Sorry, you need to enable JavaScript to visit this website.

ഖത്തറിൽ ഈ ഗോളികളെ കീഴടക്കനാകുമോ?

ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളി ആരായിരിക്കും? ബ്രസീലിന്റെ അലിസൻ ബെക്കറോ ബെൽജിയത്തിന്റെ തിബൊ കോർട്‌വയോ, അതോ പരിചയസമ്പന്നനായ കയ്‌ലോർ നവാസോ? ഒന്നിനൊന്ന് മികച്ച നിരവധി ഗോളിമാർ ഖത്തറിൽ മുഖാമുഖം വരും. ഗോളെന്നുറച്ച ഷോട്ടുകൾ വിരൽതലപ്പിൽ തട്ടി വഴിമാറുമ്പോൾ ഗാലറികളിൽ ആശ്വാസത്തിന്റെയും നിരാശയുടെയും നിശ്വാസമുയരും. 
ബ്രസീൽ ടീമിൽ അലിസൻ ബെക്കറും എഡേഴ്‌സനും ഒന്നിനൊന്ന് മികച്ച ഗോളിമാരാണ്. ബെക്കർ ലിവർപൂളിന്റെയും എഡേഴ്‌സൻ മാഞ്ചസ്റ്റർ സിറ്റിയുടെയും വല കാക്കുന്നു. ജർമനിയുടെ ഗോൾകീപ്പറുടെ സ്ഥാനത്തും ശക്തരായ രണ്ടു പേരുണ്ട് -മാന്വേൽ നോയറും മാർക്ക് ആന്ദ്രെ ടെർസ്‌റ്റേഗനും. നോയർ ബയേൺ മ്യൂണിക്കിന്റെ അമരക്കാരനാണ്, ടെർസ്‌റ്റേഗൻ ബാഴ്‌സലോണയുടെ വൻമതിലും. സ്‌പെയിനിന്റെ ഗോൾവലക്ക് മുന്നിലെത്താൻ ഡേവിഡ് ഡിഹായയും ഉനായ് സിമോണും തമ്മിൽ ശക്തമായ പോരാട്ടമുണ്ടാവും.  
എന്നാൽ ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളി തിബൊ കോർടവയായിരിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ബാലൻഡോർ അവാർഡിൽ കോർട്‌വ ഏഴാം സ്ഥാനത്തായിപ്പോയത് പരക്കെ വിമർശിക്കപ്പെട്ടിരുന്നു. എങ്കിലും മികച്ച ഗോളിക്കുള്ള ലെവ് യാഷിൻ അവാർഡ് ബെൽജിയം ഗോളിക്കു തന്നെ ലഭിച്ചു. 2018 ലെ ലോകകപ്പിലെ മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലൗ ബഹുമതി മുപ്പതുകാരനായിരുന്നു. നൂറോളം തവണ ബെൽജിയത്തിന്റെ വല കാത്തിട്ടുണ്ട്. കോർട്‌വ ഒരിക്കൽ കൂടി അജയ്യനായി നിന്നാൽ കഴിഞ്ഞ ലോകകപ്പിലെ മൂന്നാം സ്ഥാനത്തു നിന്നും ബെൽജിയത്തിന് ഒരുപാട് ദൂരം മുന്നേറാം. 
കഴിഞ്ഞ യൂറോ കപ്പിലെ ശ്രദ്ധേയനായ ഗോളിയായിരുന്നു സ്വിറ്റ്‌സർലന്റിന്റെ യാൻ സോമർ. സോമറിന്റെ കൂടി മികവിൽ സ്വിറ്റ്‌സർലന്റ് ക്വാർട്ടർ ഫൈനലിലെത്തി. എൺപതോളം തവണ സ്വിറ്റ്‌സർലന്റിന് കളിച്ചിട്ടുണ്ട്. ഗ്രൂപ്പ് ജിയിൽ ബ്രസീലും സ്വിറ്റ്‌സർലന്റും ഏറ്റുമുട്ടുമ്പോൾ അത് അലിസനും സോമറും തമ്മിലുള്ള പോരാട്ടം കൂടിയാവും. 
2014 ലെ ലോകകപ്പിലെ ഹീറോ ആയിരുന്നു കയ്‌ലോർ നവാസ്. കോസ്റ്ററീക്ക ക്വാർട്ടർ ഫൈനലിലെത്തിയ ആ ലോകകപ്പിനു ശേഷം നവാസിന്റെ മൂല്യമുയർന്നു. വൻ ക്ലബ്ബുകൾ താരത്തിനായി വല വിരിച്ചു. റയൽ മഡ്രീഡിലും പിന്നീട് പി.എസ്.ജിയിലുമെത്തി. എന്നാൽ കഴിഞ്ഞ ലോകകപ്പിൽ കോസ്റ്ററീക്ക നിരാശപ്പെടുത്തി. പി.എസ്.ജിയിൽ ഇപ്പോൾ നവാസ് അല്ല ഫസ്റ്റ് ചോയ്‌സ് ഗോളി. എങ്കിലും നൂറിലേറെ കോസ്റ്ററീക്കക്ക് കളിച്ച ഗോളിയുടെ പരിചയസമ്പത്ത് അവഗണിക്കാനാവാത്തതാണ്. ജർമനിയും കോസ്റ്ററീക്കയും ഗ്രൂപ്പ് ഇയിൽ ഏറ്റുമുട്ടുമ്പോൾ നവാസും നോയറും മുഖാമുഖം വരും. 
പോളണ്ടിന്റെ വോയ്‌സിയേഷ് സെസസ്‌നിയാണ് മറ്റൊരു എണ്ണം പറഞ്ഞ ഗോൾകീപ്പർ. ഇപ്പോൾ യുവന്റസിന്റെ കസ്‌റ്റോഡിയനാണ് സെസസ്‌നി. ഗ്രൂപ്പ് സിയിൽ ലിയണൽ മെസ്സിയുടെ അർജന്റീനയുടെ കുതിപ്പ് തടയാൻ സെസസ്‌നിയുടെ സേവനം പോളണ്ടിന് ആവശ്യത്തിലേറെ വേണ്ടിവരും. 
മൊറോക്കോയുടെ യാസീൻ ബോനൂ, സെനഗാലിന്റെ എഡ്വേഡ് മെൻഡി, കമറൂണിന്റെ ആന്ദ്രെ ഒനാന എന്നിവർ ആഫ്രിക്കയുടെ ഗോൾകീപ്പിംഗ് കരുത്ത് വിളിച്ചോതും. കാസ്പർ ഷ്‌മൈക്കൽ (ഡെന്മാർക്ക്) പിതാവ് പീറ്റർ ഷ്‌മൈക്കലിനെ ഓർമിപ്പിക്കുന്ന ഗോൾകീപ്പറാണെങ്കിലും സമീപകാല ഫോം മെച്ചപ്പെട്ടതല്ല. ഇംഗ്ലണ്ട് ഗോളി ജോർദൻ പിക്‌ഫോഡും പഴയ പ്രതാപത്തിലല്ല ലോകകപ്പിന് വരുന്നത്. 
പോർചുഗലിന്റെ ഹോസെ സാ സ്ഥിരം ഗോളി റൂയി പാട്രിഷ്യോക്ക് കനത്ത വെല്ലുവിളിയുയർത്തും. ഫ്രഞ്ച് ഗോളിയുടെ ഗ്ലൗവിനായി ഹ്യൂഗോ ലോറീസിനൊപ്പം മൈക്ക് മയ്ഗനാനുമുണ്ട്. ഇറ്റാലിയൻ ലീഗിലെ ഗോൾകീപ്പർ ഓഫ് ദ ഇയറാണ് മയ്ഗനാൻ. 
ഈ ലോകകപ്പിനില്ലാത്ത രണ്ട് ലോകോത്തര ഗോളിമാരുണ്ട് -ഇറ്റലിയുടെ ജിയാൻലൂജി ഡോണരൂമയും സ്ലൊവാക്യയുടെ യാൻ ഒബ്‌ലാക്കും ഹംഗറിയുടെ പീറ്റർ ഗുലാച്ചിയും. ഡോണരൂമ കഴിഞ്ഞ യൂറോ കപ്പിലെ മികച്ച ഗോളി മാത്രമായിരുന്നില്ല, മികച്ച കളിക്കാരൻ കൂടിയായിരുന്നു. പക്ഷേ ഇറ്റലി ലോകകപ്പിന് യോഗ്യത നേടിയില്ല. ഒബ്‌ലാക്കിന്റെ സ്ലൊവാക്യയും ലോകകപ്പിനില്ല. ഈ വർഷം ഗോളിമാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ് ഒബ്‌ലാക്. 
നേരിട്ട 80 ശതമാനം ഷോട്ടുകളും ഒബ്‌ലാക് രക്ഷിച്ചു. ഗോളെന്നുറച്ച 32 ഷോട്ടുകളാണ് ഈ ഗോളി രക്ഷിച്ചത്. 

Latest News