Sorry, you need to enable JavaScript to visit this website.

ഗൾഫിൽ കഴിയുന്ന വിദേശികൾക്ക് ഒമാനിൽ ഓൺഅറൈവൽ വിസ

റിയാദ് - മുഴുവൻ ഗൾഫ് രാജ്യങ്ങളിലും കൊമേഴ്‌സ്യൽ പ്രൊഫഷനുകളിലുള്ള, നിയമാനുസൃത ഇഖാമകളിൽ കഴിയുന്ന വിദേശികൾക്ക് ഒമാനിൽ ഓൺഅറൈവൽ വിസ. ഒമാൻ സന്ദർശനത്തിന് ഇനി വിദേശികൾ മുൻകൂട്ടി വിസകൾ നേടേണ്ടതില്ല. ഒമാനിലെത്തുമ്പോൾ ഫീസ് അടച്ച് ഓൺഅറൈവൽ വിസ നേടിയാൽ മതി. ഗൾഫിൽ തങ്ങൾ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു തന്നെ വിദേശികൾ ഒമാനിൽ നേരിട്ട് പ്രവേശിക്കണമെന്ന് വ്യവസ്ഥയില്ല. ഏതു രാജ്യങ്ങളിൽ നിന്നും ഏതു സമയത്തും വരുന്ന വിദേശികൾക്ക് ഈ ഇളവ് പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ ഗൾഫ് രാജ്യത്തെ വിദേശികളുടെ റെസിഡൻസ് വിസാ കാലാവധി മൂന്നു മാസത്തിൽ കുറയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഒമാനിൽ വിലക്കുള്ള രാജ്യക്കാർക്ക് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നയം ലംഘിക്കാതെയാണ് ഗൾഫിൽ കഴിയുന്ന വിദേശികൾക്ക് ഒമാനിലേക്ക് പ്രവേശനം നൽകുക. ഇക്കാര്യങ്ങൾ അറിയിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട്‌സ് ആന്റ് റെസിഡൻസിൽ നിന്ന് നിർദേശം ലഭിച്ചതായി ഒമാനിൽ നിന്നും ഒമാനിലേക്കും സർവീസ് നടത്തുന്ന മുഴുവൻ വിമാന കമ്പനികളെയും ഒമാൻ എയർപോർട്ടുകളിൽ പ്രവർത്തിക്കുന്ന ഗ്രൗണ്ട് ഹാന്റ്‌ലിംഗ് കമ്പനികളെയും ഒമാൻ എയർപോർട്ട്‌സ് സർക്കുലറിലൂടെ അറിയിച്ചു. 
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദി അറേബ്യയും ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ തുടങ്ങിയിട്ടുണ്ട്. ഷെൻഗൻ കരാറിൽ ഉൾപ്പെട്ട ഏതെങ്കിലും രാജ്യങ്ങൾ, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ വിസകൾ ലഭിച്ചവർക്കും ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നുണ്ട്. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളിലും അമേരിക്കയിലും ബ്രിട്ടനിലും സ്ഥിരതാമസ വിസ ലഭിച്ച വിദേശികൾക്കും ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നുണ്ട്. 
ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന വിദേശികൾക്ക് വിസിറ്റ്‌സൗദി ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് വഴിയാണ് ഇ-വിസകൾ അനുവദിക്കുന്നത്. ഇതിന് ഇത്തരക്കാരുടെ ഇഖാമ കാലാവധി മൂന്നു മാസത്തിലും പാസ്‌പോർട്ട് കാലാവധി ആറു മാസത്തിലും കുറവാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന വിദേശികളുടെ അടുത്ത ബന്ധുക്കൾക്കും സ്‌പോൺസർമാർക്കൊപ്പം എത്തുന്ന ഗാർഹിക തൊഴിലാളികൾക്കും ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നുണ്ട്. ഗൾഫിലെ വിദേശികൾ ടൂറിസ്റ്റ് വിസ ലഭിക്കാൻ 300 റിയാൽ ഫീസും ഇൻഷുറൻസ് പോളിസി നിരക്കും നൽകണം. 
ഷെൻഗൻ വിസയും അമേരിക്കൻ വിസയും ബ്രിട്ടീഷ് വിസയും ലഭിക്കുന്നവർക്കും അടുത്ത ബന്ധുക്കൾക്കും സൗദി തുറമുഖങ്ങളിലും എയർപോർട്ടുകളിലും കരാതിർത്തി പോസ്റ്റുകളിലും വെച്ച് ഓൺഅറൈവൽ വിസയാണ് അനുവദിക്കുന്നത്. ഇതിന് ഇത്തരക്കാർ വിസ അനുവദിച്ച രാജ്യത്ത് പ്രവേശിക്കാൻ ഒരു തവണയെങ്കിലും വിസ ഉപയോഗപ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ബ്രിട്ടനിലും സ്ഥിരതാമസ പദവി ലഭിച്ചവർക്കും അടുത്ത ബന്ധുക്കൾക്കും ഇതേപോലെ ഓൺഅറൈവൽ വിസ ലഭിക്കും. ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് ഹജ് കർമം നിർവഹിക്കാനും ഹജ് സീസണിൽ ഉംറ കർമം നിർവഹിക്കാനും അനുമതിയുണ്ടാകില്ല.

Latest News