തിരുവനന്തപുരം- കല്ലുവാതുക്കല്‍ മദ്യദുരന്തകേസിലെ കുറ്റവാളി മണിച്ചന്‍ ജയില്‍ മോചിതനായി. പിഴ തുക ഒഴിവാക്കി മണിച്ചനെ മോചിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഉത്തരവ് ജയിലില്‍ എത്തിയതോടെയാണ് നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍നിന്ന് മണിച്ചന്‍ പുറത്തിറങ്ങിയത്. മോചനത്തില്‍ സന്തോഷമുണ്ടെന്നും പ്രത്യേകിച്ചൊന്നും പറയാനില്ലെന്നുമായിരുന്നു മണിച്ചന്റെ ആദ്യ പ്രതികരണം.
രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മണിച്ചന്‍ ജയില്‍മോചിതനാകുന്നത്. 2000 ഒക്ടോബര്‍ 21 നാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. കൊല്ലം കല്ലുവാതുക്കലില്‍ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തില്‍നിന്ന് മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം. പലരും കുഴഞ്ഞു വീണു. നൂറിലേറെ പേരെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ 31 പേര്‍ മരിച്ചുവെന്ന ദാരുണ വിവരം പുറത്ത് വന്നു. ചിലര്‍ക്ക് കാഴ്ച നഷ്ടമായി. വാറ്റുകേന്ദ്രം നടത്തിയ ഹയറുന്നിസയും കൂട്ടാളികളും പോലീസ് പിടിയിലായി. വ്യാജവാറ്റു കേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസയുടെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ സര്‍ക്കാരിനെ പിടിച്ചുലച്ച വന്‍ വിവാദമായി കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം മാറി.
22 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് മണിച്ചന്‍ ജയില്‍ മോചിതനാകുന്നത്. പുറത്തിറങ്ങിയ മണിച്ചനെ സുഹൃത്തുക്കള്‍ മഞ്ഞഷാള്‍ അണയിച്ച് സ്വീകരിച്ചു. മണിച്ചനടക്കം 33 പേരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ കോടതി ശിക്ഷയായി വിധിച്ച 30.45 ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ സാധിക്കാത്തതിനാല്‍ മണിച്ചന്റെ ഭാര്യ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് മണിച്ചനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.






