വാടകക്കെടുത്ത കാറുമായി മുങ്ങി മലപ്പുറത്ത് താമസം തുടങ്ങി, 16 വര്‍ഷത്തിനുശേഷം പിടിയില്‍

അഞ്ചല്‍- വാടകക്കെടുത്ത കാറുമായി കുടുംബസമേതം മുങ്ങിയ യുവാവ് 16 വര്‍ഷത്തിനു ശേഷം പിടിയില്‍. ആയൂര്‍ നീറായിക്കോട് കടയില്‍ വീട്ടില്‍ ഷൈജു ലൂക്കോസ് (41) ആണ് അറസ്റ്റിലായത്. അഞ്ചല്‍ പോലീസ് മലപ്പുറത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
2006 ജനുവരി 22നാണ് കേസിനാസ്പദമായ സംഭവം. തഴമേല്‍ വക്കംമുക്ക് നെല്ലിമൂട്ടില്‍ വീട്ടില്‍ മുഹമ്മദ് ഫറൂക്കിന്റെ മാരുതി കാറാണ് തട്ടിയെടുത്തത്. രണ്ട് ദിവസത്തേക്ക് ടൂര്‍ പോകാനെന്ന് പറഞ്ഞാണ് വാടകക്കെടുത്തിരുന്നത്.  അഞ്ചലിലെ സ്വകാര്യ ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടാന്‍ ശ്രമിക്കവേ പോലീസ് പിടിയിലായി ജാമ്യത്തിലിറങ്ങിയ ഷൈജു  കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വാഹനവുമായി കടന്നുകളഞ്ഞ കേസില്‍ 2010ല്‍ പുനലൂര്‍ കോടതിയും ഷൈജു ലൂക്കോസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

അഞ്ചല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പുത്തനങ്ങാടിയില്‍ ലൂക്കോസ് എന്ന പേരില്‍ കുടുംബമായി കഴിയുന്നെന്നും നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ െ്രെഡവറായി ജോലി നോക്കിവരികയാണെന്നും പോലീസിന് വിവരം ലഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ ചരക്കുവണ്ടിയുമായി ഓട്ടം പോയ ഷൈജു ലൂക്കോസ് തിരികെ വീട്ടിലെത്തിയപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

 

Latest News