കുട്ടികളോ ഗുണ്ടകളോ

കൗമാര പ്രായത്തിൽ കുട്ടികൾ നടത്തുന്ന വഴിവിട്ട കാര്യങ്ങൾ പിൽക്കാലത്ത് അവരുടെ സ്വഭാവ രൂപീകരണത്തിൽ തന്നെ പ്രധാനമായി മാറും. അച്ചടക്കമില്ലാതെ, അക്രമത്തിന്റെ പാതയിലേക്ക് പോകുന്ന കുട്ടികളിൽ ചിലരെങ്കിലും പിന്നീട് ഗുണ്ടാപ്പണിയിലേക്ക് എത്തിപ്പെടാം. കൗമാരത്തിലെ ഈ വഴി തെറ്റലിനെ നിയന്ത്രിക്കാനും അവരെ നേർവഴിക്ക് കൊണ്ടുവരാനും വിദ്യാഭ്യാസ രംഗത്ത് പുത്തൻ സമീപനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. മാറുന്ന കാലത്തിനുസരിച്ച് കുട്ടികളെ നല്ല മാർഗത്തിലേക്ക് വഴി തെളിക്കാൻ അധ്യാപകർക്കും പൊതുസമൂഹത്തിനും കഴിയണം. കായിക മേഖലയിൽ കുട്ടികളെ കൂടുതൽ പങ്കാളികളാക്കി അവരുടെ ഭാവി ഉൽപാദനക്ഷമവും സമാധാനപരവുമായി മാറ്റേണ്ടതുണ്ട്.


കലാലയങ്ങളുടെ രസതന്ത്രം പാടെ മാറിയിരിക്കുന്നു. ഏതാണ്ട്, കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ പുതിയ തലമുറയിൽ വിദ്യാഭ്യാസത്തോടുള്ള മനോഭാവത്തിലുണ്ടായിട്ടുള്ള മാറ്റം വലുതാണ്. വിവര സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടത്തോടെ വിജ്ഞാന സമ്പാദനത്തിനുള്ള ഉപാധികൾ സ്‌കൂളുകളും കോളേജുകളും മാത്രമല്ലാതായിരിക്കുന്നു. ലോകം കൈവിരൽ തുമ്പിലെത്തി നിൽക്കുമ്പോൾ കലാലയങ്ങളിൽ നിന്ന് നഷ്ടപ്പെട്ടു പോകുന്നത് പലതുമാണ്. പാരമ്പര്യ വാദത്തിന്റെ പേരിൽ എതിർക്കപ്പെടുകയാണെന്ന് വിമർശനമുണ്ടാകുമെങ്കിലും കലാലയങ്ങൾക്ക് നഷ്ടപ്പെടുന്ന സ്വഭാവ ഗുണങ്ങൾ പല തിൻമകളിലേക്കും സമൂഹത്തെ നയിക്കുന്നുണ്ട്. 


വിദ്യാലയങ്ങൾ അക്ഷര, വിജ്ഞാന കേന്ദ്രങ്ങൾ മാത്രമല്ലല്ലോ? കുട്ടികൾ ജീവിതത്തിൽ ഏറെ സമയവും ചെലവിടുന്നത് അവിടെയാണ്. അച്ചടക്കം, മുതിർന്നവരോടുള്ള ബഹുമാനം, ജീവിത ചിട്ട തുടങ്ങിയ സദ്ഗുണങ്ങൾ വളരുന്നത് അവിടെയാണ് .എന്നാൽ പുത്തൻ തലമുറ അതിനൊന്നും അത്ര പ്രാധാന്യം നൽകുന്നില്ലെന്ന് വേണം കരുതാൻ. അറിവാണ് കരുത്ത് എന്ന ആപ്തവാക്യം അവരുടെ സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തുന്നു. വിവിധ കോണുകളിലൂടെ ലഭിക്കുന്ന അറിവുകൾ അവർക്ക് നഷ്ടപ്പെടുത്തുന്നത് ജീവിതത്തിലെ അടിസ്ഥാന സ്വഭാവ ഗുണങ്ങളാണ്.
മലബാറിന്റെ ചില മേഖലകളിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് വിദ്യാലയങ്ങളിൽ നടന്ന അക്രമങ്ങൾ പരമ്പരാഗതമായി വിദ്യാർഥികൾ പാലിച്ചു പോരുന്ന ചില ചിട്ടകളുടെ കൂടി നിരാകരണമാണ്.നിസ്സാര കാര്യങ്ങൾക്ക് പോലും സ്‌കൂളുകളിൽ കൂട്ടത്തല്ല് നടക്കുന്നുവെന്നാണ് കണ്ണൂരിലും മലപ്പുറത്തും നടന്ന അക്രമങ്ങൾ തെളിയിക്കുന്നത്. വിദ്യാർഥികൾ ചേരിതിരിഞ്ഞ് ആക്രമിക്കുകയും അത് സ്‌കൂളിന് പുറത്തേക്ക് വ്യാപിക്കുകയും ചെയ്യുന്നത് വലിയ ക്രമസമാധാന പ്രശ്‌നമായി തന്നെ മാറിയിരിക്കുന്നു. പൊതു നിരത്തിൽ നിന്ന് പരസ്പരം പോരടിക്കുന്ന വിദ്യാർഥികൾ തെരുവു ഗുണ്ടകളെ പോലെയാണ് അഴിഞ്ഞാടുന്നത്. മിക്ക വിദ്യാലയങ്ങളിലും ഇത്തരം അക്രമങ്ങൾ ആവർത്തിക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്. പുറത്തു വരുന്നത് വിരളം മാത്രം. ഒടുവിൽ നാട്ടുകാർ ഇടപെട്ട് കുട്ടി ഗുണ്ടകളെ അടിച്ച് സ്‌കൂൾ കോമ്പൗണ്ടിനുള്ളിൽ കയറ്റുന്നത് വരെയെത്തി കാര്യങ്ങൾ.


അടിസ്ഥാനപരമായി കുട്ടികൾക്ക് അച്ചടക്കമെന്ന സ്വഭാവ ഗുണം നഷ്ടപ്പെടുന്നതിന്റെ നേർക്കാഴ്ചയാണിതെല്ലാം. അധ്യാപകരുടെ സ്‌നേഹ ശാസനകളേറ്റ് സമാധാനത്തോടെയും സ്‌നേഹത്തോടെയും വളരേണ്ട കുട്ടികൾ, അവരെ ഗൗനിക്കാതെ അക്രമകാരികളാകുന്നത് ഭാവിയെ കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു. മിക്ക സ്‌കൂളുകളിലും അധ്യാപകർക്ക് നിയന്ത്രിക്കാവുന്നതിനേക്കാൾ മോശമായ നിലയിലേക്ക് കുട്ടികളുടെ അച്ചടക്കമില്ലായ്മ വളരുകയാണ്. അക്രമങ്ങളെ ചോദ്യം ചെയ്യുന്ന അധ്യാപകരെ തെറിവിളിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ അഭ്യാസങ്ങളും കുട്ടികൾ നടത്തുന്നുണ്ട്. 
വിദ്യാലയങ്ങളിൽ പല സ്വഭാവങ്ങളോടെ രൂപപ്പെടുന്ന ഗാങുകൾ സ്‌കൂളിലെ മറ്റു കുട്ടികൾക്ക് പോലും ഭീഷണിയായി മാറുന്നു. ചെറിയ കാരണങ്ങളിൽ നിന്നാണ് അവർ തമ്മിലുള്ള സംഘർഷം ഉടലെടുക്കുന്നത്. അത് സ്‌കൂൾ വരാന്തകളിലും മൈതാനങ്ങളിലും പടരുന്ന അടിപിടിയായി വളരുന്നു. പലപ്പോഴും കോമ്പൗണ്ടിന് പുറത്തും അക്രമമുണ്ട്. വിദ്യാർഥികളുടെ സംഘർഷം മൂലം ചിലയിടങ്ങളിലൊക്കെ റോഡുകളിൽ വാഹന ഗതാഗതം വരെ സ്തംഭിക്കുന്നു. വാഹനങ്ങളുടെ ചില്ലുകൾ തകർത്ത സംഭവം വരെയുണ്ടായി. ഗതികെട്ട് നാട്ടുകാർ കുട്ടികളെ അടിച്ച് സ്‌കൂളിലേക്ക് തന്നെ ഓടിക്കുന്ന ദൃശ്യങ്ങളും ഇതിനകം സമൂഹത്തിന് മുന്നിലെത്തിയിരിക്കുന്നു.


അധ്യാപകരുടെയോ വിദ്യാർഥി സംഘടനകളുടെയോ വരുതിയിൽ ഒതുങ്ങാത്തവരായി ഇത്തരം അക്രമികളായ കുട്ടികൾ മാറിയിരിക്കുന്നു. മുതിർന്നവരോടുള്ള ബഹുമാനമില്ലായ്മ, ഉപദേശങ്ങളോടുള്ള പുഛം എന്നിവയാണ് ഇവരുടെ മുഖമുദ്ര. കാമ്പസുകളിലെ സ്ഥാപിത വിദ്യാർഥി സംഘടനകൾക്ക് ഇത്തരം വിദ്യാർഥികളുടെ സ്വഭാവത്തിൽ മാറ്റം വരുത്താനാവുന്നില്ലെന്നത് രാഷ്ട്രീയ പരാജയമാണ്.
മയക്കുമരുന്നിന്റെ വ്യാപനം, സിനിമകൾ നൽകുന്ന തെറ്റായ സന്ദേശം എന്നിവ കുട്ടികളെ ഗുണ്ടകളാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. വിദ്യാലയങ്ങൾ വിവിധ തരം ലഹരി മരുന്നുകളുടെ വിൽപന കേന്ദ്രങ്ങളായി മാറുന്നു. വീട്ടിൽ രക്ഷിതാക്കൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത കുട്ടികളാണ് പലപ്പോഴും ഇത്തരം വിപത്തിന്റെ പിടിയിലാകുന്നത്. ലഹരി ഉപയോഗിക്കുന്ന കുട്ടികളിൽ അക്രമവാസന വർധിക്കുകയും കൂട്ടത്തല്ലിന്റെ മുൻപന്തിയിൽ ഇത്തരക്കാർ ഉണ്ടാകുകയും ചെയ്യുന്നു. അടുത്ത കാലത്ത് മലയാളത്തിൽ ഇറങ്ങിയ ചില സിനിമകൾ യുവാക്കളിൽ അക്രമവാസന വർധിപ്പിക്കുന്നവയാണെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് തന്നെ വ്യക്തമാക്കിയിരുന്നു.


കൗമാര പ്രായത്തിൽ കുട്ടികൾ നടത്തുന്ന വഴിവിട്ട കാര്യങ്ങൾ പിൽക്കാലത്ത് അവരുടെ സ്വഭാവ രൂപീകരണത്തിൽ തന്നെ പ്രധാനമായി മാറും. അച്ചടക്കമില്ലാതെ, അക്രമത്തിന്റെ പാതയിലേക്ക് പോകുന്ന കുട്ടികളിൽ ചിലരെങ്കിലും പിന്നീട് ഗുണ്ടാപ്പണിയിലേക്ക് എത്തിപ്പെടാം. കൗമാരത്തിലെ ഈ വഴി തെറ്റലിനെ നിയന്ത്രിക്കാനും അവരെ നേർവഴിക്ക് കൊണ്ടുവരാനും വിദ്യാഭ്യാസ രംഗത്ത് പുത്തൻ സമീപനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. മാറുന്ന കാലത്തിനുസരിച്ച് കുട്ടികളെ നല്ല മാർഗത്തിലേക്ക് വഴി തെളിക്കാൻ അധ്യാപകർക്കും പൊതുസമൂഹത്തിനും കഴിയണം. കായിക മേഖലയിൽ കുട്ടികളെ കൂടുതൽ പങ്കാളികളാക്കി അവരുടെ ഭാവി ഉൽപാദനക്ഷമവും സമാധാനപരവുമായി മാറ്റേണ്ടതുണ്ട്. സമൂഹത്തിന് മികച്ച സന്ദേശങ്ങൾ നൽകേണ്ട സിനിമകൾ, സമൂഹത്തിന്റെ പ്രതിഛായ എന്ന രീതിയിൽ പല കാര്യങ്ങളും പ്രദർശിപ്പിക്കുമ്പോൾ  കുറെ പേരെയെങ്കിലും വഴിതെറ്റിക്കുമെന്നും തിരിച്ചറിയണം. നാളെയുടെ വാദ്ഗാനങ്ങളാകേണ്ട ഇന്നത്തെ കുട്ടികളെ തെരുവുകളിൽ അക്രമം നടത്തുന്ന ഗുണ്ടകളായി വളരാൻ അനുവദിച്ചുകൂടാ.

 

Latest News