസ് കഴിഞ്ഞു വരുന്ന വഴി വീടിനു സമീപത്തു വച്ചാണ് 17കാരന്‍ ആക്രമിക്കപ്പെട്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സഹോദരിയെ ഉപദ്രവിച്ചത് പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ ചോദ്യം ചെയ്തതിന് പിന്നാലെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതോടെ പ്രതികളും 17കാരനും തമ്മില്‍ തര്‍ക്കമായി.
അടിപിടിക്കിടെ കൈയില്‍ കത്തിയുള്ള ഒരാള്‍ 17കാരനെ നിരവധി തവണ കുത്താന്‍ ശ്രമിക്കുന്നതും പിന്നില്‍ നിന്ന് മറ്റൊരാള്‍ എത്തി കത്തി കൊണ്ട് കുത്തുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
നട്ടെല്ലിനോട് ചേര്‍ന്നാണ് കുത്തേറ്റത്. രക്തം വാര്‍ന്ന 17കാരന്‍ ഫോണില്‍ ആരെയോ വിളിച്ച് സഹായം ചോദിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. കൊലപാതകത്തിനു പിന്നിലുള്ളവര്‍ കുട്ടികളാണെന്നും ഇരുവരും പിടിയിലായെന്നും പോലീസ് അറിയിച്ചു.

 

Latest News