ശവര്‍മ കത്തി കൊണ്ട് രണ്ടുപേരെ കൊന്നു; കാരണം പരിഹാസമെന്ന് പ്രതി

കുവൈത്ത് സിറ്റി - പരിഹസിച്ചതിനും നിന്ദിച്ചതിനുമാണ് സഹപ്രവര്‍ത്തകരെ വെട്ടിക്കൊന്നതെന്ന് ഈജിപ്ഷ്യന്‍ യുവാവ് അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്നില്‍ വെളിപ്പെടുത്തി. വാളിന് സമാനമായ നീളം കൂടിയ ശവര്‍മ കത്തി ഉപയോഗിച്ചാണ് ഈജിപ്തുകാരന്‍ സഹപ്രവര്‍ത്തകരായ മൂന്നു സിറിയക്കാരെ ആക്രമിച്ചത്. വെട്ടേറ്റ് രണ്ടു സിറിയക്കാര്‍ മരിച്ചു. മൂന്നാമന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒരാളെ കൊലപ്പെടുത്താനാണ് താന്‍ പദ്ധതിയിട്ടതെന്ന് ഈജിപ്തുകാരന്‍ പറഞ്ഞു. ഒരാളെ വെട്ടിയതോടെ ഏതായായാലും വധശിക്ഷ ലഭിക്കുമെന്ന ഉറച്ച ബോധ്യത്തില്‍ മറ്റുള്ളവരെയും വെട്ടിക്കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് യുവാവ് വെളിപ്പെടുത്തി.
അഞ്ചു മാസം മുമ്പാണ് കുവൈത്തിനെ നടുക്കിയ കൊലപാതകങ്ങള്‍ ഈജിപ്തുകാരന്‍ നടത്തിയത്. കുവൈത്തില്‍ അല്‍ഫന്‍താസ് ഏരിയയില്‍ റെസ്റ്റോറന്റില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന മൂന്നു സിറിയക്കാരെ ശവര്‍മ തൊഴിലാളിയായ ഈജിപ്തുകാരന്‍ ശവര്‍മ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

പ്രതി അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്നില്‍ നടത്തിയ കുറ്റസമ്മത മൊഴികള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആക്രമണത്തില്‍ പരിക്കേറ്റ മൂന്നാമത്തെ സിറിയക്കാരന്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയുടെ കേസില്‍ ക്രിമിനല്‍ കോടതിയില്‍ വൈകാതെ വിചാരണ ആരംഭിക്കും. പ്രതിക്ക് വധശിക്ഷ വിധിക്കണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും.

 

Latest News