പിണറായിയുമായി അടുത്ത പ്രമുഖ  കോണ്‍ഗ്രസ് നേതാവ് സിപിഎമ്മിലേക്ക്

കാസര്‍കോട്- കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ സി.കെ ശ്രീധരന്‍ പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നേക്കും. ഇതുസംബന്ധിച്ച കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ഇക്കാര്യത്തില്‍ അനുകൂല നിലപാടിലെന്നാണ് സൂചന. പത്തുദിവസത്തിനകം തീരുമാനമുണ്ടായേക്കും.
സി.കെയുടെ ആത്മകഥ 'ജീവിതം നിയമം നിലപാടുകള്‍' പ്രകാശനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇതിനുശേഷം ഇടത് ആഭിമുഖ്യം മറച്ചുപിടിക്കാത്ത നിലപാടിലാണ് സി.കെ. നേരത്തെ കോണ്‍ഗ്രസിന്റെ കേസുകള്‍ മാത്രം വാദിച്ചിരുന്ന സി.കെയെ പിണറായി സര്‍ക്കാര്‍ മൂന്ന് കേസുകളില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആക്കിയിരുന്നു. വിവാദമായപ്പോള്‍ വി.എസിന്റെ കാലത്തും നിയമിച്ചിട്ടുണ്ടെന്ന വാദമുന്നയിച്ചാണ് ഇതിനെ ഇടതുകേന്ദ്രങ്ങള്‍ ന്യായീകരിച്ചത്.
ഡി.സി.സി പ്രസിഡന്റ് ആയിരിക്കെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കിയതിനെ കോടതിയെ സമീപിച്ച സി.പി.എം നിലപാടില്‍ തെറ്റില്ലെന്നും സി.കെ പറയുന്നു. പത്തുദിവസം കൂടി കാത്തിരിക്കൂ, അപ്പോള്‍ പുതിയ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും സി.കെ ശ്രീധരന്‍ പറഞ്ഞു.
 

Latest News