പ്രൊഫ. എം. അബ്ദുൽ അലി: മറക്കാനാവാത്ത ചരിത്ര ക്ലാസുകൾ

തിരൂരങ്ങാടി കോളേജിലെ പൂർവ വിദ്യാർഥികൾ പ്രൊഫ. അബ്ദുൽ അലിയോടൊപ്പം. വലത്തേയറ്റത്ത് ലേഖകൻ (ഫയൽ) 
  • ഈയിടെ അന്തരിച്ച പ്രൊഫ. എം. അബ്ദുൽ അലിയെക്കുറിച്ച് ഒരു ശിഷ്യന്റെ ഓർമക്കുറിപ്പ്


ഈയിടെ നിര്യാതനായ പ്രൊഫ. എം. അബ്ദുൽ അലി സാർ ചരിത്രത്തിലെ ഏത് ഭാഗത്തെയും വ്യത്യസ്തതയോടെ വിവരിക്കുകയും വ്യാഖ്യാനിക്കുകയും തനിക്ക് മാത്രം ചേരുന്ന ചാരുതയോടെ വിമർശിക്കുകയും  ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ ചരിത്ര ക്ലാസുകൾ  ചരിത്ര വിദ്യാർത്ഥികളായ ഞങ്ങൾക്ക് ഒരനുഭവമായി മാറും.  അപ്രസക്തമായ കാലഹരണപ്പെട്ട വിവരങ്ങളെന്ന് പലരും വിധിയെഴുതിയ ചരിത്ര സംഭവങ്ങളെ വ്യക്തത വരുത്തി അവതരിപ്പിക്കുകയും ചരിത്ര ഗതിയിൽ അവയുടെ പ്രാധാന്യം  മറ്റാരേക്കാളും നന്നായി പറഞ്ഞു തരികയും ചെയ്തു. അതിനദ്ദേഹം ചരിത്രകാരൻ ഇ.എച്ച്. കാറിന്റെ 'എന്താണ് ചരിത്രം' എന്ന പുസ്തകത്തിൽ നിന്ന്  ഉദ്ധരണികളെടുക്കും.
പ്രശസ്ത ചരിത്രകാരൻ ഡി.ഡി. കൊസാംബിയെയും റോമില്ല താപ്പറെയും മുഹമ്മദ് ഹൈക്കലിനെയും ചിലപ്പോൾ കൂട്ടുപിടിക്കും.
മതദർശനങ്ങളെയും മാർക്‌സിസത്തെയും വിരുദ്ധ കോണിൽ നിന്ന് അവതരിപ്പിക്കുമ്പോൾ തന്നെ മക്കയിൽ നിന്ന് ഉടലെടുത്ത വിമോചനത്തിന്റെ ദർശനവും മോസ്‌കോയുടെ ദർശനങ്ങളും തമ്മിലുള്ള സാമ്യതകൾ സമർഥിക്കുകയും ചെയ്യും. കേരളത്തിലേക്ക് കടന്നു വരുമ്പോൾ ടിപ്പു സുൽത്താനെ പരാമർശിക്കാതെ തിരുവിതാംകൂറിലെ ജാതീയത തിമിർത്താടിയ കീഴാള സംസ്‌കാരം, ഇസ്‌ലാമിലെ സാഹോദര്യം, അറബിയും അനറബിയും തമ്മിലുള്ള ബന്ധം എന്നിവ അടിവരയിട്ട് വരച്ചു കാണിക്കും. 
തിരുവിതാംകൂർ വാണിരുന്ന ശ്രീചിത്തിര തിരുനാൾ അനിയൻ ഉത്രാടം തിരുനാളിനോടൊത്ത് ഓരോ ദിവസവും വൈകുന്നേരങ്ങളിൽ ഏത് വഴിയിലൂടെയാണ് നടക്കുക എന്ന് കാര്യക്കാർക്ക് നിശ്ചയമില്ലാതിരുന്നതു പോലെ സാറിന്റെ ഓരോ ചരിത്ര ക്ലാസും ഏത് വഴിക്കാണ് നീങ്ങുകയെന്ന് ആർക്കും നിശ്ചയിക്കാൻ കഴിയുമായിരുന്നില്ല. അതിലെല്ലാം കടന്നുവരും,
മതവും മാർക്‌സിസവും വിപ്ലവവും വിമോചനവുമെല്ലാം. ചരിത്ര വിമർശനങ്ങളാണ് ഏറെയും വരിക. മണിക്കൂറുകൾ കടന്നു പോകുന്നതും കുട്ടികൾ അറിയില്ല.
അബ്ദുൽ അലി സാർ എന്തിനെക്കുറിച്ച് സംസാരിച്ചാലും അതിൽ മൗലികതയേറെയുണ്ടായിരുന്നു എന്നതായിരുന്നു സാറിന്റെ ക്ലാസിനെ വ്യത്യസ്തമാക്കിയിരുന്നതും രസകരമാക്കിയിരുന്നതും.
ഫ്രഞ്ച് വിപ്ലവത്തിന്റെ മുദ്രാവാക്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയിൽ ലോകം ആവേശം കൊണ്ട് തരിച്ചുനിന്നപ്പോൾ തന്നെ ഫ്രഞ്ച് കോളനിയായ അൾജീരിയക്ക് ഇപ്പറഞ്ഞ ഒരവകാശവും ഫ്രഞ്ച് ഭരണകൂടം വകവെച്ചു കൊടുത്തിരുന്നില്ലെന്ന് അദ്ദേഹം പറയുമായിരുന്നു. മികച്ച ഒരു വായനക്കാരനായിരുന്നു പ്രൊഫസർ അബ്ദുൽ അലി സാർ. ആ വായനയിൽ നിന്നായിരിക്കണം ആ വിമർശനങ്ങളത്രയും വളർന്നു വന്നത്.

 

Latest News