Sorry, you need to enable JavaScript to visit this website.

ജര്‍മന്‍ സ്ഥാനപതിയെ വിളിച്ചു  വരുത്തി ഖത്തര്‍ അതൃപ്തി അറിയിച്ചു 

ദോഹ- ഫിഫ 2022 ലോകകപ്പിന് ഖത്തറിന്റെ ആതിഥേയത്വം സംബന്ധിച്ച് ജര്‍മന്‍ ഫെഡറല്‍ ആഭ്യന്തര മന്ത്രി നാന്‍സി ഫൈസര്‍ നടത്തിയ പരാമര്‍ശങ്ങള്‍  ഖത്തര്‍ അപലപിച്ചു. വിദേശകാര്യ മന്ത്രാലയം ജര്‍മന്‍ സ്ഥാനപതി 
ഡോ ക്ലോഡിയസ് ഫിഷ്ബാക്കിനെ വിളിച്ചുവരുത്തി വിശദീകരണം തേടി. 
പതിറ്റാണ്ടുകളായി  നീതി നിഷേധിക്കപ്പെട്ട  ഒരു മേഖലക്ക് ലഭിച്ച കേവല നീതി മാത്രമായിരുന്നു ലോക കപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തറിന് അവസരം ലഭിച്ചത്.  ജര്‍മന്‍ മന്ത്രിയുടെ പരാമര്‍ശങ്ങളെ ഖത്തര്‍ പൂര്‍ണ്ണമായും നിരസിക്കുന്നതായും  അംബാസിഡര്‍ക്ക് കൈമാറിയ മെമ്മോയില്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.  
മേഖലയുടെ നാഗരികതയും പൈതൃകവും ലോകത്തിന് കാണിച്ചുകൊടുക്കുന്നതിന് ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പതിപ്പുകളിലൊന്ന് സംഘടിപ്പിക്കാന്‍ ഖത്തര്‍ തീരുമാനിച്ചതായും മെമ്മോ ഊന്നിപ്പറഞ്ഞു.
അടുത്തയാഴ്ച ദോഹയിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിന് മുന്നോടിയായി മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ നയതന്ത്ര മാനദണ്ഡങ്ങള്‍ക്കും കണ്‍വെന്‍ഷനുകള്‍ക്കും എതിരാണെന്ന് മെമ്മോ എടുത്തു പറഞ്ഞു.  ഖത്തറും ജര്‍മ്മനിയും തമ്മിലുള്ള എല്ലാ മേഖലകളിലെയും വേറിട്ട ബന്ധത്തിന്റെ വെളിച്ചത്തില്‍ തികച്ചും ദൗര്‍ഭാഗ്യകരമാണ് ജര്‍മന്‍ മന്ത്രിയുടെ പ്രസ്താവനകള്‍. തൊഴില്‍ മേഖലയില്‍ ഖത്തര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളെ ലോകത്തെ പ്രമുഖ മനുഷ്യാവകാശ ഗ്രൂപ്പുകളും യുഎന്‍ ഏജന്‍സികളും പ്രശംസിച്ചവയാണ്.  വര്‍ഷങ്ങളുടെ ആസൂത്രണത്തിന്റെയും പഠനങ്ങളുടെയും ഫലമാണ് ഈ പരിഷ്‌കാരങ്ങളെന്ന്  മെമ്മോ സൂചിപ്പിച്ചു. 
ജര്‍മ്മന്‍ ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം ഖത്തര്‍  ജനതയ്ക്ക് സ്വീകാര്യമല്ലാത്തതും പ്രകോപനപരവുമാണെന്ന് ഉപപ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു. 
 ലോകകപ്പ് വേളയില്‍ പരസ്പര ബഹുമാനത്തിന്റെ ചട്ടക്കൂടില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പരിഷ്‌കൃത ആശയവിനിമയത്തിനും ധാരണ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു കേന്ദ്രമായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഖത്തറെന്ന് അദ്ദേഹം വ്യക്തമാക്കി 

Latest News