മലയാളി: സ്വപ്‌നയുടെയും സരിതയുടെയും കണ്ണിൽ

മലയാളി പുരുഷന്മാരെക്കുറിച്ചുള്ള കൃത്യമായ വിശകലനമാണ് സ്വപ്‌നയുടേത്. അവസരം കിട്ടിയാൽ സ്ത്രീകളോട് മിസ് ബിഹേവ് ചെയ്യുന്നവർ തന്നെയാണ് മിക്കവാറും മലയാളി പുരുഷന്മാർ. അത് കുറ്റകരവുമാണ്. പക്ഷേ അതിൽ അവരെ ഒറ്റക്കെടുത്ത് അധിക്ഷേപിക്കുന്നത് ഏകപക്ഷീയമായിരിക്കും. അവർ സ്ത്രീകളുമായി ഓപണായി ഇടപഴകാൻ പറ്റാത്തവണ്ണം ഫ്രസ്‌േട്രറ്റഡ് ആണ്. 

 

ലൈംഗികതയിലും ലിംഗനീതിയിലും സ്ത്രീപുരുഷ ബന്ധങ്ങളിലുമൊക്കെ എത്രമാത്രം പിറകിലാണ് കേരളം എന്നു വ്യക്തമാക്കുന്ന സംഭവവികാസങ്ങളാണ് അനുദിനം നടന്നുകൊണ്ടിരിക്കുന്നത്. ജാതി, മത, വർഗ, സാമ്പത്തിക, സാംസ്‌കാരിക, ഔദ്യോഗിക വ്യത്യാസമില്ലാതെ സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നുള്ളവരും പ്രതിക്കൂട്ടിൽ നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്. പീഡനങ്ങളും പീഡന വെളിപ്പെടുത്തലുകളും മീ ടുകളും തുടങ്ങി പ്രണയത്തിന്റെ പേരു പറഞ്ഞുള്ള കൊലപാതകങ്ങളും വരെ വാർത്തകളിൽ നിറയുന്നു. തന്റെ കാമുകി എന്നവകാശപ്പെടുന്ന പെൺകുട്ടിക്ക് ഒരാൺ സുഹൃത്തുണ്ടെന്നറിഞ്ഞ്, അവളുടെ തലയറുത്ത് കൊണ്ടുപോയി ആൺസുഹൃത്തിനെ കാണിച്ച് അയാളെയും കൊല്ലാൻ പ്ലാൻ ചെയത യുവാവിനെ കുറിച്ചുള്ള വാർത്തയുടെ ഞെട്ടലിലാണ് ഈ കുറിപ്പെഴുതുന്നത്. നീതിപീഠം നൽകുന്ന ഏറ്റവും വലിയ ശിക്ഷ അവനർഹിക്കുന്നു. അതേസമയം അത്തരമൊരവസ്ഥയിലേക്ക് കേരളമെത്തിച്ചേർന്ന ചരിത്രമെടുത്തു പരിശോധിച്ചാൽ മുഴുവൻ പ്രസ്ഥാനങ്ങളും പ്രതിക്കൂട്ടിലാണ്. കഴിഞ്ഞില്ല, ഓരോ മലയാളിയും പ്രതിക്കൂട്ടിലാണ് എന്നു തന്നെ പറയേണ്ടിവരും. 

അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരിൽ എം. ശിവശങ്കരൻ എഴുതിയ പുസ്തകത്തിനു മറുപടിയായി  ചതിയുടെ പത്മവ്യൂഹം എന്ന പേരിൽ സ്വപ്‌ന സുരേഷ് പുറത്തിറക്കിയ പുസ്തകവും തുടർന്ന് അവർ നടത്തിയ വെളിപ്പെടുത്തലുകളുമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. മുമ്പ് സരിത നായർ ആരോപണങ്ങളുന്നയിച്ചിരുന്നതിനു സമാനമാണ് ഇപ്പോഴത്തെ സംഭവങ്ങളും. ഒരു വ്യത്യാസം മാത്രം. അന്നു വാദികളായിരുന്നവർ ഇന്നു പ്രതികളും ഇന്നു പ്രതികളായവർ അന്നു വാദികളുമാണ്. എന്നാൽ അന്നത്തെ പ്രതിപക്ഷം നടത്തിയ പോലുള്ള പ്രക്ഷോഭങ്ങൾ നടത്താൻ ഇന്നത്തെ പ്രതിപക്ഷത്തിനു കഴിയുന്നില്ല. മറുവശത്ത് എൽദോസ് കുന്നപ്പിള്ളിക്കെതിരായ ആരോപണങ്ങളിൽ ഇടതുപക്ഷവും കാര്യമായി പ്രതികരിക്കുന്നത് കാണുന്നില്ല. എന്തായാലും ഈ വിഷയവുമായി ബന്ധപ്പെട്ട കക്ഷിരാഷ്ട്രീയമല്ല ഈ കുറിപ്പിൽ ചർച്ച ചെയ്യാനുദ്ദേശിക്കുന്നത്. മറിച്ച് ആരംഭത്തിൽ സൂചിപ്പിച്ച, ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ  മലയാളികൾ പൊതുവിൽ നേരിടുന്ന പ്രശ്‌നങ്ങളാണ്. 

മുൻമന്ത്രിമാർക്കെതിരായ ആരോപണങ്ങൾ ഉന്നയിച്ച ശേഷം സ്വപ്‌ന സുരേഷ് പറഞ്ഞ ചില വാചകങ്ങൾ കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമാണ്. 'സൗഹൃദങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടെന്നും കേരളത്തിലെ പുരുഷന്മാർ ഫ്രസ്ട്രേറ്റഡ് ആണെന്നും അവർക്ക് സ്ത്രീകളുമായി ഓപണായി ഇടപെടാൻ കഴിയുന്നില്ലെന്നും  അവരുടെ ഫീലിംഗ്സ് പ്രകടിപ്പിക്കാൻ കഴിയുന്നില്ലെന്നും  അതിനാൽ തന്നെ  അവർ സ്ത്രീകളെ കാണുമ്പോൾ മിസ് ബിഹേവ് ചെയ്യുന്നു എന്നുമാണ്' അവർ പറഞ്ഞത്. തന്റെ വ്യവസായ സംരംഭവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ - ഔദ്യോഗിക മേഖലകളിലെ പലരും സമീപിച്ചപ്പോഴുണ്ടായ അനുഭവങ്ങളിൽ നിന്ന് സരിത നായരും സമാന വാചകങ്ങൾ പറഞ്ഞിട്ടുണ്ട്. ഇരുകൂട്ടരും ഇതു പറയുന്നത് സമൂഹത്തിലെ ഉന്നത സ്ഥാനത്തിരിക്കുന്നവരുടെ പ്രവൃത്തികളും സമീപനങ്ങളും കണ്ടാണ്. അപ്പോൾ മറ്റുള്ളവരുടെ കാര്യം എങ്ങനെയായിരിക്കും എന്നാരെങ്കിലും ചോദിച്ചാൽ കുറ്റപ്പെടുത്താനാവില്ല.

മലയാളി പുരുഷന്മാരെക്കുറിച്ചുള്ള കൃത്യമായ വിശകലനമാണ് സ്വപ്‌നയുടേത്. അവസരം കിട്ടിയാൽ സ്ത്രീകളോട് മിസ് ബിഹേവ് ചെയ്യുന്നവർ തന്നെയാണ് മിക്കവാറും മലയാളി പുരുഷന്മാർ. അത് കുറ്റകരവുമാണ്. പക്ഷേ അതിൽ അവരെ ഒറ്റക്കെടുത്ത് അധിക്ഷേപിക്കുന്നത് ഏകപക്ഷീയമായിരിക്കും. സ്വപ്‌ന പറയുന്ന പോലെ അവർക്ക് സ്ത്രീകളുമായി ഓപണായി ഇടപഴകാൻ പറ്റാത്തവണ്ണം ഫ്രസ്‌ട്രേറ്റഡ് ആണ്. അതിനാകട്ടെ കൃത്യമായ കാരണങ്ങളുമുണ്ട്. 

മുൻമന്ത്രിയായ ഉന്നത നേതാവിനെ കുറിച്ച് സ്വപ്‌ന ഉന്നയിച്ച ആരോപണം തന്നെ നോക്കാം. തന്നെ മൂന്നാറിലേക്കു ക്ഷണിച്ചു എന്നാണവർ പറയുന്നത്. സത്യത്തിൽ ഒരു വികസിത സമൂഹത്തിൽ ഒരാളും ശ്രദ്ധിക്കാൻ പോലും തയാറാകാത്ത ആരോപണമാണിത്. ഒരാൾ ഒരാളെ ഒരു സ്ഥലം കാണാൻ ക്ഷണിക്കുന്നു, താൽപര്യമെങ്കിൽ പോകാം, പോകാതിരിക്കാം. അതവരുടെ മാത്രം പ്രശ്‌നമാകേണ്ടതാണ്. നിർഭാഗ്യവശാൽ പ്രബുദ്ധമെന്നൊക്കെ അഹങ്കരിക്കുന്ന കേരളത്തിൽ ഇതെല്ലാവരുടെയും പ്രശ്‌നമാണ്. ലൈംഗികതുമായി ബന്ധപ്പെട്ടല്ലാതെ അത്തരം യാത്രകൾ സങ്കൽപിക്കാൻ നമുക്കാവുന്നില്ല. അതേറെക്കുറെ ശരിയാണുതാനും. അതിനാൽ തന്നെ ഒരു സ്ത്രീയുടെ ആശങ്ക തെറ്റാണെന്നു പറയാനാകില്ല. മറുവശത്ത് രണ്ടു വ്യക്തികൾ തങ്ങളുടെ താൽപര്യപ്രകാരം അടുത്തിടപഴുകിയാലും യാത്ര ചെയ്താലും ലൈംഗികതയിലേർപ്പെട്ടാലും ഇല്ലെങ്കിലും സദാചാര വാളുമായി ചാടിപ്പുറപ്പെടുന്നവരുമാണ് നമ്മൾ. 

ബലം പ്രയോഗിച്ചുള്ള ലൈംഗികത കുറ്റകരമാണെന്നതിൽ ആർക്കും തർക്കം കാണില്ല. അതുപോലെ മറ്റുള്ളവരുടെ ബന്ധങ്ങളിലേക്ക് ഒളിഞ്ഞുനോക്കുന്ന സദാചാര പോലീസിന്റെ നടപടിയും കുറ്റകരമാണെന്ന ബോധം പതുക്കെയാണെങ്കിലും ഉണ്ടാകുന്നുണ്ട്. ഇപ്പോൾ നടക്കുന്ന തർക്കങ്ങളിൽ പ്രധാനം ലൈംഗികതയും പീഡനവുമെങ്ങനെ വേർതിരിക്കാമെന്നതാണ്. ഇരുകൂട്ടരുടെയും താൽപര്യത്തോടെയുള്ള ലൈംഗികതയെ പിന്നീട് പീഡനമായി വ്യാഖ്യാനിക്കുന്നതായുള്ള ആരോപണങ്ങളും നിരന്തരമായി ഉയരുന്നു.  രണ്ടു പേർക്കിടയിൽ ഉണ്ടാവുന്ന ശരീര ബന്ധത്തിൽ അനുമതി ഉണ്ടാകുന്നത് വ്യാജമായ രീതിയിലാണെങ്കിൽ അതിനെ പീഡനമായിത്തന്നെ കാണണമെന്നതാണ് ഉയർന്നു വരുന്ന ശ്രദ്ധേയമായ വാദം. നിലനിൽക്കുന്ന നിയമ സംവിധാനത്തിൽ പ്രായപൂർത്തിയായ രണ്ടുപേർ സമ്മതത്തോടെ ബന്ധത്തിലേർപ്പെടുന്നത് കുറ്റകരമല്ല എന്ന നിയമം ഇവിടെ അപ്രസക്തമാണെന്നാണ് വാദം. വിവാഹം കഴിക്കാം എന്ന ഉറപ്പിന്മേൽ ഒരു പെൺകുട്ടി ലൈംഗിക ബന്ധത്തിന് തയാറാവുകയും എന്നാൽ ആ വാഗ്ദാനം ലംഘിക്കപ്പെടുകയും ചെയ്താൽ അത് വ്യാജമായി നേടിയ സമ്മതമാണ് എന്ന് തന്നെ കരുതേണ്ടി വരും.  ഉഭയ സമ്മത പ്രകാരമുളള ലൈംഗികത എന്നതിൽ എങ്ങനെ സമ്മതം നേടിയെടുത്തു എന്നത് പ്രധാനമാണ്. പ്രത്യക്ഷമായോ പരോക്ഷമായോ അധികാരത്തിന്റെ പ്രിവിലേജ് ഉപയോഗിച്ചോ പലവിധ പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നൽകിയോ ഭീഷണിപ്പെടുത്തിയോ മറ്റോ നേടുന്ന സമ്മതവും പീഡനത്തിന്റെ പരിധിയിൽ തന്നെയാണ് വരുന്നത്. സിനിമയിൽ ചാൻസ് തരാമെന്നു പറഞ്ഞുള്ള ബന്ധം ഒരുദാഹരണം. സ്വപ്‌നയും സരിതയുമൊക്കെ പറയുന്ന ആരോപണങ്ങളിൽ ഇത്തരം ഘടകങ്ങൾ ഉണ്ടെന്നതാണ് ഒരു പ്രധാന വാദം. 

എന്തായാലും വളരെ മോശമായ ഒരവസ്ഥയിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു ഭാഗത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വൻതോതിൽ വർധിക്കുന്നു. അവരിൽ കുട്ടികളും വൃദ്ധകളുമടക്കം ഉൾപ്പെടും. സ്വന്തം വീട്ടിടങ്ങളിലും വിദ്യാലയങ്ങളിലും കാര്യാലയങ്ങളിലും പൊതുയിടങ്ങളിലും യാത്രാവേളകളിലുമെല്ലാം പീഡനങ്ങൾ അരങ്ങേറുന്നു. പരസ്പര സമ്മതത്തോടെയുള്ള ഇടപെടലുകൾ പോലും പീഡനങ്ങളായി മാറുന്നു. എവിടെയും സദാചാര പോലീസിന്റെ കണ്ണുകളാണ്. സ്ത്രീസുരക്ഷക്കായി രൂപം കൊണ്ട പിങ്ക് പോലീസ് പോലും അതു നേടാൻ ശ്രമിക്കുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യങ്ങൾ നിഷേധിച്ചാണ്. അതിന്റെയാക്കെ തുടർച്ചയാണ് കഴിഞ്ഞ ദിവസം നടന്ന അതിക്രൂരമായ കൊലപാതകവും. 

 

Latest News