ഗ്രാമങ്ങളിലെ സ്കൂളുകൾ പോലും ലഹരിയുടെ പിടിയിലാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഹഷീഷ്, ഹെറോയിൻ, എം.ഡി.എം.എ എന്നിവ എവിടെയും സുലഭമായി ലഭിക്കുന്നു. കേരളത്തിലെ 250 സ്കൂളുകളെ ലഹരി മാഫിയ നോട്ടമിട്ടിരിക്കുന്നുവെന്ന് അധികൃതർ തന്നെ വെളിപ്പെടുത്തുന്നു. യഥാർത്ഥത്തിൽ എല്ലാ സ്കൂളുകളുടെയും പരിസരത്ത് ലഹരിവ്യാപാരം നടക്കുന്നുണ്ട്. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, ഐ.ടി പാർക്കുകൾ, ചലച്ചിത്ര, നാടക ലൊക്കേഷനുകൾ എന്നിവിടങ്ങളിലെല്ലാം ലഹിരി മാഫിയയുടെ സാന്നിധ്യമുണ്ട്.
മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം ലഹരി ഉപയോഗം കേരളത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. കഞ്ചാവ്, ഹഷീഷ്, ഹെറോയിൻ, എം.ഡി.എം.എ, നിരോധിത പുകയില, ചാരായം, സ്പരിറ്റ്, വ്യാജമദ്യം, ഇതരസംസ്ഥാന മദ്യം, അനധികൃത കള്ള്, അനധികൃത മദ്യം... ഇങ്ങനെ ലഹരിയുടെ പട്ടിക നീണ്ടുകിടക്കുന്നു.
പേരിന് ലഹരിവേട്ടയും നടക്കുന്നുണ്ട്. എന്നാൽ ഇതിലൊന്നും ജനങ്ങൾക്ക് വിശ്വാസം പോരാ. പിടിക്കപ്പെടുന്നവരിൽ ഏറെയും ശിക്ഷിക്കപ്പെടുന്നില്ല. ശക്തമായ നിയമം ഇല്ലാത്തതും ഇതിനൊരു കാരണമാണ്. എക്സൈസ് ഉദ്യോഗസ്ഥരും മദ്യകച്ചവടക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധം എല്ലാവർക്കും അറിവുള്ളതാണ്. കള്ളനും പോലീസും കളിയാണിവിടെ നടക്കുന്നത്. ചില നല്ല ഉദ്യോഗസ്ഥരും കൂട്ടത്തിലുണ്ടെന്നത് വിസ്മരിക്കുന്നില്ല. അവർക്ക് പക്ഷേ ഡിപ്പാർട്ട്മെന്റിൽ രക്ഷയുമില്ല.
സ്പിരിറ്റ് കടത്തുകാർ നൂറ് ലോറി കടത്തുമ്പോൾ എക്സൈസുകാർക്ക് പടിക്കാനായി രണ്ടു ലോറിയിൽ സാധനം എത്തിക്കാറുണ്ട്. പലപ്പോഴും ആളെ കിട്ടില്ല. ലോറിയും സ്പിരിറ്റും കിട്ടും. അതിന്റെ മുമ്പിൽ ഉദ്യോഗസ്ഥർ ഞെളിഞ്ഞുനിന്ന് ഫോട്ടോയെടുത്ത് വാർത്ത കൊടുക്കും. ചെറുകിടക്കാർ ചിലപ്പോൾ പിടിക്കപ്പെടുന്നുണ്ടാകാം. എന്തായാലും ലഹരിക്കെതിരെ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ നടക്കുന്നില്ല. സാധാരണക്കാർക്ക് ലഹരിക്കെതിരെ പ്രവർത്തിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ലഹരി മാഫിയയുടെ ഭീഷണിയും അക്രമവും നേരിടേണ്ടി വരും. കൊല നടത്താൻ പോലും മടിയില്ലാത്ത ഗൂഢസംഘങ്ങളായി ഇക്കൂട്ടർ മാറിക്കഴിഞ്ഞു. സർക്കാർ ഇവരെ അമർച്ച ചെയ്യാതെ രക്ഷയില്ല. അന്യസംസ്ഥാനതൊഴിലാളികൾ വഴിയും ലഹരി ഇവിടേക്ക് കടത്തപ്പെടുന്നുണ്ട്. ഇതിനെതിരെയും ജാഗ്രത വേണം.
ഗ്രാമങ്ങളിലെ സ്കൂളുകൾ പോലും ലഹരിയുടെ പിടിയിലാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. ഹഷീഷ്, ഹെറോയിൻ, എം.ഡി.എം.എ എന്നിവ എവിടെയും സുലഭമായി ലഭിക്കുന്നു. കേരളത്തിലെ 250 സ്കൂളുകളെ ലഹരി മാഫിയ നോട്ടമിട്ടിരിക്കുന്നുവെന്ന് അധികൃതർ തന്നെ വെളിപ്പെടുത്തുന്നു. യഥാർത്ഥത്തിൽ എല്ലാ സ്കൂളുകളുടെയും പരിസരത്ത് ലഹരിവ്യാപാരം നടക്കുന്നുണ്ട്. കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, ഐ.ടി പാർക്കുകൾ, ചലച്ചിത്ര, നാടക ലൊക്കേഷനുകൾ എന്നിവിടങ്ങളിലെല്ലാം ലഹരി മാഫിയയുടെ സാന്നിധ്യമുണ്ട്. മയക്കുമരുന്ന് ഒരിക്കൽ രസത്തിന് ഉപയോഗിക്കുന്നവർ പിന്നീടത് പതിവാക്കി ജീവിതകാലം മുഴുവൻ ലഹരിക്കടിമകളാവുന്നു. മയക്കുമരുന്ന് വാങ്ങാനുള്ള പണം കണ്ടെത്തുന്നതിന് ഇവർ ഒടുവിൽ ലഹരി കച്ചവടക്കാരായി മാറുന്നു.
മയക്കുമരുന്ന് ഉപഭാക്താക്കളെ കണ്ടെത്തുന്നതിന് ലഹരി മാഫിയ രസ തന്ത്രങ്ങളും പരീക്ഷണങ്ങളും പ്രയോഗിക്കും. സ്കൂളിൽ നിരീക്ഷണം ശക്തമാക്കുമ്പോൾ ബസ് കാത്തിരിപ്പ് കേന്ദ്രം, ഇന്റർനെറ്റ് കഫേ, ജൂസ് പാർലർ, ഐസ്ക്രീം പാർലർ, ചിലതരം ചായക്കടകൾ, സ്കൂൾ പരിസരത്തെ മിഠായിക്കടകൾ ഇവിടങ്ങളിൽ ഇരകൾക്കായി ലഹരി കച്ചവടക്കാർ തമ്പടിക്കുന്നു വിദ്യാർത്ഥികളെ ഇക്കൂട്ടർ ഇരകളാക്കി കച്ചവടക്കാരാക്കുന്നു. കൗമാരക്കാർ പലപ്പോഴും ഇത്തരത്തിലുള്ളവരുടെ കെണിയിൽ പെട്ടുപോകുന്നു, സ്ത്രീകളും ലഹരി മാഫിയയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളെ ഉപയോഗിച്ച് അതേ സ്കൂളുകളിലെ വിദ്യാർത്ഥികളെ ലഹരിക്ക് പ്രേരിപ്പിക്കുന്നതും സാധാരണമാണ്. ഇതിനെതിരെ സ്കൂൾ തലത്തിൽ ശക്തമായ പ്രചാരണം നടക്കണം.
പലതരത്തിലും വിദ്യാർത്ഥികളെ ദുരുപയോഗം ചെയ്യുന്നു. ഇങ്ങനെ എത്രയെത്ര കേസുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ലഹരിക്കടിമയായ മകൻ അച്ഛനെയും അമ്മയെയും കുത്തിപ്പരിക്കേൾപിച്ച് അക്രമകാരിയായി നിന്നപ്പോൾ അയാളെ പിടിക്കാനായി പോലീസിന് വെടിവെക്കേണ്ടതായി വന്നു. നാടിന്റെ ഗതി വളരെ മോശമാണ്. ജാതിയും മതവും പറഞ്ഞ് ഇന്നാട്ടിൽ ചേരിതിരിവുണ്ടാക്കി വോട്ട് തേടുന്ന രാഷ്ട്രീക്കാരാകട്ടെ ഇതൊന്നും കണ്ടതായി ഭാവിക്കുന്നതേയില്ല.
ഇന്നാട്ടിൽ നടക്കുന്ന കാര്യങ്ങളൊന്നും പോലീസും എക്സൈസ് വകുപ്പും അറിയുന്നില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുന്നില്ല. രാഷ്ട്രീയക്കാരുടെ കൈകൾ ലഹരി വിൽപനക്ക് പിന്നിലില്ലെന്ന് അരിയാഹാരം കഴിക്കുന്നയാരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. വാർഡ് മെമ്പർമാർക്കും പഞ്ചായത്ത് പ്രസിഡന്റുമാർക്കും രാഷ്ട്രീയ പ്രവർത്തകർക്കും ലഹരിയുടെ വിവരങ്ങളെല്ലാം അറിയാം. എന്നാൽ കർശന നടപടിയുണ്ടാകുന്നില്ല. സ്കൂൾ കുട്ടികളെപ്പോലും ലഹരിയുടെ കച്ചവട ഏജന്റുമാരാക്കി മാറ്റുകയാണ്. ഇങ്ങനെ പോയാൽ കേരളത്തിന്റെ സ്ഥിതി നാളെയെന്താവും.
ലഹരിയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഫലപ്രദമല്ലെങ്കിൽ മാറ്റം വരുത്തണം. കേന്ദ്രമാണ് ഇക്കാര്യത്തിൽ നിയമ നിർമാണം നടത്തേണ്ടത്. അവർ ഇതൊന്നും കാണുന്നതായി ഭാവിക്കുന്നില്ല, സംസ്ഥാനങ്ങൾ ഉള്ള അധികാരം പരമാവധി ഈ ദുഷ്ടശക്തികൾക്കെതിരെ പ്രയോഗിക്കണം. ഒപ്പം മറക്കരുതാത്ത ഒരു കാര്യം കൂടിയുണ്ട്. അഴിമതിയും വിഭാഗീയതയും നിറഞ്ഞ നമ്മുടെ സർക്കാർ സംവിധാനത്തിൽ കള്ളക്കേസിൽ കുടുക്കി നിരപരാധികളെ ജയിലിലാക്കാനുള്ള സാധ്യതയും മുന്നിൽ കാണണം, ഇതിനായി സത്യന്ധരായ ഉദ്യോഗസ്ഥരുടെ ഒരു സെൽ രൂപീകരിക്കണം. ജില്ല തലത്തിലും പ്രദേശിക തലത്തിലും ഇതാവാം. രാഷ്ട്രീയപ്രവർത്തകരെയും സാമൂഹ്യ പ്രവർത്തകരെയും നിയമജ്ഞരെയും ഇതിൽ ഉൾപ്പെടുത്താം. പോലീസിന്റെയോ എക്സൈസിന്റെയോ ഭാഗത്തുനിന്ന് നിരപരാധികളെ കുടുക്കാനുള്ള ശ്രമം നടക്കുകയാണെങ്കിൽ അവരെ സർവീസിൽനിന്ന് പിരിച്ചുവിടുക മാത്രമല്ല ചെയ്യേണ്ടത്. അവരുടെ വസ്തുവകകൽ കണ്ടുകെട്ടുകയും വേണം. ലഹരി വ്യാപാരികളുടെ കാര്യത്തിലും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തണം.എങ്കിൽ മാത്രമേ ഈ ദുഷ്ട ശക്തികളെ ഇല്ലാതാക്കാനാവുകയുള്ളൂ.
കേരളമൊരു ഭ്രാന്താലയമാണെന്ന് പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ സ്വാമി പറഞ്ഞതിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും വലിയ മാറ്റമൊന്നുമില്ല. എല്ലാവരും സാക്ഷരത നേടിയതുകൊണ്ടൊന്നും മനുഷ്യൻ നന്നാവില്ലെന്ന് കേരളം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നരബലിയും അന്ധവിശ്വാസങ്ങളും അക്രമവും ലഹരി ഉപയോഗവും കൊലപാതകങ്ങളും ആത്മഹത്യയും കുടുംബ തകർച്ചയും എന്നുവേണ്ട എല്ലാതരം കുഴപ്പങ്ങളുടെയും തലസ്ഥാനമായി കേരളം മാറുന്നു. ഇതെന്തുകൊണ്ടു സംഭവിക്കുന്നുവെന്ന് സാമൂഹ്യ ശാസ്ത്രജ്ഞനും വിവേകശാലികളും ഉച്ചത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു.
ലഹിരയെന്ന വിപത്തിനെതിരെ ശബ്ദിക്കാൻ മുമ്പ് എം.പി മന്മഥനെന്ന ഗാന്ധിയനുണ്ടായിരുന്നു. നാടുനീളെ അദ്ദേഹം ബോധവൽക്കരണം നടത്തി. എം.പി. മന്മഥനൊപ്പം മദ്യത്തിനെതിരെ പ്രവർത്തിക്കാൻ കഴിഞ്ഞുവെന്നത് പുണ്യമായി ഈ ലേഖകൻ കരുതുന്നു. ഇന്ന് കേരളത്തിൽ ഇത്തരം ബോധവൽക്കരണത്തിന് ആളില്ലാതായി.
കേരളത്തിൽ മദ്യത്തേക്കാൾ മയക്കുമരുന്നുപയോഗം വർധിക്കുന്നുവെന്നാന് കണക്കുകൾ വെളിപ്പെടുത്തുന്നത്. മയക്കുമരുന്ന് കൂടുതൽ വിനാശകരമാണെന്ന് ഓർക്കുക.






