സ്വപ്‌നങ്ങൾക്ക് കൂച്ചുവിലങ്ങിടരുതേ...

കോവിഡ് കാലത്തിന് തൊട്ട് മുൻപ് യൂറോപ്പിലേക്ക് നടത്തിയ ഒരു യാത്രക്കിടയിൽ പാരീസിലെ വഴിയോരത്ത് ഇന്ത്യക്കാരെന്ന് തോന്നിക്കുന്ന ഏതാനും ചെറുപ്പക്കാരെ കണ്ടുമുട്ടിയതോർക്കുന്നു. ഉത്തരേന്ത്യക്കാരായ അവരെ അടുത്ത് പരിചയപ്പെട്ടപ്പോൾ അവർ പഠിക്കുന്ന കാമ്പസിനെ കുറിച്ചും അവിടെ പഠിക്കാനാനവസരം കൈവന്നതിനെക്കുറിച്ചും ആരാഞ്ഞു. ഐഫൽ സ്‌കോളർഷിപ്പ് നേടിയാണ് അവർ ആ മികച്ച കലാലയത്തിൽ പഠിക്കാനെത്തിയത് എന്നറിഞ്ഞപ്പോൾ ഏറെ അഭിമാനം തോന്നി. 
ഇളംതലമുറയെ വിദ്യ നൽകി വിജയികളാക്കാൻ സർക്കാരിന്റെയും കലാശാലകളുടെയും സന്നദ്ധ സംഘടനകളുടെയും ഉദാരമതികളുടെയും സഹായത്തോടെ ഇന്ന് പലതരം സ്‌കോളർഷിപ്പുകളും ധനസഹായങ്ങളും ലഭ്യമാണ്. പലരും അത്തരം സഹായങ്ങൾ ഉപയോഗപ്പെടുത്തി പഠിച്ച് മുന്നേറി ഉന്നത പദവികളിലെത്തി സമൂഹത്തെ സേവിക്കുന്നുണ്ട്.
കാലനുസൃതമായ ഉന്നത വിദ്യാഭ്യാസം നൽകി ആത്മവിശ്വാസവും ശുഭചിന്തകളും കാരുണ്യത്തിന്റെ നനവാർന്ന കർമങ്ങളും കൊണ്ട് ജീവിത പാതയിൽ ശോഭിക്കുന്ന മിടുക്കരായി ചെറുപ്പക്കാരെ വളർത്തിയെടുക്കുകയെന്ന ഉദാത്ത ലക്ഷ്യത്തോടെയാണ് വിവിധ വ്യക്തികളും സന്നദ്ധ സംഘടനകളും ധനസഹായങ്ങൾ നൽകി വരുന്നത്. ഇത്തരം ധനസഹായങ്ങളും സ്‌കോളർഷിപ്പുകളും ഏറെ വിലമതിക്കപ്പെടേണ്ടത് തന്നെയാണ്.
പല കാരണങ്ങൾ കൊണ്ടും സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് അവരുടെ ഭക്ഷണത്തിനും വസ്ത്രത്തിനും പഠനോപകരണങ്ങൾക്കും ആവശ്യമായ വരുമാനം ലഭ്യമല്ല. അത്തരം കുട്ടികളെ വിദ്യ നൽകി വളർത്തിക്കൊണ്ടുവരാനും അവരുടെ പട്ടിണിയും പരിവട്ടവും ഇല്ലാതാക്കാനും മുന്നിട്ടിറങ്ങേണ്ടത് പരിഷ്‌കൃത സമൂഹത്തിലെ ഉത്തരവാദപ്പെട്ടവരുടെ ബാധ്യത കൂടിയാണ്. ദേശ ദേശാന്തര തലത്തിൽ മികവിന്റെ അടിസ്ഥാനത്തിൽ ഉന്നത പഠനത്തിന് സഹായമേകുന്ന നിരവധി സ്‌കോളർഷിപ്പുകൾ നിലവിലുണ്ട്. 
താൽപര്യമുള്ള വിദ്യാർത്ഥികൾ കാലേക്കൂട്ടി അവ നേടിയെടുക്കാനാവശ്യമായ ഒരുക്കങ്ങൾ നടത്തുന്നതും ഒതുക്കം നേടുന്നതും നന്നായിരിക്കും. അത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കുട്ടികളിൽ താൽപര്യം ജനിപ്പിക്കാനും വഴികാട്ടാനും രക്ഷിതാക്കളും അധ്യാപകരും ആ മേഖലകളിൽ പ്രത്യേക അഭിരുചിയുള്ളവരും പഠിതാക്കളെ സഹായിക്കേണ്ടതുണ്ട്. 
നാട്ടിലെയും വിദേശത്തെയും മികവുറ്റ സർവകലാശാലകളിൽ പഠിക്കാൻ പ്രതിഭാശാലികൾക്ക് ധാരാളം അവസരങ്ങൾ ഉണ്ട്. സാമ്പത്തികമായി പിന്നോക്കമായിപ്പോയെന്ന ഒറ്റ കാരണത്താൽ അത്തരം ആഗ്രഹങ്ങൾ ആരും പാടെ ഉപേക്ഷിക്കേണ്ടതില്ല. നിരന്തരമായ അന്വേഷണത്തിലൂടെയും പരിശ്രമത്തിലൂടെയും തിളക്കമാർന്ന അവസരങ്ങൾ കണ്ടെത്തി പ്രയോജനപ്പെടുത്താനുള്ള നിശ്ചയദാർഢ്യവും ആത്മവിശ്വാസവും വളർത്തിയെടുക്കുകയാണ് വിദ്യാർത്ഥികൾ
ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്. വിവിധ തലങ്ങളിൽ പഠന മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ തിരിച്ചറിഞ്ഞ് പ്രസ്തുത അവസരങ്ങൾ പ്രയോജനപ്പെടുത്തി മുന്നേറാൻ അവർക്ക് മാർഗനിർദേശം നൽകുന്നതിൽ അധ്യാപകർക്ക് ചെറുതല്ലാത്ത ബാധ്യതയുണ്ട്. വിവിധ രാജ്യങ്ങളുടെ എംബസികളുടെ സൈറ്റിൽ പ്രവേശിച്ചും ലോകോത്തര സർവകലാശാലകളുടെ സൈറ്റുകൾ സന്ദർശിച്ചും വൈവിധ്യമാർന്ന സ്‌കോളർഷിപ്പുകളെക്കുറിച്ചുള്ള വിശദവിവരങ്ങൾ ശേഖരിക്കാവുന്നതും ആധികാരികത ഉറപ്പ് വരുത്താവുന്നതുമാണ്.

Latest News