പ്രിയങ്കയുടെ രഹസ്യ വിവാഹം അടുത്തിടെ നടന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിലാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പ്രിയങ്ക സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഈ വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയത്. അസമിലേക്ക് വാരാന്ത്യ ട്രിപ്പിന് പോവുന്നതിനിടയിലാണ് പ്രിയങ്ക ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ മാത്രം കൈയില്‍ കെട്ടുന്ന ഒരു ബ്രേസ് ലെറ്റ് പ്രിയങ്കയുടെ കൈയില്‍ കണ്ടതാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്.
2000ത്തില്‍ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക പിന്നീടങ്ങോട്ടാണ് സിനിമകളില്‍ സജീവമായത്. തമിഴില്‍ വിജയുടെ നായികയായി തമിഴന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക സിനിമയിലെത്തിയത്. തുടര്‍ന്ന് ബോളിവുഡ് സിനിമകളില്‍ സജീവമായ പ്രിയങ്ക നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ബോബി ഡിയോളിന്റെ നായികയായി ദ ഹീറോ എന്ന ചിത്രത്തിലൂടെയാണ് പ്രിയങ്ക ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയിരുന്നത്. തുടര്‍ന്നങ്ങോട്ട് സൂപ്പര്‍ താരങ്ങളുടെ നായികയായും തിളങ്ങിയ പ്രിയങ്ക ബോളിവുഡിലെ മുന്‍നിര നടിമാരിലൊരാളായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ബോളിവുഡിനു പുറമേ ഹോളിവുഡിലും അഭിനയിച്ച നടിയാണ് പ്രിയങ്ക ചോപ്ര. ഓസ്‌ക്കര്‍ ഉള്‍പ്പെടെയുളള പുരസ്‌കാര വേദികള്‍ നിയന്ത്രിക്കാനും ഹോളിവുഡില്‍ പ്രിയങ്കയ്ക്ക് അവസരം ലഭിച്ചിരുന്നു. തന്റെ വിവാഹ വാര്‍ത്തകള്‍ക്ക് മറുപടിയുമായി പ്രിയങ്ക തന്നെ രംഗത്തു വന്നതോടെയാണ് എല്ലാവരും സത്യാവസ്ഥ അറിഞ്ഞത്. ഒരു ചെറു പുഞ്ചിരിയോടെയായിരുന്നു വിവാഹ വാര്‍ത്തകള്‍ക്ക് പ്രിയങ്ക മറുപടി പറഞ്ഞത്. ശാന്തരാവൂ,ഞാന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളെ അറിയിക്കുന്നതായിരിക്കും- പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു .






