അയോധ്യ- അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പകുതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായെന്നും വിഗ്രഹങ്ങള്‍ സ്ഥാപിച്ചതിന് ശേഷം 2024 ജനുവരിയില്‍ രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കാന്‍ സാധിക്കുമെന്നും ശ്രീകോവിലിന്റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ രൂപീകരിച്ച ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.
ക്ഷേത്രത്തിന്റെ 50 ശതമാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായെന്നും മൊത്തത്തിലുള്ള പുരോഗതി തൃപ്തികരമാണെന്നും ശ്രീരാമ ജന്മഭൂമി തീര്‍ഥ് ഖേസ്ത്ര അറിയിച്ചു.
2024 ജനുവരിയില്‍ മകരസംക്രാന്തി ദിനത്തില്‍ ശ്രീകോവിലില്‍ രാമലല്ലയുടെ വിഗ്രഹങ്ങള്‍ സ്ഥാപിച്ച ശേഷം ക്ഷേത്രം ഭക്തര്‍ക്കായി തുറക്കുമെന്ന് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. അടുത്ത വര്‍ഷം ഡിസംബറോടെ ക്ഷേത്രത്തിന്റെ താഴത്തെ നില തയ്യാറാകുമെന്നും 2024 ജനുവരി 14 ഓടെ ശ്രീരാമ വിഗ്രഹങ്ങള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം നിര്‍മ്മിക്കാന്‍ 1800 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രമുഖ ഹിന്ദു മഠാധിപതികളുടെ വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ സ്ഥലം ഒരുക്കുമെന്നും റായ് പറഞ്ഞു.