മയങ്ങരുത്, ഉണർന്നിരിക്കുക

ഒരു രാജ്യത്തിന്റെ ഭാവി അവിടത്തെ കുട്ടികളിലാണെന്ന് പറഞ്ഞു തന്നെ തുടങ്ങട്ടെ. മയക്കുമരുന്ന് മാഫിയ കേരളമാകെ പിടിമുറുക്കിയ ഈ സാഹചര്യത്തിൽ എന്ത് പ്രതീക്ഷയാണ് യുവാക്കൾക്കു നമുക്ക് നൽകാനാവുക?
യുവതലമുറ ലഹരിയുടെ മയക്കത്തിലാണ്. കുട്ടികളുടെ സുബോധം കെടുത്താൻ കച്ചകെട്ടിയിറങ്ങിയ ഒരു വിഭാഗം ലഹരി വേട്ടക്കാരുടെ പിടിയിലാണിന്ന് നമ്മുടെ കുട്ടികൾ എന്ന് ചുരുക്കം. ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ മയക്കുമരുന്ന് മാഫിയയുടെ നീരാളിപ്പിടിത്തത്തിൽ കുടുങ്ങി ഏറെ അപകടകരമായ അവസ്ഥയിലാണിന്ന് കേരളം.
നമ്മുടെ ശരീരത്തിനുള്ളിലേക്ക് പ്രവേശിച്ച് ചില രാസപരിണാമങ്ങളുണ്ടാക്കി തലച്ചോറിൽ ചില വ്യതിയാനങ്ങൾ സൃഷ്ടിച്ച് അത് വഴി ആ വസ്തുവിനോട് അടിമത്തമുണ്ടാക്കാൻ പ്രാപ്തമായ ഏത് പദാർത്ഥത്തെയും ലഹരി എന്ന് വിളിക്കും. എന്നാൽ അതിന്റെ പിടിയിലാവുന്ന മനുഷ്യൻ സമൂഹത്തിൽ വളരെ ചെറുതായിക്കൊണ്ടിരിക്കും എന്നതാണ് സത്യം.
ഈ സെപ്തംബറിൽ രണ്ടാഴ്ചക്കുള്ളിൽ രജിസ്റ്റർ ചെയ്യപ്പെട്ട മയക്കുമരുന്ന് കേസുകളുടെ എണ്ണം 350, അറസ്റ്റിലായവർ 375 എണ്ണവും. ഈ വർഷം തുടങ്ങി ഓഗസ്റ്റ് 29 വരെ 16,128 ലഹരി കേസുകളാണ് കണക്കാക്കിയത്. 2020 ൽ 4650 കേസുകളിൽ അറസ്റ്റിലായ 4000 പേരിൽ ഏറെയും 21 വയസ്സിന് താഴെ പ്രായക്കാരാണ്. 2021 ൽ 6704 കേസുകളാണ് കണക്കാക്കിയത്.
സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് മാഫിയ വലവിരിച്ചിരിക്കുന്നത്. പെട്ടെന്ന് വശപ്പെടുത്താൻ കുട്ടികളാണ് നല്ലതെന്ന മനഃശാസ്ത്ര കണ്ടെത്തലിലൂടെയാണ് നോട്ടമിട്ടിരിക്കുന്നത്. ആദ്യം ഫ്രീയായി വലിക്കാൻ കൊടുക്കും, പിന്നെ കച്ചവട ലാഭം ലക്ഷ്യമിട്ട് ലഹരിയിൽ അഡിക്ടാക്കും. വാസ്തവത്തിൽ അതൊരു വീശുവല വിരിക്കലും ചാക്കിട്ടുപിടിത്തവും ഒക്കെയാണ്. ഇതൊന്നും മനസ്സിലാവാതെ ഇവനാണ് എനിക്കേറ്റവും സുഖം തരുന്നവൻ എന്ന നിർവൃതിയിൽ മതിമറന്ന് കുട്ടികളും.
കാൻസർ പോലുള്ള രോഗങ്ങൾക്ക് കൊടുക്കുന്ന വേദന സംഹാരികളും ലഹരിക്കായി നൽകുന്നുണ്ട്. മയക്കുമരുന്നിന്റെ അതിപ്രസരം സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുമ്പോൾ പ്രത്യേകിച്ച് ഭാവിയുടെ വാഗ്ദാനമായ യുവത്വങ്ങൾ മയക്കത്തിലാണ്ടും വീണും കൊണ്ടിരിക്കുന്നു.
ലഹരിയുടെ പിടിത്തത്തിൽ നിന്ന് എങ്ങനെ കുട്ടികളെ രക്ഷപ്പെടുത്താം? അവരുടെ പ്രായം പരിഗണിച്ച് വളരെ ആസൂത്രിതമായ ഒരു വഴിയാണ് അതിന് വേണ്ടത്. മയക്കുമരുന്നിന്റെ പിടിയിലായിപ്പോയ കുട്ടികളെ നല്ല രൂപത്തിൽ ഇടപെട്ട് സംസാരിച്ച് വശത്താക്കുക എന്ന രീതിയല്ലാതെ മറ്റൊന്നും മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കിൽ സാധ്യമല്ല. കാരണം ഈ സമയം ദേഷ്യപ്പെട്ടോ മറ്റെന്തെങ്കിലും വിധത്തിൽ മാറ്റിയെടുക്കാൻ ശ്രമിച്ചാൽ നെഗറ്റിവായിരിക്കും ഫലം. വഴി തെറ്റിയെന്ന് പറഞ്ഞ് മാറ്റി നിർത്താതെ മിടുക്കനാകും, എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ചേർത്തുപിടിക്കുക. രക്ഷിതാക്കൾ എപ്പോഴും കുട്ടികളുമായി ബന്ധം വെച്ചു പുലർത്തണം. മികച്ച കുടുംബാന്തരീക്ഷത്തിൽ ജനിച്ചു വളർന്ന കുട്ടികൾ ഏത് വെല്ലുവിളികളെയും നേരിടാൻ പ്രാപ്തരാകും.
അതായത് അവരെ വഴിതെറ്റിക്കുക അസാധ്യം. എന്നാൽ കുടുംബ പ്രശ്‌നങ്ങളുടെ നടുവിൽ ജനിച്ചു വളർന്ന കുട്ടികൾ സമാധാനത്തിന്റെ ഇടം തേടുന്നത് ലഹരിയിലാവും. കണ്ടെത്തലുകളിൽ നിന്ന് മനസ്സിലായത് മുതിർന്ന കുട്ടികളിലൂടെ വഴി തെറ്റിയ എത്രയോ കുട്ടികളുണ്ടെന്നാണ്. ഐഡന്റിറ്റി പ്രൂവ് ചെയ്യാനുള്ള ഹീറോയിസം കാണിക്കാൻ വേണ്ടി വരെ മയക്കുമരുന്നിന് അടിപ്പെട്ടുപോയവരുണ്ട്. 12 വയസ്സ് വരെ രക്ഷിതാക്കൾ പറയും പോലെയും അത് കഴിഞ്ഞാൽ പുറംലോകത്തെ കാഴ്ചകളിലൂടെയുമാണവർ നീങ്ങുന്നത്. അതുകൊണ്ട് പ്രായത്തിനനുസരിച്ച് ബോധവൽക്കരണം കൊടുക്കണം.
ഒപ്പം കുട്ടികളുടെ വിഷയത്തിൽ അധ്യാപകർക്ക് മുഖ്യമായ റോളുണ്ട്. കുട്ടികളുടെ ശീലങ്ങളിൽ മാറ്റം വന്നാൽ അവർക്ക് പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും. ഞാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന ചോദ്യത്തിൽ നിന്ന് കുട്ടികൾ തുടങ്ങണം. 
അത്ര കണ്ട് പരിവർത്തനം വരുത്താൻ രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ കഴിയണം. ഗുരുക്കന്മാരെ യും രക്ഷിതാക്കളെയും റോൾ മോഡലാക്കിയ എത്രയോ പേരെ നമുക്കറിയാം.
എനിക്ക് നന്നായി പഠിക്കണം, ജോലി വാങ്ങണം, പഴയ അവസ്ഥയിലേക്ക് തിരിച്ചുപോകണം എന്നൊക്കെ ആഗ്രഹിക്കുന്ന തരത്തിൽ അവരെ മാറ്റിയെടുക്കണം. 
ലഹരിയിൽ മുഴുകിയ കുട്ടികൾക്ക് അത് കിട്ടാതെ ജീവിക്കാൻ പറ്റുന്നില്ല എന്ന് വരെ വാർത്തകൾ വന്നു. അതുകൊണ്ട് തന്നെ മികച്ച സമൂഹത്തെ വാർത്തെടുക്കാൻ പുതുതലമുറയെ കാര്യമായി തന്നെ സ്ഫുടം ചെയ്യണം. എല്ലാവരും ഒത്തുപിടിച്ചാൽ പ്രശ്‌നപരിഹാരം സാധ്യമെന്ന് മനസ്സിലാക്കണം. 
കുട്ടികൾ ലഹരി ഉപയോഗിക്കുന്നത് രക്ഷിതാക്കൾക്ക് കണ്ടെത്താൻ കഴിയാതെ പോകുന്നത് ഏറ്റവും വലിയ അപകടമാണ്. ആയതിനാൽ ഒരു വൻ നീരിക്ഷണ വലയം ആവശ്യമാണ്. ലഹരി വസ്തുക്കളെപ്പറ്റി പറയുമ്പോൾ കഞ്ചാവ് മാത്രമല്ല, മദ്യം, പുകവലി, എം.ഡി.എം.കെ ഒക്കെയും സർവ സാധാരണമായിക്കഴിഞ്ഞു. ഇതൊന്നും കൂടാതെ ക്യൂട്ടെക്‌സ് പെയിന്റ് വൈറ്റ്‌നർ, പെട്രോൾ ഒക്കെയും ലഹരിക്കായി ഉപയോഗിക്കുന്നു. യുവ തലമുറയെയാണ് നമുക്കാവശ്യം. അതുകൊണ്ട് ബോധ്യപ്പെടുത്തലുകളിലൂടെ രക്ഷപ്പെടുത്തുകയെന്ന ഉത്തരവാദിത്തവും നമുക്കുണ്ട്.
എന്റെ ജീവിതം എത്ര പെട്ടെന്നാ ഇങ്ങനെ ആയത് എന്ന ചോദ്യം മുൾമുനയിൽ നിർത്തി അവരെക്കൊണ്ട് തന്നെ പറയിപ്പിക്കണം.
കൗമാരപ്രായത്തിൽ കൂട്ടുകാർക്കൊപ്പമിരുന്ന് ഉപയോഗിച്ച നൊസ്റ്റാൾജിക് ഓർമകൾ പൊറുതിമുട്ടിക്കുമ്പോൾ അവിടം തേടിപ്പോയ സംഭവങ്ങൾ വരെ ഉണ്ട്. ഇവരൊക്കെയാണ് കഞ്ചാവിൽ നിന്ന് എം.ഡി.എം.കെ സ്റ്റാമ്പ്, ഹാഷിഷിൽ വരെ എത്തിയത്. 

Latest News