സൗദി അരാംകോ ഉദ്യോഗസ്ഥനെ ഒരാഴ്ച ഇന്ത്യയില്‍ ജയിലിലടച്ചു, 1000 രൂപ പിഴ ഈടാക്കി വിട്ടു

ന്യൂദല്‍ഹി- ഇന്ത്യയില്‍ അവധി ആഘോഷിക്കാനെത്തിയ സൗദി അരാംകോയിലെ ഉന്നത ഉദ്യോഗസ്ഥന് സാറ്റലൈറ്റ് ഫോണിന്റെ പേരില്‍ ഒരാഴ്ച ജയിലില്‍ കഴിയേണ്ടിവന്നു. അനുമതയില്ലാതെ സാറ്റലൈറ്റ് ഫോണ്‍ കൈവശം വെച്ചുവെന്നാരോപിച്ചാണ് കഴിഞ്ഞ ജൂലൈയില്‍ ഫെര്‍ഗുസ് മെക് ലോഡ് എന്ന് അരാംകോ എക്‌സിക്യുട്ടൂവിനെ ഒരാഴ്ചയോളം ഉത്തരാഖണ്ഡ് ജയിലിലടച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒടുവില്‍ ആയിരം രൂപ പിഴ ഈടാക്കിയാണ് അദ്ദേഹത്തെ വിട്ടയച്ചതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഉത്തരാഖണ്ഡിലെ വാലി ഓഫ് ഫ് ളവേഴസ് നാഷണല്‍ പാര്‍ക്കിലെ ഹോട്ടലില്‍നിന്ന് ജൂലൈ 12 നാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് ഫെര്‍ഗുസ് വെളിപ്പെടുത്തി. ജൂലൈ 18 വരെ ജയിലില്‍ കഴിയേണ്ടി വന്നു.
സ്വിച്ച് ഓഫ് ചെയ്ത ഫോണാണ് തന്റെ കൈയില്‍ ഉണ്ടായിരുന്നതെന്നും അവധക്കാലത്ത് ഉപയോഗിച്ചിട്ടില്ലെന്നും 62 കാരനായ യു.കെ സ്വദേശി പറയുന്നു. അരാംകോയില്‍ ഇന്‍വെസറ്റര്‍ റിലേഷന്‍സ് മേധാവിയാണ് ഇദ്ദേഹം.
വിദേശ പൗരന്മാര്‍ അംഗീകാരമില്ലാതെ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ ശിക്ഷാര്‍ഹമാണെന്ന് ചമോലി എസ്.പി ശ്വേതാ ചൗബെ പറഞ്ഞു. സാറ്റലൈറ്റ് ഫോണ്‍ കൈവശമുണ്ടെന്ന് സ്ഥിരീകരിച്ചതിനു ശേഷമായിരുന്നു അറസ്‌റ്റെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.

അനുമതിയില്ലാതെ സാറ്റലൈറ്റ്് ഫോണ്‍ കൊണ്ടുവരുന്നത് നിയമവിരുദ്ധമാണെന്ന കാര്യം ഫെര്‍ഗുസിന് അറിയില്ലായിരുന്നുവെന്നും നിയമം നടപ്പിലാക്കയതില്‍ തെറ്റില്ലെന്നും എസ്.പി അവകാശപ്പെട്ടു.
ചൈനയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖയുമായി ചേര്‍ന്നു കിടക്കുന്നത പ്രദേശമാണ് ചമോലി ജില്ല. വിദേശ പൗരന്റെ പക്കല്‍ സാറ്റലൈറ്റ് ഫോണ്‍ ഉണ്ടെന്ന് ജൂലൈ 11ന് രഹസ്യവിവരം ലഭിക്കുകയായിരുന്നുവെന്ന് ഗോവിന്ദ്ഘട്ട് പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഓഫീസര്‍ നരേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു. ഒരു പോലീസുകാരനെ അയച്ച് സ്ഥിരീകരിച്ച ശേഷമാണ് ഇന്ത്യന്‍ ടെലഗ്രാഫ് നിയമം, ഇന്ത്യന്‍ വയര്‍ലസെ ടെലഗ്രാഫി നിയമം എന്നിവ പ്രകാരം അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News