മോഡിയുടെ കള്ളംപറച്ചിൽ സ്വാഭാവികമെന്ന് രാഹുൽ

ബംഗളുരു- തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കർണാടക തലസ്ഥാനമായ ബംഗളുരൂവിനെ മോശമായി ചിത്രീകരിക്കുകയും അവഹേളിക്കുകയും ചെയ്തതിനെതിരെ ചുട്ടമറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കള്ളം പറഞ്ഞു പിടിപ്പിക്കുക എന്നത് പ്രധാനമന്ത്രി മോഡിയുടെ സ്വഭാവമാണെന്നും അതു സ്വാഭാവികമാണെന്നും രാഹുൽ തിരിച്ചടിച്ചു. ഉദ്യാന നഗരമെന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ബംഗളുരൂവിനെ മാലിന്യ നഗരമെന്നാണ് മോഡി കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്. ഇന്ത്യയുടെ അഭിമാനമായ നഗരത്തെ അവഹേളിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും രാഹുൽ പറഞ്ഞു. 

നഗര വികസനത്തിൽ കോൺഗ്രസിന്റേയും ബിജെപിയുടെയും സംഭവാനകളുടെ കണക്കുകൾ നിരത്തിയാണ് മോഡിക്കെതിരെ രാഹുൽ രംഗത്തെത്തിയത്. മോഡി സർക്കാർ നൽകിയതിനേക്കാൾ 1,100 ശതമാനം കൂടുതൽ ഫണ്ട് കർണാടകയിലെ കോൺഗ്രസ് സർക്കാർ നഗരവികസനത്തിന് ചെലവഴിച്ചിട്ടുണ്ട്. 'കർണാടകയിലെ കോൺഗ്രസ് സർക്കാർ നഗരവികസനത്തിന് 6,570 കോടി രൂപയാണ് നൽകിയത്. അതേസമയം ബിജെപി ഈ ആവശ്യത്തിന് നൽകിയത് വെറും 598 കോടി രൂപയും,' രാഹുൽ പോസ്റ്റ് ചെയ്ത ട്വീറ്റിൽ പറയുന്നു.

കഴിഞ്ഞ ദിവസം ബംഗളുരുവിൽ നടന്ന തെരഞ്ഞെടുപ്പു റാലിയിലാണ് മോഡി നഗരത്തെ കോൺഗ്രസ് മാലിന്യ നഗരമാക്കി മാറ്റിയതെന്ന് ആരോപിച്ചത്. നഗരത്തിന്റെ ആവശ്യങ്ങൾക്ക് കോൺഗ്രസ് സർക്കാർ യാതൊരു പരിഗണനയും നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
 

Latest News