ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം മാതൃകമ്പനിയായ മെറ്റയുമായി ബന്ധപ്പെട്ട് ഇന്ത്യൻ വാർത്ത വെബ് സൈറ്റായ ദ വയർ പ്രസിദ്ധീകരിച്ച നാല് അന്വേഷണാത്മക റിപ്പോർട്ടുകൾ തൽക്കാലം പിൻവലിച്ചു. ഇൻസ്റ്റഗ്രാമിൽ ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതാവിന് സവിശേഷാധികാരം ലഭിച്ചുവെന്ന് തെളിയിക്കുന്നതായിരുന്നു റിപ്പാർട്ടുകൾ.
ആരോപണങ്ങൾ നിഷേധിച്ച മെറ്റ വെബ് സൈറ്റ് തെളിവായി നൽകിയ രേഖകൾ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് റിപ്പോർട്ടുകൾ തൽക്കാലം പിൻവലിച്ചിരിക്കുന്നത്. എല്ലാ രേഖകളുടേയും ആഭ്യന്തര പരിശോധനക്കു വേണ്ടിയാണ് തൽക്കാലം റിപ്പോർട്ട് പിൻവലിക്കുന്നതെന്ന് ദ വയർ വ്യക്തമാക്കി.പരിശോധനകൾ പൂർത്തിയാക്കുന്നതുവരെ പൊതുജനങ്ങൾ വായിക്കുന്നതിൽനിന്ന് റിപ്പോർട്ടുകൾ മാറ്റുകയാണെന്ന് വാർത്ത വെബ് സൈറ്റ് പ്രസ്താവനയിൽ പറഞ്ഞു. ബി.ജെ.പി അംഗത്തിന് പ്രിവിലേജ് ലഭിച്ചുവെന്ന വാദം തെളിയിക്കാൻ മെറ്റയിൽനിന്നുള്ള ആഭ്യന്തര ഇ--മെയിലുകളും രേഖകളുമാണ് വയർ പ്രസിദ്ധീകരിച്ചിരുന്നത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയതെന്ന് ആരോപിക്കപ്പെടുന്ന റിപ്പോർട്ടുകളാണ് വിവാദമായത്. ദ വയർ പ്രസിദ്ധീകരിച്ച ആഭ്യന്തര ഇ മെയിൽ വ്യാജമാണെന്ന് മെറ്റ ചീഫ് ഇൻഫർമേഷൻ സുരക്ഷ ഉദ്യോഗസ്ഥൻ ഗൈ റോസൻ പറഞ്ഞു.
ഉള്ളടക്കം നീക്കം ചെയ്യണമെന്ന ആവശ്യങ്ങളിൽ ഉടൻ നടപടികൾ സ്വീകരിക്കുന്നതിനും വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും വിലക്ക് ഏർപ്പെടുത്തുന്നതിനും കേന്ദ്ര സർക്കാർ സമൂഹ മാധ്യമ വെബ് സൈറ്റുകളിൽ സമ്മർദം തുടരുകയാണ്. ഉള്ളടക്കം ബ്ലോക്ക് ചെയ്യുന്നതിന് സർക്കാർ അനാവശ്യ ഉത്തരവുകൾ നൽകുകയാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ കഴിഞ്ഞ ജൂലൈയിൽ കർണാടക ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിമയിൽ ഒരാൾ പൂജ നടത്തുന്ന ആക്ഷേപഹാസ്യ പോസ്റ്റ് ഇൻസ്റ്റഗ്രാം നീക്കിയതിനെ കുറിച്ചായിരുന്നു വയർ പിൻവലിച്ച റിപ്പോർട്ടികളിലൊന്ന്. അശ്ലീല, ലൈംഗിക ഉള്ളടക്കം സംബന്ധിച്ച മാർഗനിർദേശങ്ങൾക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇൻസ്റ്റഗ്രാം നീക്കിയത്. വിവാദത്തിനു പിറകെ മെറ്റ ഈ പോസ്റ്റ് പുനഃസ്ഥാപിച്ചതായി ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോക്താവ് അറിയിച്ചു.






