Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കർണാടക ആർക്കൊപ്പം?

ലോക്‌സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കുന്നു. 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സഖ്യകക്ഷികളും വിജയം ആവർത്തിക്കുമോ, കോൺഗ്രസ് തിരിച്ചുവരവ് നടത്തുമോ എന്നീ ചോദ്യങ്ങൾക്ക് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഉത്തരം നൽകും. ജനതാദൾ വില പേശൽ ശക്തിയാവാനുള്ള സാധ്യത ചില രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. മെയ് 12 നാണ് തെരഞ്ഞെടുപ്പ്. പതിനഞ്ചിന് വോട്ടെണ്ണൽ. താരതമ്യേന വലിയ സംസ്ഥാനമാണെങ്കിലും ഒറ്റയടിക്ക് തെരഞ്ഞെടുപ്പ് നടത്തുന്നുവെന്നതും സവിശേഷതയാണ്.

കർണാടകയിലെ വിധിയെഴുത്തിന് അധികം കാത്തിരിക്കേണ്ടതില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്തിറങ്ങിയതോടെ പോരാട്ടത്തിന് വീര്യമേറി. പ്രസംഗ കലയിൽ ഒട്ടും പിന്നിലല്ലാത്ത സിദ്ധരാമയ്യയും വിട്ടുകൊടുക്കാതെ വേദികളിൽ ഉരുളയ്ക്ക് ഉപ്പേരി മറുപടി നൽകുന്നുമുണ്ട്. ഇതിനിടയ്ക്ക് ഏറ്റവും ഒടുവിൽ പുറത്ത് വന്ന സി ഫോർ സർവേ ഫലം കോൺഗ്രസിന് അനുകൂലമാണ്. കർണാടക കോൺഗ്രസ് നിലനിർത്തുമെന്നാണ് ഏപ്രിൽ 20മുതൽ 30 വരെ തീയതികളിൽ നടത്തിയ സർവേ റിപ്പോർട്ടിൽ പറയുന്നത്. 224 അംഗ നിയമസഭയിൽ 118 മുതൽ 128 വരെ സീറ്റുകൾ നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ പ്രവചിക്കുന്നു.
ജനതാദളിന് രണ്ടക്ക സീറ്റുകളിൽ വിജയം നേടാനായാൽ പോലും പ്രധാന പാർട്ടികൾ ഭൂരിപക്ഷം ലഭിക്കാതെ ക്ലേശിക്കുമ്പോൾ സഹായവുമായെത്തുമെന്നതിൽ സംശയമില്ല. 
കോൺഗ്രസിന്റേയും ബി.ജെ.പിയുടേയും ഒപ്പം ചേർന്ന് ഭരിക്കാനും തയാറാവും. കോൺഗ്രസുകാരെ ആഹ്ലാദിപ്പിക്കുന്നത് അടുത്തിടെ പുറത്ത് വന്ന രണ്ട്  അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളാണ്. ബി.ജെ.പി നടത്തിയ രഹസ്യ സർവേയിലും സി ഫോർ ഇതിന് മുമ്പ് നടത്തിയ സർവേയിലും കോൺഗ്രസിനാണ് മുൻതൂക്കം. 
ബിജെപിക്ക് 63-73 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നാണ് കണ്ടെത്തിയത്. ജനതാദൾ ഉൾപ്പെടെയുള്ള  മറ്റുള്ളവർക്ക് 27 സീറ്റുകളിൽ വിജയം നേടാനാവുമെന്നും സർവേ ഫലം പ്രവചിക്കുന്നു. മധ്യ കർണാടകയിൽ ബിജെപിക്കാണ് മുൻതൂക്കം.  ബംഗളൂരു, പഴയ മൈസൂർ, ബോംബെ കർണാടക, തീരദേശ കർണാടക, ഹൈദരാബാദ് കർണാടക എന്നീ മേഖലകൾ കോൺഗ്രസിനൊപ്പമാണെന്ന് സർവേ വിലയിരുത്തി. 
സംഘപരിവാറിന്റെ സർവേകൾ തന്നെ കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിച്ചത്.  കോൺഗ്രസിനെയും വലിയ വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ 29 വർഷത്തിനിടെ ഇതുവരെ ഭരണപക്ഷത്തുള്ള ഒരു പാർട്ടി വീണ്ടും അധികാരത്തിലെത്തിയിട്ടില്ല. ഈ ചരിത്രം സിദ്ധരാമയ്യയെ ആശങ്കപ്പെടുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം ഇല്ലെന്നാണ് സർവേകൾ പറയുന്നത്. രാജ്യത്തൊട്ടാകെ ബിജെപിയുടെ പടയോട്ടത്തിന് മുന്നിൽ തകർന്നടിഞ്ഞ പാർട്ടിയാണ് കോൺഗ്രസ്. ഇപ്പോൾ ദക്ഷിണേന്ത്യ മാത്രമാണ് അവർക്ക് കാര്യമായ തുരുത്തായുള്ളത്. അതുകൊണ്ടു തന്നെ കോൺഗ്രസിന് വളരെ പ്രതീക്ഷയുള്ള സംസ്ഥാനമാണ് കർണാടക.ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാന ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇറങ്ങിയതോർക്കുക. പാർട്ടിയുടെ നില പരുങ്ങലിലാണെന്ന് തിരിച്ചറിഞ്ഞ മോഡിയുടെ പ്രസംഗം അവസാന നിമിഷത്തിലെ അട്ടിമറിക്ക് വഴിയൊരുക്കിയിട്ടുണ്ടാവാമെന്നാണ് വിലയിരുത്തപ്പെടുന്നത്. മോഡി ചൊവ്വാഴ്ച കർണാടകയിൽ പ്രസംഗിക്കവേ പറഞ്ഞു: 
മറ്റ് സംസ്ഥാനങ്ങളിലേതു പോലെ ബി.ജെ.പി തരംഗമല്ല, കൊടുങ്കാറ്റാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചാണ് മോഡി പ്രചാരണം ആരംഭിച്ചത്. അമ്മ സോണിയാ ഗാന്ധിയുടെ ഇറ്റാലിയൻ വേരുകളെ മോഡി പരിഹസിച്ചു. സിദ്ധരാമയ്യയുടെ ഭരണ നേട്ടങ്ങൾ 15 മിനിറ്റ് കൊണ്ട്  ഹിന്ദിയിലോ ഇംഗ്ലീഷിലോ രാഹുലിന്റെ മാതൃഭാഷയിലോ വിശദീകരിക്കാനും പ്രധാനമന്ത്രി വെല്ലുവിളിച്ചു. വന്ദേമാതരത്തെ നിന്ദിച്ച രാഹുലിന് ഇന്ത്യയുടെ ചരിത്രം അറിയില്ലെന്നും മോഡി പറഞ്ഞു. കർണാടകയിലെ സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്. ക്രമസമാധാനവും നിയമ വ്യവസ്ഥയും തകർന്നു. ലോകായുക്ത പോലും സുരക്ഷിതമല്ല. അപ്പോൾ പിന്നെ സാധാരണക്കാർ എന്താണ് ചെയ്യുകയെന്നും മോഡി ചോദിച്ചു. ഗുജറാത്തിലെ ഫൈനൽ റൗണ്ട് കാമ്പയിനുമായി ഈ പ്രസംഗത്തിന് സാദൃശ്യമേറെയാണ്. 
2005 ൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി നാല് വർഷത്തിനുള്ളിൽ രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ പദ്ധതി പ്രകാരം എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഇത് നടക്കാതെ പോയത് എന്തുകൊണ്ടാണെന്ന് സോണിയാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും വ്യക്തമാക്കണമെന്നും മോഡി ആവശ്യപ്പെട്ടു.
കർണാടക ഉപതെരഞ്ഞെടുപ്പിൽ രണ്ട് നിയമസഭാ സീറ്റുകളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുന്നതിനെയും മോഡി  പരിഹസിച്ചു. നിലവിൽ സിദ്ധരാമയ്യ പ്രതിനിധീകരിക്കുന്ന മണ്ഡലത്തിൽ പരാജയപ്പെടുമെന്ന ഭീതിയിലാണ് അദ്ദേഹം പുതിയ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നത്. സിറ്റിങ് മണ്ഡലത്തിൽ സ്വന്തം മകനെ നിർത്തി മത്സരിപ്പിക്കുന്നു. രണ്ട് മണ്ഡലത്തിൽ സിദ്ധരാമയ്യയും ഒരു മണ്ഡലത്തിൽ അദ്ദേഹത്തിന്റെ മകനും മത്സരിക്കുന്നതിലൂടെ 2+1 ഫോർമുലയാണ് അദ്ദേഹം കർണാടകയിൽ നടപ്പാക്കുന്നതെന്നായിരുന്നു മോഡിയുടെ പരിഹാസം. ഇതാണ് കർണാടകയിൽ സിദ്ധരാമയ്യ നടത്തുന്ന വികസനമെന്നും മോഡി കുറ്റപ്പെടുത്തി. ഇത് കേട്ടിരുന്ന സിദ്ധരാമയ്യ നല്ല മറുപടിയാണ് നൽകിയത്.  2014 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി വരാണാസി, വഡോദര സീറ്റുകളിൽ മത്സരിച്ചത് പരാജയ ഭീതി മൂലമാണോയെന്ന് സിദ്ധരാമയ്യ ട്വിറ്ററിലൂടെ ആരായുകയുണ്ടായി. 
നിങ്ങൾ 56 ഇഞ്ച് മനുഷ്യനാണ്. അതുകൊണ്ടു തന്നെ ബുദ്ധിപരമായി വിശദീകരണങ്ങൾ നൽകണമെന്നും കർണാടക മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. കർണാടകയിൽ ബിജെപി 60-70 സീറ്റ് കടക്കില്ലെന്ന ഭയത്തിൽ നിന്നുള്ള പ്രതികരണമാണിതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. 
സംസ്ഥാന മുഖ്യമന്ത്രി പദത്തിൽ സിദ്ധരാമയ്യ അഞ്ച് വർഷം പൂർത്തിയാക്കാറായി. ഈ മാസം 28 ആകുമ്പോൾ  സിദ്ധരാമയ്യ സർക്കാർ ഭരണ  കാലാവധിയായ അഞ്ച് വർഷം തികയ്ക്കുകയാണ്. മെയ് 2013 ലായിരുന്നു സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തത്. അഞ്ച് വർഷം അദ്ദേഹം പൂർത്തിയാക്കി. ഇത് ഒരു ചരിത്ര നേട്ടമാണ്. നാൽപത് വർഷത്തിനിടയിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഭരണ കാലാവധിയായ അഞ്ച് വർഷം പൂർത്തിയാക്കുന്നത്. 1972-1977 വരെ ഭരണ കാലാവധി പൂർത്തിയാക്കിയ ഡി ദേവരാജ് അരശാണ് അവസാനമായി അഞ്ച് വർഷം പൂർത്തിയാക്കിയ മുഖ്യമന്ത്രി. സിദ്ധരാമയ്യയെ പോലെ തന്നെ മൈസൂരുവിൽ നിന്നാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 1980 ന് ശേഷം ആർക്കും അഞ്ച് വർഷം പൂർത്തിയാക്കാൻ സാധിച്ചില്ല. കർണാടകയിൽ 19 സർക്കാരും നാല് തവണ പ്രസിഡന്റ്  ഭരണവുമാണ് ഉണ്ടായിരുന്നത്. 2013 മെയ് മാസത്തിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടു. തുടർന്ന് അഞ്ച് വർഷം കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയായിരുന്നു കർണാടകയിലെ മുഖ്യമന്ത്രി.
ലിംഗായത്തുകൾക്കു ന്യൂനപക്ഷ പദവി, കർണാടകയിൽ കന്നഡയ്ക്ക് പ്രാമുഖ്യം, ദക്ഷിണേന്ത്യ, ഉത്തരേന്ത്യ വേർതിരിവ് എന്നിവ കുത്തിപ്പൊക്കി അദ്ദേഹം ശക്തമായ വോട്ടു ബാങ്ക് സൃഷ്ടിക്കുകയും  ചെയ്തു. ന്യൂനപക്ഷങ്ങളും പിന്നോക്ക വിഭാഗങ്ങളും സിദ്ധരാമയ്യക്കൊപ്പമാണെന്നാണ് സൂചന. ഇതിനൊപ്പം താനൊരു ഹിന്ദുവാണ്, കന്നഡ മണ്ണിന്റെ മകനാണ് എന്ന വാദം തീവ്ര ചിന്താഗതിക്കാരെ സിദ്ധരാമയ്യയുമായി അടുപ്പിക്കുകയും ചെയ്തു. ബിജെപിയുടെ തന്ത്രങ്ങൾ ഓരോന്നെടുത്താണ് അദ്ദേഹം കളിച്ചത്. ഇത് ബിജെപിയെ തന്നെ ഞെട്ടിച്ചു. 
ലോക്‌സഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കുന്നു. 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും സഖ്യകക്ഷികളും വിജയം ആവർത്തിക്കുമോ, കോൺഗ്രസ് തിരിച്ചുവരവ് നടത്തുമോ എന്നീ ചോദ്യങ്ങൾക്ക് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഉത്തരം നൽകും. ജനതാദൾ വില പേശൽ ശക്തിയാവാനുള്ള സാധ്യത ചില രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. മെയ് 12 നാണ് തെരഞ്ഞെടുപ്പ്. പതിനഞ്ചിന് വോട്ടെണ്ണൽ. താരതമ്യേന വലിയ സംസ്ഥാനമാണെങ്കിലും ഒറ്റയടിക്ക് തെരഞ്ഞെടുപ്പ് നടത്തുന്നുവെന്നതും സവിശേഷതയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പുറമെ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറം എന്നീ സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനേയും കർണാടക ഫലം സ്വാധീനിക്കുമെന്നുറപ്പ്. കർണാടക ഫലമായിരിക്കും ഭാവിയിലെ സഖ്യങ്ങളെ കുറിച്ച് ധാരണ നൽകുക.
 

Latest News