ഫാന്‍സ് സ്‌ക്രീനിന് മുന്നില്‍ പടക്കം  പൊട്ടിച്ചു; തിയേറ്ററില്‍ തീപിടുത്തം

വിജയവാഡ- സിനിമാ പ്രദര്‍ശനത്തിനിടെ തിയേറ്ററില്‍ തീപിടിത്തമുണ്ടായി.  പ്രഭാസിന്റെ ബില്ല എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ ആന്ധ്രാപ്രദേശിലെ പശ്ചിമ ഗോദാവരിയിലെ തഡെപാലിഗുഡെമിലാണ് സംഭവം. സിനിമാ തിയേറ്ററില്‍ ആരാധകര്‍  പടക്കം പൊട്ടിക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.  ഒക്ടോബര്‍ 23ന്  താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രഭാസ് ആരാധകര്‍ 2009ല്‍ പുറത്തിറങ്ങിയ സിനിമയുടെ  പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. സിനിമ പ്രദര്‍ശനം നടക്കുമ്പോള്‍ ആവേശഭരിതരായ ആരാധകര്‍ തിയേറ്ററിനുള്ളില്‍ കേക്ക് മുറിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തു. 
തുടര്‍ന്ന് പെട്ടെന്ന് തന്നെ തീ പടര്‍ന്ന് പിടിക്കുകയായിരുന്നു. നിരവധി സീറ്റുകള്‍ കത്തിനശിക്കുകയും ചെയ്തു. തീയേറ്ററില്‍ പുക നിറഞ്ഞതോടെ ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്കോടി. ആരാധകര്‍ പടക്കം പൊട്ടിച്ചതാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആളപായമോ കാര്യമായ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും തിയേറ്ററിലെ ഏതാനും സീറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തീയറ്റര്‍ ജീവനക്കാര്‍ തീ അണച്ചു. 

Latest News