കേരളത്തിനാകട്ടെ, കടം കിട്ടിയില്ലെങ്കിൽ അടുത്ത മാസത്തെ ശമ്പളം കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. വികസനാവശ്യത്തിന് വേണ്ടിയോ ഉൽപാദനക്ഷമമായ കാര്യങ്ങൾക്ക് വേണ്ടിയോ കടം വാങ്ങാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിന്റേത്. കാരണം, കടത്തിന്റെ പരമാവധി പരിധിയിലേക്ക് സംസ്ഥാനം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. അത് തന്നെയാണ് കടത്തിന്റെ കാര്യത്തിലുള്ള ഏറ്റവും വലിയ അപകടവും.
സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനായി കേരളം 1500 കോടി രൂപ കൂടി കടമെടുക്കാൻ പോകുന്നുവെന്ന വാർത്തയ്ക്ക് ഇപ്പോൾ അത്ര വലിയ പുതുമയൊന്നുമില്ല. കഴിഞ്ഞ കുറച്ച് കാലങ്ങളായി തുടർച്ചയായ കടമെടുപ്പിലൂടെയാണ് കേരള സർക്കാരിന്റെ നിത്യച്ചെലവുകൾ നടന്നു പോകുന്നത്. കടമെടുക്കാനുള്ള അവസരം മുടങ്ങിയാൽ അന്ന് തകിടം മറിയും സാമ്പത്തിക കാര്യങ്ങളിലുള്ള സംസ്ഥാന സർക്കാരിന്റെ ട്രപ്പീസു കളി. കടമില്ലെങ്കിൽ കേരളമില്ല എന്ന അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്.
സംസ്ഥാന സർക്കാരുകൾ വികസന കാര്യങ്ങൾക്ക് കടമെടുക്കുന്നതിൽ വലിയ അപാകതയൊന്നും ആർക്കും കാണാനാകില്ല. കടമെടുക്കാതെ മുന്നോട്ട് പോകാൻ ഒരു സംസ്ഥാനത്തിനും കഴിയുന്ന സാഹചര്യമല്ല ഇന്ത്യയിലുള്ളത്. എന്നാൽ റവന്യൂ വരുമാനം പഴയ കാലങ്ങളിലേതുപോലെ തന്നെ ആനുപാതിക വളർച്ച രേഖപ്പെടുത്താതെ നിലനിൽക്കുകയും ചെലവുകൾ, പ്രത്യേകിച്ച് ഉൽപാദനപരമല്ലാത്ത ചെലവുകൾ വലിയ തോതിൽ വർധിക്കുകയും ഇത് തമ്മിലുള്ള അന്തരം കുറയ്ക്കുന്നതിനായി വായ്പയെ ആശ്രയിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്നം ഉദിക്കുന്നത്. കേരളം ഇപ്പോൾ എടുത്തുകൊണ്ടിരിക്കുന്ന വായ്പകളിൽ ഏതാണ്ട് 80 ശതമാനത്തിന് മുകളിൽ ഉൽപാദനക്ഷമമല്ലാത്ത ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് ചെലവഴിക്കുന്നത്. അതു തന്നെയാണ് കേരളത്തിന്റെ കടമെടുപ്പിൽ വലിയ ആധി സൃഷ്ടിക്കുന്നതും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നത്.
കേരളത്തിന്റെ വായ്പ പരിധി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചതിനാൽ ഈ വർഷം ഡിസംബർ വരെ 17,936 കോടി രൂപ മാത്രമേ കേരളത്തിന് കടമെടുക്കാനാകൂ. ഇപ്പോൾ 1500 കോടി രൂപ കൂടി കടമെടുക്കുന്നതോടെ ഈ വർഷം ഇതുവരെ എടുത്ത കടം 11,436 കോടി രൂപയാകും. 3,57,000 കോടി രൂപ പൊതുകടത്തിൽ നിന്നുകൊണ്ടാണ് കേരളം വീണ്ടും വീണ്ടും കടമെടുത്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചുകാലമായി കേരളം കടമെടുക്കുന്നത് സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും നിലവിലുള്ള കടത്തിന്റെ പലിശ കൊടുക്കുന്നതിനും സർക്കാരിന്റെ നിത്യച്ചെലവുകൾ നടത്തുന്നതിനും വേണ്ടി മാത്രമാണ്.
കേരളത്തിന്റെ ആകെ വരുമാനത്തിന്റെ 38 ശതമാനത്തിനടുത്ത് കടം വാങ്ങിച്ച പണമാണ്. സംസ്ഥാനത്തിന്റെ ധനക്കമ്മിയാകട്ടെ നാലര ശതമാനവും. ധനക്കമ്മി മൂന്ന് ശതമാനത്തിൽ പിടിച്ചു നിർത്തുകയും കടം വാങ്ങുന്നതിന് ചെറിയ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്താൽ വായ്പ വാങ്ങൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ സാരമായ രീതിയിൽ ബാധിക്കില്ല. എന്നാൽ കേരളത്തിൽ കടം വാങ്ങലും ധനക്കമ്മിയും ഒരേ പോലെ ഏറിവരുന്നതാണ് പ്രശ്നം. ഇത് വലിയ തോതിലുള്ള സാമ്പത്തിക കുരുക്കാകും സൃഷ്ടിക്കുക.
വിദേശ രാജ്യങ്ങളിൽ നിന്നും അവിടത്തെ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുക്കുന്നതിനെ ഭരണ കക്ഷിയായ സി.പി.എം നേരത്തെ ശക്തിയായി എതിർത്തിരുന്നു. എന്നാൽ സാമ്പത്തിക കാര്യത്തിൽ സി.പി.എം അതിന്റെ നിലപാടുകളിൽ വലിയ തോതിലുള്ള മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് വായ്പയെടുക്കുന്നതിൽ തെറ്റില്ലെന്ന് മാത്രമല്ല, വികസന പ്രവർത്തനങ്ങൾക്ക് വലിയ തോതിലുള്ള വിദേശ വായ്പയെ ആശ്രയിക്കാനും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ സർക്കാരും ഇപ്പോഴത്തെ സർക്കാരും തീരുമാനിച്ചിരുന്നു. പാർട്ടി നയങ്ങളിൽ പോലും ഇതിനായി മാറ്റങ്ങൾ വരുത്തി. ചെറിയ പലിശയ്ക്ക് കെട്ടുപാടുകളില്ലാത്ത വിദേശ വായ്പകൾ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നാണ് കേരള സർക്കാരിന്റെയും പാർട്ടിയുടെയും നിലപാട്. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച അടുത്ത 25 വർഷത്തേക്കുള്ള കേരളത്തിന്റെ വികസന രേഖയും അടിസ്ഥാനമാക്കിയത് വിദേശത്തു നിന്നടക്കമുള്ള വായ്പയെയാണ്. സംസ്ഥാനത്തിന്റെ തനതു വരുമാനം കൊണ്ട് വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും വികസന രേഖയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കേരളം രൂപീകരിച്ച ശേഷം ആദ്യ സർക്കാരിന്റെ കാലത്ത് 34 കോടി രൂപയായിരുന്നു പൊതുകടം. ഇപ്പോൾ അത് 3.57 ലക്ഷം കോടി രൂപ കവിഞ്ഞിരിക്കുന്നു. എന്നാൽ അന്നത്തെ സാഹചര്യമല്ല ഇപ്പോൾ കേരളത്തിലുള്ളത്. വികസനത്തിന്റെ കാര്യത്തിലടക്കം എല്ലാ മേഖലകളിലും വലിയ തോതിലുള്ള വളർച്ചയുണ്ടായി. കൈയിലുള്ളതും കടം വാങ്ങിയതുമായ പണം ചെലവഴിച്ചുകൊണ്ട് തന്നെയാണ് ഈ വികസനം കേരളം നേടിയെടുത്തത്. ആരോഗ്യ - വിദ്യാഭ്യാസ മേഖലയിലും മാനവ വികസന സൂചികയിലും കേരളം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. ശിശു മരണനിരക്ക് കുറച്ചുകൊണ്ടുവരുന്നതിലും പ്രാഥമിക വിദ്യാഭ്യാസം നേടുന്നവരുടെ കാര്യത്തിലും മറ്റും യൂറോപ്യൻ രാജ്യങ്ങൾക്കൊപ്പമുള്ള നിലവാരം പുലർത്താൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. അതെല്ലാം വായ്പയെടുത്ത് കൂടി നടപ്പാക്കിയ പരിഷ്കരണങ്ങളുടെ ഭാഗമായാണ്.
എന്നാൽ ഇവിടെ പ്രശ്നം അതല്ല. വരവ് അനുസരിച്ച് ചെലവഴിച്ചില്ലെങ്കിൽ തറവാട് വിറ്റുപോകുമെന്ന് പഴമക്കാർ പറയുന്നത് പോലെ ചെലവ് കൂടുകയും വരവ് കുറയുകയും ചെയ്യുകയാണ്. നികുതി വരുമാനത്തിൽ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചുള്ള ചെറിയ വർധന ഉണ്ടാകുന്നുണ്ടെങ്കിലും നികുതിയേതര വരുമാനത്തിൽ വലിയ കുറവ് അനുഭവപ്പെടുന്നു. ഉപഭോക്തൃ സംസ്ഥാനമായി നിലകൊള്ളുന്നതുകൊണ്ട് തന്നെ ആഭ്യന്തര ഉൽപാദനത്തിൽ വലിയ നേട്ടം കൈവരിക്കാൻ കേരളത്തിന് കഴിയുന്നില്ല. ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് വെട്ടിക്കുറച്ചത് കാരണം അർഹമായ കേന്ദ്ര വരുമാനം കുത്തനെ കുറഞ്ഞു. 2.19 ശതമാനത്തിൽ നിന്ന് 1.9 ശതമാനമായാണ് ഗ്രാന്റ് കുറഞ്ഞത്. ജി.എസ്.ടി വരുമാനത്തിലെ ആനുപാതിക വിഹിതത്തിലും വലിയ കുറവാണ് ഉണ്ടാകുന്നത്. ഫലത്തിൽ വായ്പയല്ലാതെ കിട്ടുന്ന പണത്തിൽ വലിയ കുറവുണ്ടാകുന്നു.
കേരളത്തിന്റെ കടം വലിയ തോതിൽ പെരുകുന്നുണ്ടെങ്കിലും വാർഷിക പദ്ധതിയിൽ ആനുപാതികമായ വളർച്ച ഉണ്ടാകുന്നില്ല. ആകെയുള്ള പൊതുകടത്തിന്റെ പത്തിൽ ഒരു ഭാഗം പോലും വാർഷിക പദ്ധതിക്കായി നീക്കിവെക്കുന്നില്ല. കടമെടുത്ത് താൽക്കാലിക സാമ്പത്തിക പ്രയാസങ്ങൾ തീർക്കുക, ശമ്പളം മുടങ്ങാതെ നൽകുക എന്നീ ലക്ഷ്യങ്ങളിലേക്ക് മാത്രം കേരളത്തിന്റെ കടമെടുപ്പ് രീതി മാറിയിരിക്കുന്നു.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടമുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ മുന്നിലാണ് കേരളത്തിന്റെ സ്ഥാനം. ബംഗാൾ, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങി മറ്റു പല സംസ്ഥാനങ്ങളും കടത്തിന്റെ കാര്യത്തിൽ കേരളത്തിനൊപ്പമുണ്ടെങ്കിലും കടം വാങ്ങി ചെലവ് കഴിക്കുന്നതിനപ്പുറത്തേക്കുള്ള കാര്യങ്ങൾക്കും ഇവരുടെ വായ്പ ഉപയോഗിക്കപ്പെടുന്നുണ്ട്. കേരളത്തിനാകട്ടെ കടം കിട്ടിയില്ലെങ്കിൽ അടുത്ത മാസത്തെ ശമ്പളം കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. വികസനാവശ്യത്തിന് വേണ്ടിയോ ഉൽപാദനക്ഷമമായ കാര്യങ്ങൾക്ക് വേണ്ടിയോ കടം വാങ്ങാൻ കഴിയാത്ത സ്ഥിതിയാണ് കേരളത്തിന്റേത്. കാരണം, കടത്തിന്റെ പരമാവധി പരിധിയിലേക്ക് സംസ്ഥാനം അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. അത് തന്നെയാണ് കടത്തിന്റെ കാര്യത്തിലുള്ള ഏറ്റവും വലിയ അപകടവും. ഉൽപാദനത്തിലൂടെ തനത് വരുമാനം വർധിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ കടം വാങ്ങി മുടിയുകയെന്ന ഗതികേടായിരിക്കും കേരളത്തിനുണ്ടാകുക.






