ടിസ്സും നാഗ്പൂരും നൽകുന്ന രാഷ്ട്രീയ സന്ദേശം

പൊതുവിൽ രാജ്യത്തെ നിരാശാഭരിതമായ രാഷ്ട്രീയ അവസ്ഥയിൽ  പ്രതീക്ഷ നൽകുന്ന വാർത്തയാണ് മുംബൈയിലെ പ്രശസ്തമായ ടാറ്റ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്നു പുറത്തു വന്നത്. അവിടെ നടന്ന യൂനിയൻ തെരഞ്ഞെടുപ്പിൽ  മുഴുവൻ സീറ്റുകളും അംബേദ്കർ സ്റ്റുഡന്റസ് അസോസിയേഷൻ- ഫ്രട്ടേണിറ്റി-എം.എസ്.എഫ് -നോർത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഫ്രണ്ട്-ആദിവാസി സ്റ്റുഡന്റ്‌സ് ഫ്രണ്ട് സഖ്യം നേടി എന്നതാണത്. കഴിഞ്ഞില്ല, പ്രസിഡന്റായി  ആദിവാസിയായ ക്വിയർ വിദ്യാർത്ഥി  പ്രതീക് പാറമേയാണ് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ മഹാനഗരത്തിൽ നിന്നുള്ള ഈ വാർത്ത ഉറപ്പായും ശുഭപ്രതീക്ഷയാണ് നൽകുന്നത്. അതും സമഗ്രാധിപത്യം കൂടുതൽ കൂടുതൽ പിടിമുറുക്കുകയും അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ സമ്പൂർണാധിപത്യം നേടുമെന്ന പ്രതീതി നിലനിൽക്കുമ്പോൾ അതനുവദിക്കില്ല എന്നു തന്നെയാണ് യുവതലമുറ വിളിച്ചു പറയുന്നത്. മഹാരാഷ്ട്രയിൽ നടന്ന  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിലടക്കം നിരവധി മേഖലകളിൽ ബിജെപിക്കുണ്ടായ പരാജയവും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്.

രാജ്യത്തെ പ്രബുദ്ധ യൗവനത്തെ ഇപ്പോൾ പ്രചോദിപ്പിക്കുന്നത് ഡോ ബിആർ അംബേദ്കർ ചിന്തകളാണെന്നതിൽ സംശയമില്ല. മണ്ഡൽ കാലം മുതൽ ഇന്ത്യൻ രാഷ്ട്രീയത്തിലും കാമ്പസുകളിലും സജീവമായ  ഈ ധാര പലവിധ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. രാഷ്ട്രീയ മേഖലയിൽ രൂപംകൊണ്ട പല പ്രസ്ഥാനങ്ങളും പല സംസ്ഥാനങ്ങളിലും അധികാരത്തിലെത്തി. പക്ഷേ പിന്നീടവ പലതും കീഴടങ്ങി. ചിലവ ഇപ്പോഴും ഫാസിസത്തിനെതിരെ ശക്തമായ രാഷ്ട്രീയ നിലപാടെടുത്തു രംഗത്തുണ്ട്. മറുവശത്ത് ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ജനനമാണെന്റെ കുറ്റമെന്നു പറഞ്ഞ് ആത്മഹത്യ ചെയ്ത രോഹിത് വെമുലയോടെ ഈ ധാര രാജ്യത്തെ കലാലയങ്ങളിലെല്ലാം ആളിക്കത്തി. കലാലയങ്ങൾ മാത്രമല്ല, പൊതുസമൂഹവും അതേറ്റെടുത്തു. തുടർന്നുണ്ടായ സംഘർഷഭരിതമായ സംഭവങ്ങൾ മറക്കാറായിട്ടില്ലല്ലോ. ജെഎൻയുവും പുെന ഫിലിം ഇൻസ്റ്റിറ്റിയൂട്ടുമടക്കം രാജ്യത്തെ പല കാമ്പസുകളിലും പ്രതിഷേധം ആളിക്കത്തി. മറുവശത്ത് ഫാസിസ്റ്റ് ശക്തികളും രംഗത്തിറങ്ങി. നജീബ് എന്ന വിദ്യാർത്ഥിയെ ഇനിയും കണ്ടെത്താനായിട്ടില്ല. വിസിമാരിലൂടെയും പോലീസ് നടപടികളിലൂടെയും കാമ്പസുകളെ നിയന്ത്രണത്തിലാക്കാൻ അവർ നടത്തിയ ശ്രമങ്ങൾ കുറെയൊക്കെ വിജയിച്ചു. മറുവശത്ത് ബീഫ് കഴിക്കുന്നവരെയും ചിന്തകരെയും പ്രതികരിക്കുന്ന എഴുത്തുകാരെയും മറ്റും വധിച്ചും ഭീകര നിയമങ്ങൾ ചുമത്തി തുറുങ്കിലടച്ചും സിലബസുകളും ചരിത്രവും തിരുത്തിയും ചരിത്ര - സാംസ്‌കാരിക സ്ഥാപനങ്ങൾ പിടിച്ചടക്കിയും അവരുടെ കാവിരഥം ഉരുണ്ടുകൊണ്ടിരുന്നു.

ഭരണഘടന മൂല്യങ്ങൾ തകർത്തും പാർലമെന്റിനെ നോക്കുകുത്തിയാക്കിയും കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞപ്പോൾ കാര്യമായ പ്രതിഷേധമൊന്നും ഉണ്ടായില്ലെങ്കിലും കർഷക നിയമത്തിനും പൗരത്വ ഭേദഗതി ബില്ലിനുമെതിരായ പ്രക്ഷോഭം രാജ്യമാകെ ആളിക്കത്തിയ കാാഴ്ചയാണ് പിന്നീട് കണ്ടത്. വീണ്ടും സിവിൽ സമൂഹവും ന്യൂനപക്ഷ വിഭാഗങ്ങളും കാമ്പസുകളും സജീവമായി. കർഷക പ്രക്ഷോഭത്തിനു മുന്നിൽ കേന്ദ്രം മുട്ടുകുത്തി. കോവിഡ് രൂക്ഷമായതോടെ പൗരത്വ പ്രക്ഷോഭം തണുത്തു. എന്നാൽ പ്രസ്തുത നീക്കവുമായി ഇനിയും മുന്നോട്ടു വന്നാൽ രാജ്യമാകെ പ്രക്ഷോഭം ആളിക്കത്തുമെന്നു തന്നെ പ്രതീക്ഷിക്കാം.

ഇത്തരമൊരു സാഹചര്യത്തിലാണ് ടിസിലെ തെരഞ്ഞെടുപ്പ് പ്രധാനമാകുന്നത്. ഫാസിസ്റ്റ് - വംശീയ ഭരണകൂടത്തിന്റെ കാമ്പസ് പതിപ്പായ എ.ബി.വി.പി മുന്നണിയും ഇനിയും പിന്നോക്ക-ദളിത്-ആദിവാസി-ന്യൂനപക്ഷ രാഷ്ട്രീയം തിരിച്ചറിയാത്ത ഇടതുപക്ഷത്തിന്റെ കാമ്പസ് പതിപ്പായ എസ്എഫ്‌ഐ മുന്നണിയുമാണ് പരാജയപ്പെട്ടത്.  സംഘ്പരിവാർ ഫാസിസത്തെയും ബ്രാഹ്മണിക് ഹെജിമണിയെയും അവ സൃഷ്ടിക്കുന്ന സാമൂഹിക അസമത്വത്തെയും അതിന്റെ ഭീകരതയെയും ഇനിയും തിരിച്ചറിയാതെ, വർഗസമര സിദ്ധാന്തം ചുമക്കുന്നവരാണല്ലോ ഇടതുപക്ഷം. ഇക്കാര്യം സൂചിപ്പിച്ചായിരുന്നു രോഹിത് എസ്എഫ്‌ഐ വിട്ടതും എന്നോർക്കാവുന്നതാണ്. കേരളത്തിലെ കാമ്പസുകളിലാകട്ടെ നിലനിൽക്കുന്നത് അവരുടെ സമഗ്രാധിപത്യമാണെന്നതും പ്രസക്തമാണ്. വിസിമാരടക്കമുള്ളവരുടെ നിയമനങ്ങളിലൂടെ ഇടതുപക്ഷം അവയെ പൂർണമായും നിയന്ത്രിക്കുകയും ചെയ്യുന്നു.

തുടക്കത്തിൽ സൂചിപ്പിച്ച പോലെ ലോക്‌സഭ െതരഞ്ഞെടുപ്പിന് ഇനി അധികകാലമില്ല. അതിനു മുമ്പ് ഗുജറാത്തടക്കം ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും വരുന്നു. ഇത്തവണ പാർലമെന്റിൽ സമ്പൂർണ ആധിപത്യം നേടി തങ്ങളുടെ അജണ്ടകൾ പൂർണമായും നടപ്പാക്കലാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്നത് വ്യക്തമാണ്. അതിന്റെ മുന്നോടിയായ നടപടികൾ തുടരുക തന്നെയാണ്. ഇതെഴുതിക്കൊണ്ടിരിക്കുമ്പോൾ വിവിധ സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി പറയുന്നത് ഒരു രാജ്യം, ഒരു പോലീസ്, ഒരു യൂനിഫോം എന്നാണ്. എൻഐഎയുടെ ശാഖകൾ എല്ലാ സംസ്ഥാനങ്ങളിലും തുടങ്ങുമെന്ന് അമിത് ഷായും പറയുന്നു. സാമ്പത്തിക മേഖലയിൽ ജിഎസ്ടിയെ പോലെ ഭാഷാരംഗത്ത് ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കവും ശക്തമായിരിക്കുന്നു. കേന്ദ്രത്തിന്റെ ഏജന്റുമാരായ ഗവർണർമാർ കേരളമടക്കം പല സംസ്ഥാനങ്ങളിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. കോടികളെറിഞ്ഞ് ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ തകർക്കുന്നു. എന്തിനേറെ, പ്രഖ്യാപിക്കാൻ പോകുന്ന ഹിന്ദുത്വ രാഷ്ട്രത്തിന്റെ ഭരണഘടന പോലും തയാറായെന്ന വാർത്തകൾ കണ്ടു.

ഫെഡറലിസത്തെ പൂർണമായും തകർക്കുന്നതിനു പിറകിൽ ഹിന്ദുത്വ രാഷ്ട്രമെന്ന അജണ്ട മാത്രമല്ല ഉള്ളതെന്നത് വ്യക്തമാണ്. ഇന്ത്യയെന്ന വലിയ മാർക്കറ്റിന്റെ നിയന്ത്രണം കരസ്ഥമാക്കാൻ ശ്രമിക്കുന്ന കോർപറേറ്റുകളുടെ അജണ്ടയും അതിനു പിറകിലുണ്ട്. അവർക്കാവശ്യം അതിശക്തമായ കേന്ദ്രവും അതിനു പൂർണമായി കീഴടങ്ങുന്ന ജനതയുമാണ്. അവിടെയാണ് ലളിതമായി പറയുന്ന മോഡി-അദാനി സഖ്യത്തിന്റെ പ്രസക്തി. അതിനെതിരെ ജനാധിപത്യ പ്രതിരോധം പടുത്തുയർത്താനാവുമോ എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബാലറ്റിലൂടെ കാവിരഥത്തെ തടയാനാവുമോ എന്ന ചോദ്യത്തിനാണ് ഇനിയുള്ള കാലത്തെ പ്രസക്തി. ആ ഒറ്റ അജണ്ടയിൽ ഐക്യപ്പെടാൻ ജനാധിപത്യ ശക്തികൾക്കാവുമോ എന്നതാണ് പ്രശ്‌നം.

തീർച്ചയായും ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയും ഭാരത് ജോഡോ യാത്രയിലൂടെയും പുതിയ ഊർജം നേടാനുള്ള കോൺഗ്രസിന്റെ ശ്രമം ശ്ലാഘനീയമാണ്. ഇപ്പോഴും എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള കോൺഗ്രസിന്റെ നേതൃത്വത്തിലല്ലാതെ ഇത്തരമൊരു പോരാട്ടം നടത്താനാവുമെന്ന് കരുതുന്നത് മൗഢ്യമാകും. ഈ ദിശയിൽ ചിന്തിക്കാൻ പല പ്രാദേശിക പാർട്ടികളും തയാറായിട്ടുണ്ട് എന്നതു പ്രതീക്ഷ നൽകുന്നുണ്ട്. നേതൃസ്ഥാനമടക്കമുള്ള വിഷയങ്ങൾ തൽക്കാലം മാറ്റിവെച്ച് ഐക്യപ്പെടാനായില്ലെങ്കിൽ പിന്നീടൊരിക്കലും ഐക്യപ്പെടേണ്ടിവരില്ല എന്നവർ മനസ്സിലാക്കിയാൽ നന്ന്. അധികാരത്തിനു വേണ്ടി സംഘപരിവാറിനേക്കാൾ ഹിന്ദുത്വം കളിക്കുന്ന എപിപിയെ പോലുള്ള പാർട്ടികളെ വിശ്വസിക്കാനാവില്ല എന്നത് വേറെ കാര്യം. ഹിന്ദുത്വത്തിനും കോർപറേറ്റുകൾക്കുമെതിരായ ഈ വിശാല സഖ്യത്തിൽ ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളുമടക്കമുള്ള സാമൂഹ്യ വിഭാഗങ്ങളെ ഉൾക്കൊള്ളാനുമാകണം. ബിജെപി ചെയ്യുന്നതിൽ നിന്നു വ്യത്യസ്തമായി, ഈ വിഭാഗങ്ങളിൽ നിന്നുള്ളവരെ നിർണായക സ്ഥാനങ്ങളിൽ എത്തിക്കാനുമാകണം. ഒപ്പം ലിംഗനീതിയും ഉറപ്പാക്കണം. 

തീർച്ചയായും ഇതെല്ലാം വ്യാമോഹമെന്നു വ്യാഖ്യാനിക്കുന്നവരുണ്ടാകും. അങ്ങനെ കരുതുന്നവരെ ഓർമിപ്പിക്കാനുള്ളത് അടിയന്തരാവസ്ഥക്കു ശേഷമുള്ള തെരഞ്ഞെടുപ്പാണ്. അന്നത്തേക്കാൾ ശക്തനാണ് ഇന്നത്തെ ശത്രു എങ്കിലും ഇന്ത്യക്കതിനു കഴിയുമെന്നു തന്നെയാണ് കരുതേണ്ടത്. ഏകത്വത്തിനു വഴങ്ങാത്തത്ര വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യക്കല്ലെങ്കിൽ മറ്റേതു രാജ്യത്തിനാണ് അതിനാകുക. ഈ വൈവിധ്യങ്ങൾക്കിടയിലും വി ദ പീപ്പിൾ ഓഫ് ഇന്ത്യയെന്നു പ്രഖ്യാപിക്കുന്ന ഭരണഘടനയും പീഡിതരുടെ ആവേശമായ അംബേദ്കർ ചിന്തകളുമുള്ളപ്പോൾ ഇന്ത്യക്കതിനാകും. അതിന്റെ പ്രഖ്യാപനമാണ് ടിസ്സിലും നാഗ്പൂരിലും കണ്ടത് എന്നു തന്നെ വേണം കരുതാൻ. 

Latest News