സമ്മാനം അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ഏഷ്യന്‍ സംഘം പിടിയില്‍ 

അബുദാബി- സമ്മാനം അടിച്ചെന്ന് സന്ദേശമയച്ച് തട്ടിപ്പ് നടത്തിയ 11 അംഗ ഫോണ്‍ തട്ടിപ്പു സംഘം യു.എ.ഇയില്‍ പോലീസ് പിടിയിലായി. അബുദാബി-ദുബായ് പോലീസിന്റെ സംയുക്ത നീക്കമാണു സംഘത്തെ കുടുക്കിയത്.  
ഏഷ്യന്‍ പൗരന്‍മാരടങ്ങുന്ന സംഘം സ്വദേശികളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. 
വന്‍തുക സമ്മാനം നേടിയെന്ന രീതിയില്‍ ടെലിഫോണില്‍ മെസേജ് അയച്ചു കൊണ്ടാണ് തട്ടിപ്പിന്റെ തുടക്കം. പണം അയക്കുന്നതിനായി പിന്നീട് ബാങ്ക് വിവരങ്ങളും ആവശ്യപ്പെടും. സമ്മാനം മോഹിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നതോടെ ഇത് ഉപയോഗിച്ച് പണം തട്ടുകയാണ് സംഘത്തിന്റെ രീതി.  ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചുവെന്നും  എല്ലാവരെയും കബളിച്ചിരിക്കുന്നത് ഒരേ രീതിയിലാണെന്നും അല്‍ഐന്‍ പൊലീസ് ഡയറക്ടറേറ്റ് ഡയറക്റ്റര്‍ കേണല്‍ മുബാറക് സൈഫ് അല്‍ സബൂസി പറഞ്ഞു.  
അറസ്റ്റിലായ പ്രതികളില്‍നിന്ന് പണത്തിനു പുറമെ, ക്രഡിറ്റ് കാര്‍ഡ്, ബാങ്ക് നോട്ട്, ചെക്ക് ബുക്ക്, സിം കാര്‍ഡ് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. 
 

Latest News