ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ചാക്കിനുള്ളില്‍ കണ്ടെത്തിയ സ്ത്രീ പറഞ്ഞ പീഡന കഥ കെട്ടിച്ചമച്ചതെന്ന് പോലീസ് കണ്ടെത്തി.
ഗാസിയാബാദില്‍നിന്നാണ് ക്രൂരമായ ബലാത്സംഗത്തിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. തുടര്‍ന്ന് ദല്‍ഹി വനിതാ കമ്മീഷനും പ്രതികളെ പിടികൂടാന്‍ സമ്മര്‍ദം ശക്തമാക്കിയിരുന്നു. കുറ്റവാളികളെ കണ്ടെത്താനുള്ള നടപടികള്‍ സംസ്ഥാന പോലീസ് ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് ആരോപണങ്ങള്‍ വ്യാജമാണെന്ന് ഗാസിയാബാദ് പോലീസ് കണ്ടെത്തിയത്.
കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീ കഥ കെട്ടിച്ചമച്ചതാണെന്നും സ്വത്ത് തര്‍ക്കമാണ് ഇതിനു പിന്നിലുള്ളതെന്നും ഗാസിയാബാദ് പോലീസ് പറഞ്ഞു. തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കി വഴിയരികില്‍ തള്ളിയെന്നാണ് യുവതി പറഞ്ഞിരുന്നത്.
ഒക്‌ടോബര്‍ 16ന് ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്ത് ദല്‍ഹിയിലേക്ക് മടങ്ങുംവഴി അഞ്ച് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ സഹോദരന്‍ പോലീസിനെ അറിയിച്ചിരുന്നത്. പരാതി പ്രകാരം ഒക്ടോബര്‍ 18ന് ഗാസിയാബാദില്‍ യുവതിയെ കണ്ടെത്തി.
ഗാസിയാബാദില്‍ ചാക്കിനുള്ളില്‍ യുവതിയെ കണ്ടെത്തിയപ്പോള്‍ ശരീരത്തിന്റെ മുകള്‍ഭാഗം സ്വതന്ത്രമായിരുന്നു. യുവതി പോലീസുമായി സംസാരിക്കുകയും ചെയ്തു.
യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആന്തരിക പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. ശരീരത്തിനുള്ളില്‍നിന്ന് 6 സെന്റീമീറ്റര്‍ നീളമുള്ള വസ്തു ഡോക്ടര്‍ പുറത്തെടുക്കുകയും ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ പീഡന കഥ കെട്ടിച്ചമച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ ആസാദ്, ഗൗരവ്, അഫ്‌സല്‍ എന്നിവര്‍ കൂട്ടബലാത്സംഗക്കേസില്‍ പ്രതികളാക്കിയവുരമായി സ്വത്ത് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ബലാത്സംഗ വാര്‍ത്ത മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പേടിഎം വഴി ആസാദ് നിരവധി പണമിടപാടുകള്‍ നടത്തിയിരുന്നതായും കണ്ടെത്തി.
കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പറയുന്ന പ്രതികള്‍ അന്ന് ഗാസിയാബാദില്‍ ഉണ്ടായിരുന്നില്ലെന്നും ദല്‍ഹിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.






