കുടക് -കർണാടകയിൽ ഭരിക്കുന്ന ബി.ജെ.പി സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന അറബിക് സ്‌കൂളുകളുടെ നിയമലംഘനങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടതായി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് വെള്ളിയാഴ്ച പറഞ്ഞു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന അറബിക് സ്‌കൂളുകൾ ചട്ടപ്രകാരമല്ല പ്രവർത്തിക്കുന്നതെന്നും ഭാഷകളും ശാസ്ത്രവും കൃത്യമായി പഠിക്കുന്നില്ലെന്നും മടിക്കേരിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. നിരവധി അക്കാദമിക് വിദഗ്ധരും മറ്റുള്ളവരും ഇക്കാര്യത്തിൽ ആശങ്ക ഉന്നയിച്ചതിനാൽ വിദ്യാഭ്യാസ വകുപ്പ് കമ്മീഷണറോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അറബി വിദ്യാഭ്യാസം നൽകുന്ന ചുരുക്കം ചില മദ്രസകൾ മാത്രമാണ് നിയമങ്ങൾ പാലിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശങ്ങൾ പലരും ലംഘിക്കുന്നുണ്ടെന്നും ഇത് തുടക്കത്തിൽ തന്നെ വ്യക്തമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 106 എയ്ഡഡ്, 80 അൺ എയ്ഡഡ് അറബിക് സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രതിവർഷം 27,000 കുട്ടികളാണ് അറബിക് സ്‌കൂളുകളിൽ പ്രവേശനം നേടുന്നത്. യഥാർത്ഥത്തിൽ എത്രപേർ അറബിക് സ്‌കൂളിൽ ചേരുന്നു എന്നതിന്റെ കണക്കുകളിൽ വലിയ വ്യത്യാസമുണ്ടെന്ന് മന്ത്രി നാഗേഷ് പറഞ്ഞു.
പല അറബിക് സ്‌കൂളുകളും കന്നഡ, ഇംഗ്ലീഷ്, കണക്ക്, സയൻസ് വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ഒട്ടും പ്രാധാന്യം നൽകുന്നില്ലെന്ന ആക്ഷേപമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാണ്. മതത്തിന്റെ പേരിൽ ഒരു കുട്ടിക്കും വിദ്യാഭ്യാസം നഷ്ടപ്പെടരുത്. മദ്രസകളിൽ നിന്ന് പുറത്തുവരുന്ന വിദ്യാർത്ഥികൾക്ക് പഠനപരമായി മറ്റുള്ളവരുമായി മത്സരിക്കാൻ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു.






