ദോഹ- ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന തന്റെ രാജ്യത്തെ ഫുട്‌ബോള്‍ ആരാധകരോട് ആതിഥേയ രാജ്യത്തിന്റെ സംസ്‌കാരത്തെ ബഹുമാനിക്കാന്‍ യു.കെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി ആഹ്വാനം ചെയ്തു.
ഓരോ രാജ്യത്തിനും അവരുടേതായ സാംസ്‌കാരിക മൂല്യങ്ങളും പാരമ്പര്യങ്ങളുമുണ്ട്. നിങ്ങള്‍ ഒരു രാജ്യം സന്ദര്‍ശിക്കുമ്പോള്‍ അവരുടെ സംസ്‌കാരത്തെ ബഹുമാനിക്കുകയെന്നത് ഏറെ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. അത് നമ്മുടെ മാന്യതയുടെ ഭാഗമാണ്-അദ്ദേഹം പറഞ്ഞു.
ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ ഖത്തര്‍ അധികൃതരുമായി അടുത്ത് ഇടപഴകുന്നുണ്ടെന്നും ഖത്തറിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഫുട്‌ബോള്‍ ആസ്വദിക്കാന്‍ ഖത്തറില്‍ പോകാന്‍ ആഗ്രഹിക്കുന്ന ആരാധകരുടെ സുരക്ഷ ഉറപ്പാക്കും.
മിഡില്‍ ഈസ്റ്റില്‍ യു.കെയ്ക്ക് നിരവധി പ്രധാന പങ്കാളികളുണ്ടെന്നും അവ വ്യത്യസ്തമായ സംസ്‌കാരങ്ങളുള്ള സ്വതന്ത്ര രാജ്യങ്ങളാണെന്നും മന്ത്രി പറഞ്ഞു. ഒരു രാജ്യം സന്ദര്‍ശിക്കുമ്പോള്‍ അതിന്റെ സംസ്‌കാരത്തെ ബഹുമാനിക്കുക വളരെ പ്രധാനമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.