കേരളീയ വേഷത്തിൽ അണിഞ്ഞൊരുങ്ങിയെത്തിയ എഴുന്നൂറോളം നഴ്‌സുമാരാണ് ഓണാഘോഷത്തിന്റെ മുമ്പിൽ നിന്നത്. നഴ്‌സിംഗ് മേഖലയിൽ നിന്നു പുറത്തുള്ളവർ ഇവർക്ക് കൊട്ടും കുരവയുമായി പിന്തുണ നൽകി.
ജിദ്ദ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഇന്ത്യൻ നഴ്‌സുമാരും പാരാമെഡിക്കൽ സ്റ്റാഫുമടങ്ങുന്ന ആയിരത്തോളം പേരുടെ കൂട്ടായ്മയായ മിത്രാസ്, കേരളത്തിന്റെ ദേശീയാഘോഷത്തെ വരവേൽക്കാൻ ഒത്തുകൂടിയത് വർണശബളമായ ദൃശ്യവിരുന്നായി മാറി. നാട്ടിൽ ഓണം കഴിഞ്ഞെങ്കിലും പ്രവാസ ലോകത്തിപ്പോഴും ആഘോഷത്തിന്റെ ലഹരിയൊടുങ്ങിയിട്ടില്ല. ഇതാദ്യമായാണ് യൂനിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ ചരിത്രത്തിൽ ഇന്ത്യൻ നഴ്‌സുമാരുടെ ആദ്യത്തെ ഓണ സംഗമത്തിന് മിത്രാസ് തുടക്കം കുറിച്ചത്. മലയാളികളിൽ മാത്രം ഒത്തുങ്ങാതെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കൂടി പങ്കെടുത്ത ഓണാഘോഷം ഒരു ദേശീയ ഉത്സവമാക്കി മാറ്റി മിത്രാസ് ഗ്രൂപ്പിലെ നഴ്‌സുമാരും അവരുടെ കുടുംബവും.
കേരളീയ വേഷത്തിൽ അണിഞ്ഞൊരുങ്ങിയെത്തിയ എഴുന്നൂറോളം നഴ്‌സുമാരാണ് ഓണാഘോഷത്തിന്റെ മുമ്പിൽ നിന്നത്.
നഴ്‌സിംഗ് മേഖലയിൽ നിന്നു പുറത്തുള്ളവർ ഇവർക്ക് കൊട്ടും കുരവയുമായി പിന്തുണ നൽകി. ആഘോഷത്തിന്റെ ഉദ്ഘാടന കർമം മലയാളം ന്യൂസ് എഡിറ്റർ മുസാഫിർ നിർവഹിച്ചു. സബീന റഷീദ് സ്വാഗതവും ജെയ്‌സൺ നന്ദിയും പറഞ്ഞു.
ഷൈനി ജോൺ, അനീസ് വിൻസെന്റ്, ശാന്തി ഫെർണാണ്ടസ് എന്നിവർ പരിപാടികൾക്ക് ആശംസകൾ അർപ്പിച്ചു. താലപ്പൊലി, പുലികളി, ചെണ്ടമേളം തുടങ്ങിവയുടെ അകമ്പടിയോട് കുടിയാണ് മാവേലിയെ വരവേറ്റത്. സിജി കുറുങ്ങാട്ട് മാവേലിയുടെ വേഷം ഗംഭീരമാക്കി. കേരളത്തിന്റെ തനത് കലാരൂപങ്ങളായ മോഹിനിയാട്ടം, തിരുവാതിര, നാടൻ പാട്ട്, ഒപ്പന, വടംവലി തുടങ്ങി വിവിധ ഇനം കലാകായിക പരിപാടികളാണ് അരങ്ങേറിയത്. മിത്രാസ് എന്ന ആശയം മുന്നോട്ട് വെക്കുകയും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്ത നഴ്‌സിംഗ് ഏരിയ മാനേജർ സബീന റഷീദിനെ ഗ്രൂപ്പ് അംഗങ്ങൾ പൊന്നാട അണിയിച്ച് ആദരിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായി. ഈ കൂട്ടായ്മക്ക് മിത്രാസ് എന്ന പേര് നിർദേശിച്ച ലീന അജിക്ക് ബെസ്റ്റ് നെയിം അവാർഡ് സമ്മാനിച്ചു.
മിത്രാസ് ഗ്രൂപ്പിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഫ്‌സൽ, ബെറ്റ്‌സി, ഡെയ്‌സി, ദീപ, എൽദോ, ഫാസിൽ, ജെയ്‌സൺ, ജിയ, ലയ, ലീന, മിനിമോൾ, നിഥിൻ, പ്രവീണ, രമ്യ, സിനു, സിന്ധു, ഷീന, ഷിംല തുടങ്ങിയവരാണ് രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെ നീണ്ടുനിന്ന പരിപാടികൾക്ക് നേതൃത്വം വഹിച്ചത്.






