Sorry, you need to enable JavaScript to visit this website.

ആഗോള വിതരണ ശൃംഖലയില്‍ സൗദി സുപ്രധാന കേന്ദ്രമാകും; പദ്ധതിക്ക് തുടക്കം കുറിച്ച് കിരീടാവകാശി

റിയാദ് - ആഗോള വിതരണ ശൃംഖലയിലെ പ്രധാന കേന്ദ്രമായും സുപ്രധാന കണ്ണിയായും സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നാഷണല്‍ ഗ്ലോബല്‍ സപ്ലൈ ചെയിന്‍ ഇനീഷ്യേറ്റീവിന് കിരീടാവകാശിയും പ്രധാനമന്ത്രിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സമാരംഭം കുറിച്ചു.
സൗദി അറേബ്യക്കും ലോക രാജ്യങ്ങള്‍ക്കും നിരവധി സംയുക്ത നേട്ടങ്ങള്‍ കൈവരിക്കാന്‍ പുതിയ സംരംഭം വലിയ അവസരങ്ങള്‍ നല്‍കുമെന്ന് കിരീടാവകാശി പറഞ്ഞു. സൗദി അറേബ്യയിലെ വിഭവങ്ങളും ശേഷികളും പ്രയോജനപ്പെടുത്തി വിവിധ മേഖലകളില്‍ നിക്ഷേപകരെ ശാക്തീകരിക്കാനും ഫലപ്രദമായ നിക്ഷേപങ്ങള്‍ കെട്ടിപ്പടുക്കാനും പുതിയ പദ്ധതി സഹായിക്കും.
ഇത് ലോകമെങ്ങുമുള്ള സമ്പദ്‌വ്യവസ്ഥകള്‍ക്കും ഉപയോക്താക്കള്‍ക്കും കൂടുതല്‍ വഴക്കം നല്‍കുകയും കൂടുതല്‍ കാര്യക്ഷമമായും ഉയര്‍ന്ന മത്സരക്ഷമതയോടെയും ലോകമെങ്ങും വിതരണ ശൃംഖലകളുടെ സുസ്ഥിരതയും ലഭ്യതയും ഉറപ്പാക്കുകയും ചെയ്യും. സാമ്പത്തിക വൈവിധ്യവല്‍ക്കരണവും വളര്‍ച്ചയും കൈവരിക്കാനും 2030 ഓടെ ലോകത്തെ ഏറ്റവും വലിയ 15 സാമ്പത്തിക ശക്തികളില്‍ ഒന്നായി മാറാനും ഇത് സൗദി അറേബ്യയെയും സഹായിക്കുമെന്ന് കിരീടാവകാശി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ കിരീടാവകാശി പ്രഖ്യാപിച്ച ദേശീയ നിക്ഷേപ തന്ത്രത്തിന്റെ ഭാഗമായ പദ്ധതിയാണ് നാഷണല്‍ ഗ്ലോബല്‍ സപ്ലൈ ചെയിന്‍ ഇനീഷ്യേറ്റീവ്. ലോക സാമ്പത്തിക വളര്‍ച്ചയും സ്ഥിരതയും ശക്തമാക്കുന്നതില്‍ സംഭാവനകള്‍ നല്‍കാനുള്ള സൗദി അറേബ്യയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. പ്രത്യേക സാമ്പത്തിക സോണുകള്‍ സ്ഥാപിച്ചും നിക്ഷേപാവസരങ്ങള്‍ നിക്ഷേപകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചും ബഹുരാഷ്ട്ര കമ്പനികളുടെ റീജ്യനല്‍ ആസ്ഥാനങ്ങള്‍ സൗദിയിലേക്ക് ആകര്‍ഷിച്ചും വിതരണ ശൃംഖലകളിലെ മുഴുവന്‍ നിക്ഷേപകര്‍ക്കുമുള്ള അനുയോജ്യമായ നിക്ഷേപ സാഹര്യമാക്കി സൗദി അറേബ്യയെ മാറ്റാന്‍ പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
മികച്ച നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് ആഗോള വിതരണ ശൃംഖലകളെ സൗദിയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ തന്ത്രം വികസിപ്പിക്കും. പദ്ധതി ആരംഭിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ 4,000 കോടി റിയാലിന്റെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തോടെ നിക്ഷേപകര്‍ക്ക് സാമ്പത്തിക, സാമ്പത്തികേതര പ്രോത്സാഹനങ്ങള്‍ നല്‍കാന്‍ 1,000 കോടി റിയാല്‍ നീക്കിവെച്ചിട്ടുണ്ട്.

 

Latest News