ന്യൂദല്‍ഹി- ഗുരുഗ്രാമിലെ സ്കൂളില്‍ ഏഴുവയസ്സുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് അഞ്ച് വര്‍ഷത്തിനുശേഷം സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 2017 ലായിരുന്നു കേസിനാസ്പദമായ കൊലപാതകം.
കുട്ടിക്കുറ്റവാളിയെ പ്രായപൂര്‍ത്തിയായവരെ പോലെ തന്നെ വിചാരണ ചെയ്യാമെന്ന് തിങ്കളാഴ്ച ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് (ജെ.ജെ.ബി) വിധിച്ചിരുന്നു.
കേസിന്റെ വിചാരണ ഒക്ടോബര്‍ 31 ന് ആരംഭിക്കും. ഗുരുഗ്രാമിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളില്‍ എഴു വയസ്സുകാരനെയാണ് കൊലപ്പെടുത്തിയത്.
കൊലപാതകക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പ്രായപൂര്‍ത്തിയായ നിലയില്‍ വിചാരണ ചെയ്യണമെന്ന് കഴിഞ്ഞ നാലിന് സി.ബി.ഐ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
ജുവനൈല്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രതിയുടെ മാനസിക നില നിര്‍ണ്ണയിക്കാന്‍ നാല് മണിക്കൂറിലധികം പ്രത്യേകം വിലയിരുത്തല്‍ നടത്തി.
2017 സെപ്തംബര്‍ എട്ടിന് സ്വകാര്യ സ്കൂളിലെ ടോയ്ലറ്റില് കഴുത്ത് മുറിഞ്ഞ നിലയിലാണ് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. കേസ് പിന്നീട് സിബിഐക്ക് കൈമാറി. ഇതേ സ്കൂളിലെ 12 ക്ലാസ് വിദ്യാര്‍ത്ഥിയെ പിടികൂടുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ 16 വയസ്സുണ്ടായിരുന്ന പ്രതിക്ക് ഈ വര്‍ഷം ഏപ്രില്‍ മൂന്നിന് 21 വയസ്സ് തികഞ്ഞു.






