ഇലന്തൂരില്‍ ഡമ്മി പരീക്ഷിച്ച് പോലീസ്, പത്മ കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി

പത്തനംതിട്ട- ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ ഡമ്മി പരീക്ഷിച്ച് പോലീസ്. പ്രതികളായ മുഹമ്മദ് ഷാഫിയേയും ഭഗവല്‍ിംഗിനെയും ഇലന്തൂരിലെ വീട്ടിലെത്തിച്ച് ഡമ്മിയോടൊപ്പം തെളിവെടുപ്പ് നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് ഡമ്മി പരീക്ഷണവും നടന്നത്.
നാലാം  തവണയാണ് കടവന്ത്ര പോലീസ് പ്രതികളെ ഭഗവല്‍ സിംഗിന്റെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തത്. ഇത്തവണ ലൈലയെ ഇലന്തൂരില്‍ എത്തിച്ചില്ല.

ഉച്ചക്ക് ഒരു മണിയോടെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ് എന്നിവരുമായി ഇലന്തൂരിലെത്തിയ അന്വേഷണ സംഘം. പ്രധാനമായും കൊലപാതകം പുനരാവിഷ്‌ക്കരിക്കുന്നതിനായാണ് ഇ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പ് നടത്തിയത്. കൊല്ലപ്പെട്ട സ്ത്രീകളുടെ പോസ്റ്റുമാര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും, ഫോറന്‍സിക്ക് വിദഗ്ധരും എറണാകുളം സിറ്റി പോലീസ് കമ്മീഷണറും അടക്കമുള്ളവര്‍ ഇരട്ട കൊല നടന്ന ഇലന്തൂരിലെ വീട്ടില്‍ എത്തിയിരുന്നു. പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് കടവന്ത്ര പോലീസ്. കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലെത്തിച്ച സംഭവമാണ് കഴിഞ്ഞ ദിവസം പുനരാവിഷ്‌ക്കരിച്ചത്. കൊലപാതകം നടന്ന സെപ്റ്റംബര്‍ 26 ന് രാവിലെ 9.15 ന് ചിറ്റൂര്‍ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്ത് വച്ചാണ് പത്മയും മുഹമ്മദ് ഷാഫിയും ആദ്യം കണ്ടത്. തുടര്‍ന്ന് ബൈക്കില്‍ ഫാഷന്‍ സ്ട്രീറ്റിലേക്ക് പോയ ഷാഫി 9.25 ഓടെ സ്‌കോര്‍പിയോ കാറുമായെത്തി കൃഷ്ണാ ഹോസ്പിറ്റലില്‍ നിന്നു പത്മയെ കയറ്റി ഇലന്തൂരിലെത്തിച്ച സംഭവങ്ങള്‍ പോലീസ് പുനരാവിഷ്‌ക്കരിച്ചിരുന്നു.  

മറ്റ് മൃതദേഹങ്ങള്‍ ഉണ്ടോ എന്ന സംശയം ദൂരീകരിക്കാന്‍ ഇന്നലെ പോലീസിന്റെ സഹായിയായി പ്രവര്‍ത്തിക്കുന്ന സോമന്‍ രണ്ടിടങ്ങളില്‍ കുഴിയെടുക്കുകയും സെപ്ടിക്ക് ടാങ്കിന്റെ മൂടി മാറ്റി പരിശോധന നടത്തുകയും ചെയ്തു.
മരിച്ച സ്ത്രീകളുടെ വസ്ത്രങ്ങളും ബാഗും കത്തിച്ചതിന്റെ അവശിഷ്ടങ്ങളും പാത്രങ്ങള്‍ എന്നിവയും  അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. അഞ്ച് മണിയോടെ ഇവിടുത്തെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതികള്‍ വസ്തു പണയം വച്ച് വായ്പ  എടുത്ത ഇലന്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിലും ഇവരെ എത്തിച്ചു. കടവന്ത്ര പോലീസ് പ്രധാനമായും പത്മയുടെ കൊലപാതകമാണ് അന്വേഷിക്കുന്നത്. ഇനി പ്രതികളെ കസ്റ്റഡി കാലാവധി തീരുന്ന മുറക്ക് കോടതിയില്‍ ഹാജരാക്കും. പിന്നീട് റോസ്ലിന്‍ കേസിനായി കസ്റ്റഡി അപേക്ഷ നല്‍കും. ഇന്നലെ പ്രതികളെ എത്തിച്ചപ്പോഴും വന്‍ ജനക്കൂട്ടം ഭഗവല്‍ സിംഗിന്റെ വീടിനു സമീപം എത്തിയിരുന്നു.കനത്ത പോലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു.

 

Latest News