Sorry, you need to enable JavaScript to visit this website.
Thursday , March   30, 2023
Thursday , March   30, 2023

മാനെ മാത്രമല്ല സെനഗാൽ

സെനഗാൽ എന്നാൽ സാദിയൊ മാനെ മാത്രമല്ല. യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന നിരവധി പേർ ആഫ്രിക്കൻ ചാമ്പ്യൻ നിരയിലുണ്ട്. ലോകകപ്പ് കളിക്കാനെത്തിയ ഏറ്റവും മികച്ച ആഫ്രിക്കൻ നിരയാണ് ഇപ്പോഴത്തെ സെനഗാൽ ടീമെന്ന് പലരും കരുതുന്നു. ആദ്യമായി ലോകകപ്പിന്റെ സെമിഫൈനലിൽ ഒരു ആഫ്രിക്കൻ ടീമിനെ കാണാമെന്നു പോലും പറയാൻ സെനഗാൽ ആരാധകർക്ക് ധൈര്യം നൽകുന്നു. 
മാനെ തന്നെയാണ് ടീമിലെ സൂപ്പർ താരം. ഗോൾവലക്കു മുന്നിൽ എഡ്വേഡ് മെൻഡി, പ്രതിരോധത്തിൽ ഖാലിദു കൂലിബാലി, മധ്യനിരയിൽ ഇദരിസ ഗയെ, ഷെയ്ഖു കുയാടെ, ഫോർവേഡുകളായ ഇസ്മായില സാർ എന്നിവരെല്ലാം ഒന്നിനൊന്ന് മികച്ച കളിക്കാരാണ്. നെതർലാന്റ്‌സുമായുള്ള ഉദ്ഘാടന മത്സരം സെനഗാൽ എത്ര ദൂരം പോകുമെന്നതിന്റെ സാക്ഷ്യപത്രമാവും. 
വൻ ടൂർണമെന്റുകളിൽ നിരാശപ്പെടുത്തുന്ന പതിവുണ്ട് സെനഗാലിന്. ഈ വർഷം ആഫ്രിക്കൻ ചാമ്പ്യന്മാരായി ആ പതിവ് തിരുത്തിയിട്ടുണ്ട് അവർ. ആഫ്രിക്കൻ കപ്പ് നേടാത്ത മികച്ച ടീമെന്ന ഖ്യാതി അവർ മാറ്റിയെഴുതി. 
പട്ടിന്റെ പകിട്ടുള്ള കളിയൊന്നുമല്ല സെനഗാൽ ആഫ്രിക്കൻ കപ്പിൽ കാഴ്ചവെച്ചത്. പക്ഷേ നിർണായക ഘട്ടങ്ങളിൽ അവസരത്തിനൊത്തുയരാനായി. മാനെയുടെ ഫോമും അവരെ തുണച്ചു. ചെൽസിക്കു കളിക്കുന്ന മെൻഡിയും കൂലിബാലിയും അവരുടെ പൊസിഷനിൽ ലോകത്തിലെ മികച്ച കളിക്കാരുടെ പട്ടികയിലുണ്ട്. എന്നാൽ ആഫ്രിക്കൻ കപ്പിൽ നേരിട്ടതിനേക്കാൾ വലിയ വെല്ലുവിളി ലോകകപ്പിൽ അവർ അതിജീവിക്കേണ്ടതുണ്ട്. മുപ്പതുകാരനായ മാനെ ഫോമിന്റെ പാരമ്യത്തിലാണ്. ഇത് പക്ഷേ ലോകകപ്പുയർത്താനുള്ള അവസാന അവസരമാണ്. മുൻനിരയിൽ കൈനിറയെ പ്രതിഭകളുണ്ട്. സാർ, ബുലായെ ദിയ, ആറടി നാലിഞ്ചുകാരനായ ഫെമാറ ദീദിയു തുടങ്ങിയവർ. മാനെയുടെ മികവ് പുറത്തു കൊണ്ടുവരാൻ കഴിയുന്ന പ്ലേയിംഗ് ഇലവനെ കണ്ടെത്തുകയാണ് പ്രധാനം. 
2002 ലെ അരങ്ങേറ്റത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ അട്ടിമറിച്ചാണ് സെനഗാൽ തുടങ്ങിയത്. ലോകകപ്പ് ക്വാർട്ടർ ഫൈനലിലെത്തുന്ന രണ്ടാമത്തെ ആഫ്രിക്കൻ ടീമായി അവർ. അന്ന് ടീമിനെ നയിച്ച ആലിയു സിസെയാണ് ഇപ്പോൾ കോച്ച്. 2015 മുതൽ പരിശീലക സ്ഥാനത്തുണ്ട്. സെനഗാലിന്റെ സുവർണ തലമുറയെന്നാണ് 2002 ലെ ടീം അറിയപ്പെട്ടത്. ആ ടീമിന്റെ നായകൻ പരിശീലിപ്പിക്കുന്ന ഇപ്പോഴത്തെ നിര അതിനേക്കാൾ മെച്ചമാണ്. 

അസ്വസ്ഥതകളിൽ ഇറാൻ
അസ്വസ്ഥതകളിലൂടെ രാജ്യം കടന്നുപോവുന്ന വേളയിലാണ് ഇറാൻ ലോകകപ്പിനെത്തുന്നത്. സർക്കാർ വിരുദ്ധ പ്രക്ഷോഭം ദിനേന ശക്തിപ്രാപിക്കുകയാണ്. ഇരുപത്തിരണ്ടുകാരി മഹ്‌സ അമീനി പോലീസ് കസ്റ്റഡിയിൽ മരിച്ചതു മുതൽ വനിതകളുടെ അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടം വ്യാപിക്കുകയാണ്. ഇറാൻ ടീമിലെ പല കളിക്കാരും പ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  
ഈ വർഷം തുടങ്ങിയത് പ്രതീക്ഷകളോടെയായിരുന്നു. ജനുവരിയിലാണ് അയൽക്കാരായ ഇറാഖിനെ ഏഷ്യൻ യോഗ്യത റൗണ്ടിൽ തോൽപിച്ച് ഇറാൻ ലോകകപ്പ് ബെർത്തുറപ്പിച്ചത്. ആ മത്സരം കാണാൻ തെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിൽ രണ്ടായിരത്തോളം വനിതകൾക്ക് പ്രവേശനം നൽകിയിരുന്നു. എന്നാൽ രണ്ടു മാസത്തിനു ശേഷം മറ്റൊരു മത്സരത്തിൽ നിന്ന് വനിതകളെ തടഞ്ഞു. അവർക്കെതിരെ കുരുമുളക് സ്‌പ്രേ അടിച്ചതായി പ്രചാരണമുണ്ട്. പുതിയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഇറാനെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. പ്രത്യേകിച്ചും സുരക്ഷ സേന പ്രക്ഷോഭകാരികളെ അടിച്ചമർത്തുന്ന സാഹചര്യത്തിൽ. ഇറാഖിനെതിരായ ആ മത്സരത്തിൽ ഇറാന്റെ വിജയ ഗോളടിച്ച മെഹ്ദി തരീമി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചു. സുരക്ഷ സേനയുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ശേഷം ലജ്ജിക്കുന്നു എന്ന് അടിക്കുറിപ്പെഴുതി. 
ലോകകപ്പിലും പ്രയാസകരമാവും ഇറാന് കാര്യങ്ങൾ. ആദ്യം നേരിടേണ്ടത് ഇംഗ്ലണ്ടിനെയാണ്. നാലു ദിവസത്തിനു ശേഷം വെയ്ൽസുമായി കളിക്കണം. എന്നാൽ അമേരിക്കക്കെതിരായ അവരുടെ മത്സരമാണ് ലോകം ഉറ്റുനോക്കുന്നത്. 
ലോകകപ്പ് ഗ്രൂപ്പുകൾ നിശ്ചയിച്ചതു മുതൽ ഇറാനെ ബ്രിട്ടിഷ് ടാബ്ലോയ്ഡുകൾ ചൊറിയുന്നുണ്ട്. ഇംഗ്ലണ്ടിന് സ്വപ്‌ന ഗ്രൂപ്പാണ് കിട്ടിയതെന്ന് ചില പത്രങ്ങൾ പ്രഖ്യാപിച്ചു. അതിനോട് ഇറാൻ കോച്ച് തുല്യനാണയത്തിൽ പ്രതികരിച്ചു. ഓ.. ഇംഗ്ലണ്ടിനെ കിട്ടിയത് എന്തൊരു ഭാഗ്യം എന്ന് ഇറാൻ കാർലോസ് ക്വിറോസ് തിരിച്ചടിച്ചു. ഇംഗ്ലണ്ട് യൂറോപ്പിലെ മികച്ച ടീമാണെങ്കിൽ ഇറാൻ ഏഷ്യയിലെ മികച്ച ടീമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
അഞ്ച് ലോകകപ്പ് കളിച്ചിട്ടുണ്ടെങ്കിലും ഇറാൻ ഒരിക്കലും ഗ്രൂപ്പ് ഘട്ടം കടന്നിട്ടില്ല. 1998 ലെ ലോകകപ്പിൽ അമേരിക്കയുമായുള്ള അവരുടെ മത്സരം ലോക ശ്രദ്ധ നേടിയിരുന്നു. ഇറാൻ 2-1 ന് ജയിച്ചു. ലോകകപ്പിൽ ഇറാന്റെ ആദ്യ വിജയമായിരുന്നു അത്. 1980 മുതൽ ഇറാനുമായി അമേരിക്കക്ക് നയതന്ത്ര ബന്ധമില്ല. 
പരിക്കേറ്റ സർദാർ അസ്മൂന്റെ അഭാവം ഇറാനെ ബാധിച്ചേക്കും. ജർമൻ ലീഗിൽ ബയർ ലെവർകൂസന്റെ താരമാണ് അസ്മൂൻ. പോർടോയുടെ മെഹ്ദി തെരീമി ഉജ്വല ഫോമിലാണ്. ചാമ്പ്യൻസ് ലീഗിൽ ബയർ ലെവർകൂസനെതിരായ മത്സരത്തിൽ രണ്ടു ഗോളിന് വഴിയൊരുക്കിയത് തെരീമിയായിരുന്നു. ഗോൾകീപ്പർ അലി രിസ ബെയരൻവന്ത് കഴിഞ്ഞ ലോകകപ്പിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ പെനാൽട്ടി രക്ഷപ്പെടുത്തിയിരുന്നു. സന്നാഹ മത്സരങ്ങളിൽ ഉറുഗ്വായെ തോൽപിക്കുകയും സെനഗാലുമായി സമനില നേടുകയും ചെയ്തിട്ടുണ്ട് ഇറാൻ. 

എറിക്‌സൻ -എന്തൊരു തിരിച്ചുവരവ്
കഴിഞ്ഞ യൂറോ കപ്പിൽ സ്വന്തം നാട്ടുകാർക്കു മുന്നിൽ ചേതനയറ്റ ശരീരവുമായി കളം വിടുമ്പോൾ ക്രിസ്റ്റിയൻ എറിക്‌സൻ ലോകകപ്പിൽ കളിക്കുമോയെന്നായിരുന്നില്ല ആരും ചിന്തിച്ചത്. കോപൻഹാഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ കുഴഞ്ഞുവീണ എറിക്‌സൻ മരണത്തെ മുഖാമുഖം കാണുകയായിരുന്നു. ചുറ്റും കണ്ണീർ വാർത്ത് സഹതാരങ്ങൾ, എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഗാലറി, ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപാലത്തിൽ നിന്ന എറിക്‌സനെ രക്ഷിച്ചെടുക്കാൻ പാടുപെടുന്ന വൈദ്യസംഘം. 
എന്നാൽ ബോധം തിരിച്ചുകിട്ടിയപ്പോൾ ഡോക്ടറോട് ആദ്യം ചോദിച്ചത് ലോകകപ്പിൽ കളിക്കാനാവുമോയെന്നായിരുന്നു എന്ന് ഡെന്മാർക്ക് താരം പറയുന്നു, അതായിരുന്നു തന്റെ സ്വപ്നം. എന്നാൽ എറിക്‌സൻ ജീവിതത്തിലേക്കെങ്കിലും  തിരിച്ചുവന്നാൽ മതിയെന്നായിരുന്നു ഫുട്‌ബോൾ ലോകം ആഗ്രഹിച്ചത്. 
ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കാൻ ഡിഫൈബ്രിലേറ്റർ ഘടിപ്പിക്കേണ്ടി വന്നു. അങ്ങനെയുള്ള ഒരു കളിക്കാരന് ഇറ്റാലിയൻ ലീഗിൽ കളിക്കുന്നതിന് വിലക്കുണ്ടെന്നതിനാൽ ഇന്റർ മിലാനുമായുള്ള കരാർ അവസാനിപ്പിച്ചു. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ബ്രന്റഫഡിലാണ് തിരിച്ചുവരവ് തുടങ്ങിയത്. ഇപ്പോൾ ലോകോത്തര ടീമായ മാഞ്ചസ്റ്റർ യുനൈറ്റഡിന് കളിക്കുന്നു. മികച്ച പ്ലേമേക്കർമാരിലൊരാളെന്ന പദവി എറിക്‌സൻ തിരിച്ചുപിടിച്ചിരിക്കുന്നു. ലോകത്തെ നടുക്കി വെറും 18 മാസത്തിനു ശേഷം എറിക്‌സൻ ഖത്തറിൽ ഡെന്മാർക്കിന്റെ പട നയിക്കാൻ എത്തുകയാണ്.
മാർച്ചിൽ നെതർലാന്റ്‌സിനെതിരായ മത്സരത്തിലാണ് ദേശീയ ജഴ്‌സിയിൽ എറിക്‌സൻ തിരിച്ചെത്തിയത്. പകരക്കാരനായിറങ്ങി രണ്ടു മിനിറ്റിനകം സ്‌കോർ ചെയ്തു. സെപ്റ്റംബറിൽ നാഷൻസ് ലീഗിൽ ക്രൊയേഷ്യക്കെതിരെ 25 വാര അകലെ നിന്നടിച്ച് ഗോൾ നേടി. 
'എന്റെ സ്വപ്‌നത്തിന് വിലങ്ങുതടിയാവാൻ ഒന്നിനും സാധിക്കില്ല. ഉന്നത നിലവാരത്തിലാണ്, ഒരു പ്രയാസവുമില്ല' -എറിക്‌സൻ പറയുന്നു. 
ഡെന്മാർക്ക് യൂറോപ്പിലെ മികച്ച ടീമുകളിലൊന്നാണ്. എറിക്‌സന് സംഭവിച്ച ദുരന്തം ടീമിനെ കൂടുതൽ കരുത്തുറ്റതാക്കുകയാണ് ചെയ്തത്. അവരുടെ ഐക്യം ഊട്ടിയുറപ്പിച്ചു. യൂറോ കപ്പിൽ ടീം സെമിയിലെത്തി. ആതിഥേയരായ ഇംഗ്ലണ്ടിനോടാണ് തോറ്റത്. ലോകകപ്പ് യോഗ്യത റൗണ്ട് ഏതാണ്ട് പിഴവറ്റതായിരുന്നു. ആദ്യം യോഗ്യത ഉറപ്പിച്ച ടീമുകളിലൊന്നാണ് ഡെന്മാർക്ക്. സെപ്റ്റംബറിൽ നാഷൻസ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ ഡെന്മാർക്ക് 2-0 ന് തോൽപിച്ചിരുന്നു. ഖത്തറിൽ ഫ്രാൻസുമായി അവർ വീണ്ടും ഏറ്റുമുട്ടും. 
യോഗ്യത റൗണ്ടിലെ ആദ്യ ഒമ്പതു കളികളിൽ ഒരു ഗോൾ മാത്രമാണ് ഡെന്മാർക്ക് വഴങ്ങിയത്. ഗോൾകീപ്പർ കാസ്പർ ഷ്‌മൈക്കലും ക്യാപ്റ്റൻ സൈമൺ ക്യായറുമടങ്ങുന്ന പ്രതിരോധം അതിശക്തമാണ്. മധ്യനിരയിൽ പിയറി എമിലി ഹോയ്ബർഗും ഇരുപത്തിരണ്ടുകാരൻ മിഖേൽ ഡംസ്ഗാഡും കളി നിയന്ത്രിക്കുന്നു. ആര് ഗോളടിക്കുമെന്നതാണ് പ്രശ്‌നം. യോഗ്യത റൗണ്ടിൽ ടീമിന്റെ ടോപ്‌സ്‌കോറർ ഫുൾബാക്ക് ജോക്കിം മേഹലാണ്. സ്‌ട്രൈക്കർ യൂസുഫ് ഫോൾസൻ ആകെ നേടിയത് ഒരു ഗോളായിരുന്നു. 

ലാ റോഹക്ക് യുവത്വത്തുടിപ്പ്
2010 ലെ ലോക ചാമ്പ്യന്മാരാണ് സ്‌പെയിൻ. തുടർന്നുള്ള രണ്ട് ലോകകപ്പുകളിലും അവർ നിരാശപ്പെടുത്തി. ഇത്തവണ പുതിയ പരീക്ഷണവുമായാണ് കോച്ച് ലൂയിസ് എൻറികെ എത്തുന്നത്. 2010 ലെ ടീമിന്റെ അവിഭാജ്യ ഘടകങ്ങളായിരുന്ന സെർജിയൊ റാമോസും ജെറാഡ് പിക്വെയും ആന്ദ്രെസ് ഇനിയെസ്റ്റയും ഡാവിഡ് സിൽവയുമൊക്കെ വഴിമാറുകയാണ്. യുവ കളിക്കാരായ പെഡ്രി ഗോൺസാലസും  ഗാവി പെയ്‌സും നികൊ വില്യംസുമൊക്കെയാണ് ഈ ടീമിന്റെ മുഖമുദ്ര. പെഡ്രിക്ക് 19 വയസ്സേയുള്ളൂ, ഗാവിക്ക് പതിനെട്ടും. ഗാവി അരങ്ങേറിയത് പതിനേഴാം വയസ്സിലാണ്. പെഡ്രി കഴിഞ്ഞ സീസണിൽ യൂറോപ്പിലെ മികച്ച അണ്ടർ-21 കളിക്കാരനുള്ള കോപ ട്രോഫി നേടി. ഈ സീസണിൽ അത് ഗാവിക്കായിരുന്നു. നികോക്ക് 20 വയസ്സേയുള്ളൂ. ലോകകപ്പിന് മുമ്പുള്ള രണ്ട് പരിശീലന മത്സരങ്ങളിലാണ്  നികോക്ക് അവസരം കിട്ടിയത്. രണ്ടിലും മികച്ച പ്രകടനം കാഴ്ചവെച്ചു. യെറെമി പിനോക്കും അൻസു ഫാത്തിക്കും 19 വയസ്സാണ്. ഖത്തറിലെത്തുന്ന സ്‌പെയിൻ കളിക്കാരിലേറെയും ഇരുപത്തഞ്ചിൽ താഴെ പ്രായമുള്ളവരാണ്. പരിചയസമ്പന്നരായ സെർജിയൊ ബുസ്‌ക്വെറ്റ്‌സ്, സെസാർ അസ്പിലിക്കൂട്ട, കൊക്കെ റെസുറെസിയോൻ, ഡാനി കർവഹാൽ, ജോർദി ആൽബ എന്നിവരും കൂടെയുണ്ട്. 
നല്ല ഫോർവേഡുകളില്ലെന്നതാണ് സ്‌പെയിനിന്റെ പ്രശ്‌നം. ആൽവരൊ മൊറാറ്റ, ഫെറാൻ ടോറസ്, മാർക്കൊ അസൻസിയൊ, പാബ്ലൊ സറാബിയ, പിനൊ എന്നിവരെല്ലാം ഉജ്വലമെന്നു വിശേഷിപ്പിക്കാനാവില്ലെങ്കിലും ഭേദപ്പെട്ട ഫോർവേഡുകളാണ്. നികോയും ബോർഹ ഇഗ്ലെസിയാസും പരിഗണിക്കപ്പെട്ടേക്കും. ഇയാഗൊ അസ്പാസ്, ജെറാഡ് മോറിനൊ, ഫാതി എന്നിവർ ടീമിലെത്താൻ സാധ്യത കുറവാണ്. 
2012 ലെ യൂറോ കപ്പിനു ശേഷം സ്‌പെയിൻ ഒരു പ്രധാന ട്രോഫിയും നേടിയിട്ടില്ല. എന്നാൽ സാവധാനം അവർ പ്രതാപം വീണ്ടെടുക്കുകയാണ്. കഴിഞ്ഞ യൂറോ കപ്പിൽ സെമിയിലെത്തി. കഴിഞ്ഞ നാഷൻസ് ലീഗിൽ ഫൈനലിലേക്ക് മുന്നേറി. പോർചുഗലിനെ അവരുടെ മണ്ണിൽ തോൽപിച്ച് നാഷൻസ് ലീഗിൽ അവസാന നാലിലേക്ക് മുന്നേറിയ ആഹ്ലാദത്തിലാണ് സ്‌പെയിൻ ലോകകപ്പിനെത്തുക. 

Latest News