ലഖ്‌നൗ- ദീപാവലി ആഘോഷത്തിന്റെ ഭാഗമായി അയോധ്യയിലെ ദീപോത്സവത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദ്‌ബെന്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ദീപോത്സവത്തില്‍ 17 ലക്ഷം മണ്‍ചെരാതുകളാണ് തെളിഞ്ഞത്. വൈകിട്ട് അയോധ്യയിലെ താല്‍ക്കാലിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ മോഡി രാമക്ഷേത്ര നിര്‍മാണത്തിന്റെ പുരോഗതി വിലയിരുത്തി. സരയൂ നദിക്കരയില്‍ നടക്കുന്ന ആരതി പ്രധാനമന്ത്രി വീക്ഷിച്ചു. വിപുലമായ സാംസ്‌കാരിക ഉത്സവവും നടന്നു.
ശ്രീരാമന്റെ അസ്തിത്വം പോലും സംശയിക്കുകയും ഇന്ത്യയുടെ പാരമ്പര്യത്തെ അവഗണിക്കുകയും ചെയ്ത സമയമുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇപ്പോള്‍ ഇത്തരം സാഹചര്യത്തിന് മാറ്റംവന്നു. അയോധ്യ വികസനത്തിന്റെ ആകാശത്തിലാണ്. അടിമത്വ മനോഭാവം ഉപേക്ഷിക്കണമെന്ന ആഹ്വാനത്തിന് പ്രേരണ ശ്രീരാമനാണെന്നും മോഡി പറഞ്ഞു.