തിരുവനന്തപുരം- സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല സിനിമയില്‍ അഭിനയിപ്പിച്ചവെന്ന യുവാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. തിരുവനന്തപുരം വിഴിഞ്ഞം പോലീസ് വഞ്ചനാകുറ്റം ചുമത്തിയാണ് കേസെടുത്തത്. ഒടിടി പ്ലാറ്റ്ഫോം ഉടമകളും ചിത്രത്തിന്റെ സംവിധായികയുമാണ് കേസിലെ പ്രതികള്‍.
യുവാവിന്റെ വിശദമായ മൊഴിയെടുത്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ 26 കാരനാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികക്കുമെതിരെ പോലീസില്‍ പരാതി നല്‍കിയത്. കരാറിന്റെ പേരില്‍ തന്നെ കുടുക്കി സിനിമയില്‍ അഭിനയിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. അരുവിക്കരയിലാണ് ചിത്രീകരണം നടന്നത്. ആളൊഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തിലാണ് ഷൂട്ടിംഗ് നടന്നത്. ആദ്യം കുറച്ച് ഭാഗങ്ങള്‍ ഷൂട്ട് ചെയ്തു. പിന്നീട് കരാര്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. അതില്‍ ഒപ്പിട്ട ശേഷമാണ്, ഇത് അഡള്‍ട്ട് ഒണ്‍ലി സിനിമയാണെന്ന് പറഞ്ഞത്. അഭിനയിച്ചില്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.






