മലപ്പുറം- ആർ.എസ്.എസ് കാര്യാലയം ആക്രമിച്ചെന്ന കെട്ടുക്കഥ മെനഞ്ഞുണ്ടാക്കി ആർ.എസ്.എസ് ഗുണ്ടകൾ മലപ്പുറത്ത് അനുവാദമില്ലാതെ പ്രകടനം നടത്തുകയും പ്രസ് ക്ലബ്ബ് ആക്രമിച്ച് പത്രപ്രവർത്തകരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് അലംഭാവം. സംഭവത്തിന്റെ തുടക്കം മുതലേ പോലീസ് വേണ്ടത്ര ഗൗരവത്തോടെയല്ല ഇടപെട്ടത്. പ്രസ് ക്ലബ്ബിലേക്ക് ഇരച്ചുകയറുകയും ചന്ദ്രിക ഫോട്ടോഗ്രഫറെ മർദിക്കുകയും ചെയ്ത ആർ.എസ്.എസ് പ്രവർത്തകർ പോലീസിന് മുന്നിലൂടെയാണ് ഇറങ്ങിപ്പോയത്. അക്രമികളെ പിടികൂടുന്നതിന് പകരം പോലീസ് പ്രസ് ക്ലബ്ബിന്റെ വാതിൽ അടക്കാനാണ് ശ്രമിച്ചത്. പിന്നീട് ഇതേ പ്രതികൾ തന്നെ പോലീസിനെ ഫോൺ ഏൽപപ്പിച്ചെങ്കിലും ഇവരെ പിടികൂടിയില്ല. വീണുകിട്ടിയ ഫോൺ സ്‌റ്റേഷനിൽ ഏൽപിച്ചെന്നായിരുന്നു പോലീസ് നൽകിയ വിശദീകരണം. ഇതിനിടക്ക് ആശുപത്രി സന്ദർശിച്ച എസ്.ഐ ചികിത്സയിൽ കഴിയുന്ന ചന്ദ്രിക ഫോട്ടോഗ്രഫർ ഫുആദിനെ മൊബൈൽ ഫോൺ തിരിച്ചേൽപിക്കാനും ശ്രമം നടത്തി. ഗുരുതരമായ വിഷയം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ നടപടി.
ഇതിനിടെ ആക്രമണത്തിനിരയായവരുടെ മൊഴിയെടുക്കാൻ വന്ന മലപ്പുറം സ്‌റ്റേഷനിലെ എ.എസ്.ഐയും സിവിൽ പോലീസ് ഓഫീസറും അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കിയതും പ്രതിഷേധത്തിനടയാക്കി. മൊഴിയെടുക്കാൻ വന്ന എ.എസ്.ഐയും വളരെ മോശമായാണ് പത്രക്കാരോട് പെരുമാറിയത്. ആക്രമണത്തിന് ഇരയായ ഫുആദിന് കൂട്ടിരുന്ന ചന്ദ്രിക ബ്യൂറോ ചീഫിനോട് മാറി നിൽക്കാൻ പോലീസ് ആവശ്യപ്പെട്ടു. മാനസികമായും ശരീരികമായും തളർന്ന രോഗിക്കൊപ്പം കൂട്ടിരുന്ന സഹപ്രവർത്തകനോട് മാറി നിൽക്കാൻ എ.എസ്.ഐ ഒ.കെ രാമചന്ദ്രൻ ആവശ്യപ്പെട്ടത് പത്രപ്രവർത്തകർ ചോദ്യം ചെയ്തു. രഹസ്യ മൊഴി എടുക്കേണ്ട ആവശ്യമില്ലെന്നും ചന്ദ്രിക ബ്യൂറോ ചീഫ് അടുത്തിരിക്കട്ടെയെന്നും പറഞ്ഞത് പോലീസ് ചെവി കൊണ്ടില്ല. ഇത് ചോദ്യം ചെയ്യുന്നതിനിടെ എ.എസ്.ഐയുടെ കൂടെയുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ എം. അനസ് രോഗിയെ സന്ദർശിക്കാനെത്തിയവരെ മൊബൈലിൽ പകർത്താൻ ശ്രമിച്ചത് ബഹളത്തിനിടയാക്കി. സംഭവ സ്ഥലത്തുണ്ടായിരുന്ന മുസ്്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പോലീസിനോട് സംസാരിച്ചെങ്കിലും പോലീസ് വഴങ്ങിയില്ല. പ്രതിഷേധം കനത്തതോടെ മൊഴിയെടുക്കാതെ പോലീസ് മടങ്ങി. തുടർന്ന് ഡിവൈ.എസ്പി ജലീൽ തോട്ടത്തിലും എസ്.ഐ ബി.എസ് ബിനുവും സംഭവ സ്ഥലത്തെത്തി. പ്രസ് ക്ലബ്ബ് സെക്രട്ടറി സുരേഷ് എടപ്പാളിന്റെയും ചന്ദ്രിക ബ്യൂറോ ചീഫ് അനീഷ് ചാലിയാറിന്റെയും സാന്നിധ്യത്തിൽ ഫുആദിന്റെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. എന്നാൽ പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചെങ്കിലും പ്രതികളെ രാത്രി വൈകിയും പിടികൂടിയിട്ടില്ല.






