Sorry, you need to enable JavaScript to visit this website.

മൈലാഞ്ചി മണമുള്ള പുലർവേളകൾ

ഖത്തർ ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ, റിയാദിൽ എൺപതുകളിൽ ഫുട്‌ബോളിനെ നെഞ്ചേറ്റിയ ഒരു പ്രവാസിയുടെ ഓർമക്കുറിപ്പ്  

ഖത്തറിൽ ലോകകപ്പ് ഫുട്‌ബോൾ മാമാങ്കം പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ റിയാദിലെ മൈതാനങ്ങളിൽ ഫുട്‌ബോൾ ടൂർണമെന്റുകളുടെ ആരവത്തിൽ, തെക്കേപ്പുറത്തെ മൈലാഞ്ചിച്ചോപ്പണിഞ്ഞ മഹിളാമണികളുടെ വളയിട്ട കൈകളുടെ രുചിയേറിയ അപ്പത്തരങ്ങൾ പിരിശത്തോടെ ആസ്വദിക്കാനെത്തിയ തെക്കേപ്പുറത്തെ ഒരുപറ്റം യുവ ഫുട്‌ബോൾ ഭ്രാന്തന്മാരെ ഓർമ വരികയാണ്. 
സുബ്ഹി ബാങ്ക് കേട്ടുണരുന്ന തെക്കേപ്പുറത്തുകാർ സുബ്ഹി നിസ്‌കാരശേഷം ചായയും വളാപ്പവും പൊരിച്ചുണ്ടയും തട്ടി, അറബികളും പരന്ത്രീസുകാരും ഡച്ചുകാരും പോർത്തുഗീസുകാരുമെല്ലാം ചരിത്രം രചിച്ച കോഴിക്കോട്ടെ കടപ്പുറത്തെ വെണ്ണിലാപോലുള്ള മണലിലേക്ക് ഫുട്‌ബോൾ കളിക്കാനാവേശത്തോടെ എത്തുക പതിവായിരുന്നു.
തെക്കേപ്പുറത്തുകാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണല്ലോ കാൽപന്തു കളി. അതു കൊണ്ടു തന്നെ ലോകത്തിന്റെ ഏതു കോണിൽ പോയാലും അവരോടൊപ്പം കാൽപന്തു കളിയുമുണ്ടാകും... 
അങ്ങനെ 1980 കളിൽ അൽകോബാർ അസീസിയ ഫ്ലാറ്റിൽ താമസിച്ചിരുന്ന ഒരു പറ്റം യുവ ഫുട്‌ബോളർമാർ, അവരിൽ മിക്കവരും സ്‌കൂൾ, കോളേജ് ടീമുകളിലും ജില്ല ലീഗ് ചാമ്പ്യൻഷിപ്പുകളിലും അന്നത്തെ ലഹരിയായിരുന്ന സെവൻസ് ടൂർണമെന്റുകളിലും ജഴ്‌സിയണിഞ്ഞവരായിരുന്നു.
സൗദി അറേബ്യയുടെ മണ്ണിലും ഫുട്‌ബോൾ അവർക്കൊരു ലഹരിയായിരുന്നു. ഒരു ഫുട്‌ബോൾ ടൂർണമെന്റ് അവിടെയും  ജന്മമെടുത്തു.
പിന്നീട് റിയാദിലും 85-86 കാലഘട്ടത്തിൽ തെക്കേപ്പുറത്ത് നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാർ  സൗദിയിലേക്ക് പ്രവാസികളായെത്തി. അന്നവിടെ സൗഹൃദ കൂട്ടായ്മ സംഗമിച്ചുണ്ടായതാണ് സംഗമം റിയാദ് ക്ലബ്ബ്.
കത്തുകൾ കിട്ടാനും വിശേഷങ്ങൾ അറിയാനും ദിവസങ്ങൾ കാത്തുനിൽക്കുന്ന ഒരു കാലമുണ്ടായിരുന്നു ആദ്യകാല പ്രവാസികൾക്ക്. കത്തുകൾ എത്തിച്ചുനൽകുക എന്ന 'പോസ്റ്റൽ സർവീസ്' തുടങ്ങിയാണ് സംഗമം കൂട്ടായ്മ പ്രവർത്തനം ആരംഭിച്ചത്.
ഇന്നത്തെ പോലെ സോഷ്യൽ മീഡിയ സൗകര്യങ്ങളും ടെലി കമ്യൂണിക്കേഷൻ രംഗത്തെ വിപ്ലവങ്ങളും ഇല്ലാത്ത കാലത്ത് നാട്ടിലെ പ്രിയപ്പെട്ടവർക്ക് കത്തുകൾ എത്തിക്കാനും അവിടുന്നുള്ള കത്തുകൾ തിരികെ ലഭിക്കുന്നതിനും വളരെ ഏറെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്ന കാലത്ത് പ്രവാസികൾ സംഗമം ഫ്ലാറ്റിൽ വരുമായിരുന്നു, നാട്ടിൽ നിന്നും വന്ന കത്ത് എടുക്കുവാനും നാട്ടിലേക്ക് കത്തുകൾ അയക്കുവാനും. പല ഭാഗത്തായി ജോലി ചെയ്യുന്ന തെക്കേപ്പുറത്തുകാർക്ക് വരുന്ന കത്തുകൾ ഒരിടത്ത് മാത്രം നൽകുന്നതിനുള്ള സംവിധാനം വഴി എളുപ്പത്തിൽ കിട്ടാനിടയാവുമെന്ന ചിന്തയാണ് സംഗമിക്കാനുള്ള ഒരിടം എന്നതിലേക്ക് വഴിതുറന്നത്. പ്രത്യേകിച്ച് തെക്കേപ്പുറത്തുകാരുടെ കത്തുകൾ, മറ്റൊരർത്ഥത്തിൽ ജീവിതം തന്നെ, ഒരു ഏകീകൃത സ്ഥലത്തു ലഭ്യമാക്കുന്നതിനും അവിടെ നിന്നു തന്നെ നാട്ടിലേക്ക് അയക്കാനും വേണ്ടി രൂപംകൊണ്ട റിയാദ് സംഗമം റിയാദിലെ ആദ്യ പ്രവാസി സംഘടന ആയിരുന്നു. 
പിന്നീട് പ്രവർത്തനം വിപുലീകരിച്ചു. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ കഴിയുന്ന സഹായ സൗകര്യങ്ങൾ ചെയ്തു കൊടുക്കാനും തുടങ്ങി. കലാകായിക സാംസ്‌കാരിക രംഗത്തും സംഗമം നിറസാന്നിധ്യം അറിയിച്ചു. വർഷാവർഷം കൊണ്ടാടുന്ന ഫുട്‌ബോൾ മാമാങ്കം തെക്കെപ്പുറത്തിന്റെ പെരുമ വാനോളം ഉയർത്തി. ഈ കാലയളവിൽ നിരവധി പ്രതിഭാസമ്പന്നരായ മെമ്പർമാരുടെ കഴിവുറ്റ പ്രവർത്തനവും പൂർണ പിന്തുണയും എല്ലാറ്റിനും താങ്ങും തണലുമായി, സംഗമം അറിയപ്പെടുന്ന പ്രവാസി കൂട്ടായ്മയായി. ഈ നാളുകളിലാണ് റിയാദ് ചാരിറ്റി കമ്മിറ്റിയുടെ (ആർ.സി.സി) ഉദയവും. 
നാട്ടിലെയും റിയാദിലെയും വിശേഷങ്ങൾ അറിയുവാനും ചില ദിവസങ്ങളിൽ അഞ്ച് റിയാലും 10 റിയാലും എല്ലാവരും ഒന്നിച്ചെടുത്ത് സംഗമം ഫ്ലാറ്റിൽ ഭക്ഷണം പാകംചെയ്ത്  ഇരുപത്തിയഞ്ച് മുപ്പത് പേർ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമായിരിന്നു. അക്കാലത്ത് അത് വലിയ അളവിൽ ആത്മവിശ്വാസം വളർത്തുന്നതിനുതകുന്ന വിലപ്പെട്ട സംഗതിയായിരുന്നു. ഒറ്റപ്പെട്ട ജീവിതം ജയിലറ പോലെ അനുഭവിച്ചവനു മാത്രമേ കൂടിച്ചേരൽ നൽകുന്ന അളവറ്റ അമൂല്യമായ ആശ്വാസം എന്തെന്നറിയൂ. അക്കാരണത്താൽ സംഗമം റൂമിൽ വന്നെത്തുന്നവർ രാത്രി ഏറെ വൈകും വരെ ചെലവഴിക്കുകയും ചെയ്തിരുന്നു. ആ സന്തോഷം അനുഭവിച്ചവർക്കറിയാം.
വർഷം തോറും സംഗമങ്ങൾ നടത്തുകയും ഈദ് ആഘോഷം നാട്ടിലുള്ളതിനേക്കാൾ മനോഹരമായ ഒത്തുചേരലായി സംഘടിപ്പിക്കുകയും ചെയ്തു. റിയാദ് സംഗമം സോക്കർ റിയാദിലെ ഇതര കേരള സമൂഹങ്ങൾ മാതൃകയാക്കുന്ന രീതിയിൽ വർഷങ്ങളായി നടത്തിവന്നു. ഇത് പ്രവാസികളുടെയും പ്രവാസി കുടുംബങ്ങളുടെയും മാനസിക ഉല്ലാസത്തോടൊപ്പം പാരസ്പര്യം ഊട്ടിയുറപ്പിക്കാനും സാമൂഹികോന്നമനം ഉണ്ടാക്കുന്നതിലും മുഖ്യ പങ്ക് വഹിച്ചിരുന്നു.
പതിവായി നടത്തിവരാറുള്ള ഫുട്‌ബോൾ മാമാങ്കം ജോറാക്കാൻ തെക്കേപ്പുറത്തെ പുതിയാപ്പിള സൽക്കാരത്തിന്റെ പൊലിമയായ ചട്ടിപ്പത്തിരി, സമ്മൂസ, വാഴക്കട, മുട്ടമാല, മുട്ടസുറുക്ക, മുട്ടമറിച്ചത്, ഇറച്ചിപ്പത്തിരി, കോഴിയട, അൽസ തുടങ്ങിയ തെക്കേപ്പുറത്തിന്റെ അപ്പത്തരങ്ങൾ നിരന്ന സൽക്കാരക്കൂട്ടായ്മയും ഫുട്‌ബോളിനോടൊപ്പം ആവേശമായിത്തീർന്നത് വളരെ പെട്ടെന്നാണ്. 
'80 കളിലെ സെപ്റ്റംബർ-ഒക്‌ടോബർ മാസങ്ങളിലെ വെള്ളിയാഴ്ചകളിൽ, ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ഫുട്‌ബോൾ മത്സരങ്ങൾ കാളപ്പൂട്ടിനെ അനുസ്മരിപ്പിക്കുന്ന വിധം ജോറായിരുന്നു. മൈതാനത്ത് വീറോടെ ഏറ്റുമുട്ടുമ്പോഴും എല്ലാവരുടെയും മനസ്സിൽ കളിക്കു ശേഷം സംഘാടകർ വിളമ്പുന്ന മുട്ടമാലയുടെയും ചട്ടിപ്പത്തിരിയുടെയും രുചിയും മണവും ഒരാവേശക്കൊടുങ്കാറ്റായി കയറിവരും...
അപ്പോൾ, പെരുന്നാൾ ദിനത്തിൽ തന്റെ സഹധർമിണി ഉണ്ടാക്കിത്തന്ന വിഭവങ്ങളോരോന്നും മനസ്സിലേക്ക് ഓടിയെത്തും...
റിയാദിലെ മൈതാനത്തേക്ക്   കളികാണാനായി സുബ്ഹി നിസ്‌കാരം കഴിഞ്ഞ ഉടനെ തന്നെ എല്ലാവരും   പുറപ്പെടാറാണ് പതിവ്. ഫുട്‌ബോൾ ഭ്രാന്തന്മാരായ  അറബി പയ്യന്മാരും പലപ്പോഴും ഞങ്ങളുടെ കളി കാണുവാൻ എത്തിത്തുടങ്ങി.
ഗൾഫിൽ ഫുട്‌ബോൾ ഭ്രാന്തിന് വിത്ത് പാകിയത്  കോഴിക്കോടൻ യുവാക്കളാണെന്ന വസ്തുത ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നാട്ടിൽ കടപ്പുറം സെവൻസ് ഫുട്‌ബോൾ ടൂർണമെന്റുകളും ആവേശോജ്വലമായ സേട്ട് നാഗ്ജി ഫുട്‌ബോൾ മത്സരങ്ങളുമെല്ലാം മായാത്ത ഓർമകളായി തങ്ങിനിൽക്കേ,
വർഷങ്ങളായി നാട്ടിൽ പോകുവാൻ സാധിക്കാത്ത ഹതഭാഗ്യർക്ക് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലെ കോഴിക്കോടൻ റിയാദ് ഫുട്‌ബോൾ മേളയെന്നു കേൾക്കുമ്പോൾ ഫുട്‌ബോൾ പ്രണയികൾക്കെന്ന പോലെ ഭക്ഷണ പ്രേമികൾക്കും അതൊരു വല്ലാത്തൊരു അനുഭൂതിയായിരുന്നു.
അതിന്റെ തുടർച്ചയായി പ്രവാസ ജീവിതത്തിലെ സുന്ദര മുഹൂർത്തങ്ങൾ നാട്ടിലും ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ നാട്ടിൽ താമസമാക്കിയ തെക്കേപ്പുറത്തുകാർ  നാട്ടിൽ പരസ്പരം കാണുമ്പോൾ ഒരുമിച്ച് കൂടുക അനിവാര്യമായി തോന്നിയപ്പോൾ 1994 ജനുവരി 26 ന് 'സംഗമം കൾച്ചറൽ സൊസൈറ്റി'ക്ക് രൂപം നൽകിയത് ഇതോടൊപ്പം പറയേണ്ടതുണ്ട്.
സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന തെക്കേപ്പുറത്തെ പാവപ്പെട്ട അനേകം കുടുംബങ്ങൾക്ക് പ്രതിമാസം നിശ്ചിത തുക മുടങ്ങാതെ നൽകിക്കൊണ്ടായിരുന്നു തുടക്കം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലമായി ഇത് തുടരുന്നു. കൂടാതെ നോമ്പുകാലങ്ങളിൽ കിറ്റ് വിതരണവും നടക്കുന്നുണ്ട്.ഇന്ന്, ആ ഫുട്‌ബോൾ പ്രണയം ഇതര കായിക  മത്സരങ്ങളിലേക്കു കൂടി വളർന്നു കഴിഞ്ഞു. ക്രിക്കറ്റും ഇന്ന് ആ മൈതാനങ്ങളിൽ, കൊയ്ത്തിനു പാകമായ വയലേലകൾ വീശുന്ന നെന്മണിച്ചന്തത്തിൻ സ്വർണച്ചാമരം പോലെ നിറഞ്ഞാടുന്നു. 
ഈ സീസണിൽ അവിടെ ക്രിക്കറ്റിന്റെ ആരവമാണ് ഉയരുന്നത്. ഇനിയത് ഖത്തർ ലോകകപ്പിന്റെ സെറിമോണിയൽ സോംഗായ  ഒമ്യ്യമമ... ഒമ്യ്യമമ...യുടെ ഈരടികളായി ഉയർന്നു വരുമ്പോൾ, അറബികളും മലയാളികളും അതേറ്റു പാടി മൈതാനങ്ങളിൽ അലയൊലിച്ചാർത്തായി നിറഞ്ഞു കേൾക്കുമ്പോൾ റിയാദിലെ മൈതാനങ്ങൾ പുന്നാരിച്ച '80 കളിലെ തെക്കേപ്പുറത്തിന്റെ യുവനിരകളുടെ കുതിര കുളമ്പടി ശബ്ദങ്ങളും അവരുടെ സഹധർമിണികളൊരുക്കിയ അപ്പത്തരങ്ങളുടെ രുചിയും മനസ്സിലേക്കോടിയെത്താത്ത സൗദി പ്രവാസികളുണ്ടാവില്ലെന്നതാണ് യാഥാർത്ഥ്യം. 
ഇന്ന് സംഗമം വളർന്ന് കളിക്കാരെ ലേലം വിളിച്ചെടുക്കുന്ന ക്ലബ് സിസ്റ്റത്തിലേക്കു കൂടി വളർന്നു വികസിച്ചു. അതിന്റെ ഭാഗമായി  നവംബർ 11 വരെ നാലാഴ്ചകളിലായി നടക്കുന്ന സംഗമം സോക്കർ 2022 കളിക്കാരുടെ പ്രതീകാത്മക ലേലം വിളി റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടക്കുകയാണ്. ഇതിനോടനുബന്ധിച്ച് റിയാദിലെ ആറ് ഇന്റർനാഷനൽ സ്‌കൂളുകളിൽ നിന്നായി ആറ് ടീമുകൾ മാറ്റുരക്കുന്ന സംഗമം ഇന്റർ സ്‌കൂൾ ടൂർണമെന്റ് സീസൺ രണ്ടും നടക്കും.
ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് അതിഥിയായി പങ്കെടുത്ത പരിപാടിയുടെ ഉദ്ഘാടനം ടെഫ് ചെയർമാനും സംഗമം മുൻ പ്രസിഡന്റുമായ ആദം ഒജി നിർവഹിച്ചു. 
ഫിഫ ഫുട്‌ബോൾ മത്സരം ഖത്തറിൽ നടക്കുന്ന ഈ വേളയിൽ ഗൾഫ് നാടുകളുടെ ഫുട്‌ബോൾ ടീമായി മാറി മലയാളികൾക്ക് ഉയരങ്ങളിൽ നാടിന്റെ അഭിമാനമായിത്തീരാൻ അവസരമുണ്ടാക്കാൻ  സർക്കാരിന്റെ ഭാഗത്തു നിന്നുള്ള സഹായം ലഭ്യമാക്കാൻ എല്ലാവരും രംഗത്തിറങ്ങിയാൽ അത് ഈ നാടിന്റെ ചരിത്രം മാറ്റിക്കുറിക്കും. കോഴിക്കോട്ടെ മാപ്പിളമാർക്ക് വിഭവസമൃദ്ധമായ ആതിഥ്യ മര്യാദ പോലെത്തന്നെ പ്രിയപ്പെട്ടതാണല്ലോ ആവേശം കെടാത്ത ഫുട്‌ബോൾ മത്സരങ്ങളും. അത് നിലനിർത്താൻ സർക്കാർ വേണ്ടത് ചെയ്യണമെന്ന് ഈ അവസരത്തിൽ വിനീതമായി അപേക്ഷിച്ചുകൊള്ളുന്നു. 
ഓർമകൾ ഈ കുറഞ്ഞ വരികളിൽ എഴുതിത്തീർക്കാനാവുന്നില്ല. അത്രയേറെ മധുരമേറിയ റിയാദ്  ഫുട്‌ബോൾ ജീവിതത്തിന്റെ വർണാഭമായ ഏടുകൾ ബാക്കിയാണ്. ഒഴിവുകളിൽ നമുക്കത്  മധുരമായി പറയാം പങ്കുവെയ്ക്കാം. 

Latest News