പണം നല്‍കി അപകീര്‍ത്തി പ്രചാരണം; എല്‍ദോസിനെതിരെ പുതിയ കേസ്

തിരുവനന്തപുരം- യുവതിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം നടത്താന്‍ എല്‍ദോസ് കുന്നപ്പിള്ളി പണം നല്‍കിയെന്ന് പുതിയ കേസ്. ബലാത്സംഗക്കേസിലെ പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുന്ന പ്രചാരണം നടത്തിയതിനാണ് തിരുവനന്തപുരം പേട്ട പോലീസ് കേസെടുത്തത്. നാല് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് യുവതി പരാതി നല്‍കിയിരുന്നത്. ഇത് പിന്നീട് പേട്ട പോലീസിന് കൈമാറുകയായിരുന്നു.
ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ എംഎല്‍എ പ്രചാരണം നടത്തിയെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ നല്‍കി അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. ഇതിനായി ഒളിവിലിരുന്ന് എല്‍ദോസ് ഒരു ലക്ഷം രൂപ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും പരാതിയില്‍ ആരോപിക്കുന്നു.
പരാതിക്ക് പിന്നാലെ പേട്ട പൊലീസ് പ്രാഥമിക അന്വേഷണം നടത്തി വൈകീട്ടോടെ  എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

 

Latest News