വനിതാ ടാക്സി നിയമാവലി പൊതുഗതാഗത അതോറിറ്റി പുറത്തുവിട്ടു
റിയാദ്- പ്രായപൂർത്തിയായ ഒരു വനിത പോലുമില്ലാതെ പുരുഷ യാത്രക്കാർക്ക് മാത്രം വനിതാ ടാക്സികൾ സർവീസ് നടത്തുന്നത് കണ്ടെത്തിയാൽ അയ്യായിരം റിയാൽ പിഴ ചുമത്തും. പൊതുഗതാഗത അതോറിറ്റി തയാറാക്കിയ, വനിതാ ടാക്സി സേവനം ക്രമീകരിക്കുന്ന നിയമാവലിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിൽ ജൂൺ 24 മുതൽ വനിതകൾക്കുള്ള ഡ്രൈവിംഗ് അനുമതി പ്രാബല്യത്തിൽ വരും. ഇതോടൊപ്പം ടാക്സികൾ ഓടിക്കുന്നതിനും വനിതകൾക്ക് അവകാശമുണ്ടാകും. ഇത്തരം ടാക്സികളിൽ പ്രായപൂർത്തിയായ ഒരു വനിത പോലുമില്ലാതെ പുരുഷ യാത്രക്കാരെ കയറ്റുന്നത് 5,000 റിയാൽ പിഴ ലഭിക്കുന്ന നിയമ ലംഘനമാണ്. വനിതാ ടാക്സികളിൽ സൗദി വനിതകളല്ലാത്തവർ ഡ്രൈവർമാരായി ജോലി ചെയ്യുന്നതായി കണ്ടെത്തിയാലും ഇതേ തുക പിഴ ചുമത്തും.
സർവീസ് നടത്താൻ അനുമതി ലഭിച്ച അതേ നഗരത്തിൽ മാത്രമേ സർവീസ് നടത്താൻ അനുവദിക്കൂ. ഇത് ലംഘിച്ച് മറ്റു നഗരങ്ങളിൽ സർവീസ് നടത്തിയാൽ 500 റിയാൽ പിഴ ചുമത്തും. ലൈസൻസിന് വിരുദ്ധമായ മേഖലയിൽ വനിതാ ടാക്സികൾ പ്രവർത്തിപ്പിച്ചാൽ 3,000 റിയാലാണ് പിഴ. മുൻവശത്ത് ഡ്രൈവർക്കു സമീപമുള്ള സീറ്റിൽ പുരുഷന്മാരെയോ ആൺകുട്ടികളെയോ ഇരുത്തി സർവീസ് നടത്തിയാൽ 2,000 റിയാലും പിഴ ലഭിക്കും. പുരുഷന്മാരെയോ ആൺകുട്ടികളെയോ മാത്രം കയറ്റുന്ന വനിതാ ടാക്സികൾക്ക് 5,000 റിയാൽ പിഴ ലഭിക്കും.
യാത്രക്കാരുടെ കൂട്ടത്തിൽ പ്രായപൂർത്തിയായ വനിത ഇല്ലാതിരിക്കൽ, യാത്രക്കാരിൽ പെട്ട പുരുഷന്മാരോ ആൺകുട്ടികളോ മുൻവശത്തെ സീറ്റിൽ ഇരിക്കൽ, എന്തെങ്കിലും ആവശ്യത്തിന് യാത്രക്കാരുടെ കൂട്ടത്തിലെ വനിതകൾ ഇറങ്ങിപ്പോയ ശേഷം പുരുഷ യാത്രക്കാരോ ആൺകുട്ടികളോ മാത്രം ടാക്സിയിൽ അവശേഷിക്കൽ എന്നീ മൂന്നു സാഹചര്യങ്ങളിൽ ടാക്സി സേവനം നൽകാനോ സേവനം തുടരാനോ പാടില്ല എന്ന് നിയമാവലി വ്യക്തമാക്കുന്നു. വനിതാ ടാക്സി ഡ്രൈവർമാർ സൗദി വനിതകളായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇവർ കാലാവധിയുള്ള ഉമൂമി ലൈസൻസ് ലഭിച്ചവരായിരിക്കണം. ഡ്രൈവർമാർ പകർച്ചവ്യാധികളിൽ നിന്ന് മുക്തരായവരും ലഹരി വസ്തുക്കൾ ഉപയോഗിക്കാത്തവരും ആയിരിക്കണം. കൂടാതെ മുമ്പ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ ആയിരിക്കാനും പാടില്ല.
വനിതാ ടാക്സികളായി പ്രവർത്തിപ്പിക്കുന്ന കാറുകളിലെ സീറ്റുകളുടെ എണ്ണം ഏഴിൽ കുറവാകാൻ പാടില്ല എന്ന് വ്യവസ്ഥയുണ്ട്. കൂടാതെ കാറുകളുടെ പഴക്കം അഞ്ചു വർഷത്തിൽ കൂടുതലാകാനും പാടില്ല. ഓരോ ടാക്സിയിലും ട്രാക്കിംഗ് ഉപകരണവും പോയിന്റ് ഓഫ് സെയിൽ ഉപകരണം വഴി നിരക്ക് അടക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കണം.