തനിക്കിനി നഷ്ടപ്പെടാനൊന്നുമില്ലെന്ന് അശ്ലീല  സിനിമയിലഭിനയിച്ച യുവാവ്, ജീവന് ഭീഷണി

കോഴിക്കോട്- കരാറില്‍ കുടുക്കി ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിച്ചുവെന്ന പരാതിയുമായി യുവാവ് രംഗത്തുവന്നത് വലിയ ചര്‍ച്ചയായിരുന്നു. വെങ്ങാനൂര്‍ സ്വദേശിയാണ് അഡല്‍ട്ട്സ് ഒണ്‍ലി ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കും എതിരേ മുഖ്യമന്ത്രിക്കും പോലീസിലും പരാതി നല്‍കിയത്. സംവിധായിക രാഷ്ട്രീയമായി ഉന്നതബന്ധങ്ങളുള്ള വ്യക്തിയാണെന്നും ഇത്രയേറെ പരാതികള്‍ ഉയര്‍ന്നിട്ടും അവര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രമോഷന്‍ നടത്തുകയാണെന്നും യുവാവ് പറഞ്ഞു.
സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് അഭിനയിപ്പിച്ചത്. കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്തു. എന്നാല്‍ അശ്ലീല സിനിമയാണെന്ന് അറിയാതെയാണ് താന്‍ അഭിനയിക്കാന്‍ തയ്യാറായത്. എന്നാല്‍ സത്യം മനസ്സിലായപ്പോള്‍ തന്നെ പിന്‍മാറാന്‍ ശ്രമിച്ചു. എന്നാല്‍ കരാര്‍ കാണിച്ചു ഭീഷണിപ്പെടുത്തി. പിന്‍മാറിയാല്‍ കനത്ത നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നാണ് പറഞ്ഞത്. നിവൃത്തിയില്ലാതെ അഭിനയിക്കുകയായിരുന്നു.
ഞാന്‍ അഭിനയിച്ചത് താല്‍പര്യത്തോടെയായിരുന്നില്ല. അവര്‍ പറയുന്നതെല്ലാം കുറ്റബോധത്തോടെയാണ് ചെയ്തത്. ആത്മഹത്യയുടെ വക്കിലാണ് ഞാനിപ്പോള്‍. വീട്ടില്‍ നിന്ന് പുറത്തായി. ഇന്നാണ് പോലീസ് എന്റെ മൊഴി രേഖപ്പെടുത്തിയത്. രാഷ്ട്രീയമായി ഉന്നത ബന്ധമുള്ള വ്യക്തിയാണ് ആ സംവിധായിക. അതുകൊണ്ടാണ് നടപടിയെടുക്കാന്‍ വൈകുന്നത്. ഒരുപാട് ആളുകള്‍ ഇവര്‍ക്കെതിരേ പരാതി നല്‍കി കഴിഞ്ഞു. ഇപ്പോഴും അവര്‍ അടുത്ത വെബ് സീരീസിന്റെ പ്രമോഷന്‍ സോഷ്യല്‍ മീഡിയയില്‍ കൂടി നന്നായി ചെയ്യുന്നു.
അവര്‍ ഞങ്ങളെകൊണ്ട് ഒപ്പിടിച്ച കരാറിന് കടലാസിന്റെ വിലപോലുമില്ലെന്നാണ് എന്റെ അഭിഭാഷകന്‍ പറഞ്ഞത്. ഈ കടലാസ് വച്ചാണ് ഞങ്ങളില്‍ പലരെയും ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ചത്. പരാതി നല്‍കിയതിന് ശേഷം പല കോണുകളില്‍ നിന്നും എനിക്കെതിരേ ആക്രമം നടക്കുന്നുണ്ട്. എന്റെ ജീവന്‍ പോലും കടുത്ത ഭീഷണിയിലാണ്. അവര്‍ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിച്ചേ പറ്റൂ. അതിന്റെ പേരില്‍ എന്റെ ജീവന്‍ പോയാലും ഞാന്‍ പിന്‍മാറില്ല.
പോലീസിന് മൊഴി കൊടുത്തതിന് ശേഷം സ്ഫോടനാത്മകമായ പല കാര്യങ്ങളും പുറത്തുവരും. അതിന്റെ പിന്നില്‍ രാഷ്ട്രീയക്കാരും ലഹരിമാഫിയകളും പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസമോ ലോകപരിചയമോ ഇല്ലാത്ത ഒരു പാവം സ്ത്രീയെയും അവര്‍ ചൂഷണത്തിനിരയാക്കി. അവരും ഇവര്‍ക്കെതിരേ രംഗത്ത് വന്നിട്ടുണ്ട്. ഇന്ന് ആ സ്ത്രീ ഭര്‍ത്താവും കുഞ്ഞുങ്ങളുമായി തെരുവില്‍ കിടക്കുകയാണ്. സമൂഹം അവരെ ഒറ്റപ്പെടുത്തി.
അപകടം തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ പിന്‍മാറാന്‍ ശ്രമിച്ചിരുന്നു. അന്ന് അവര്‍ പറഞ്ഞത് ഞാന്‍ അഭിനയിച്ചില്ലെങ്കില്‍ എനിക്കെതിരേ ഏതെങ്കിലും പെണ്‍കുട്ടിയെ കൊണ്ട് ലൈംഗിക പീഡനപരാതി നല്‍കുമെന്നാണ്. എന്റെ കുടുംബ ജീവിതവും ഭാവിജീവിതവുമെല്ലാം അവര്‍ തകര്‍ത്തു. എനിക്കിന്ന് നഷ്ടപ്പെടാനൊന്നുമില്ല യുവാവ് പറഞ്ഞു

Latest News